ബാലഭാസ്‌കറിന്റെ മരണം വീണ്ടും അന്വേഷിക്കാൻ സിബിഐ

Oct 9, 2026 - 12:19
 0  1
ബാലഭാസ്‌കറിന്റെ മരണം വീണ്ടും അന്വേഷിക്കാൻ സിബിഐ

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിൽ തുടരന്വേഷണം നടത്താൻ സിബിഐക്ക് നിർദേശം നൽകി കോടതി. നേരത്തേ രണ്ടുതവണ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നെങ്കിലും, സിബിഐയുടെ കണ്ടെത്തലുകളെ ചോദ്യം ചെയ്ത് കുടുംബം നൽകിയ ഹർജിയിലാണ് വീണ്ടും അന്വേഷണത്തിന് ഉത്തരവിട്ടത്. ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥർ അന്വേഷണത്തിന് നേതൃത്വം നൽകണമെന്നും കോടതി നിർദേശിച്ചു.

ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് മാതാപിതാക്കൾ ഉന്നയിച്ച സംശയങ്ങളും വിശദമായി പരിശോധിക്കണം. ജസ്റ്റിസ് ഗിരീഷ് അധ്യക്ഷനായ ബെഞ്ചാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. അപകടത്തിന്റെ സാഹചര്യങ്ങളും മരണവുമായി ബന്ധപ്പെട്ട മറ്റ് സംശയങ്ങളും വീണ്ടും പരിശോധിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.

2018-ലാണ് വാഹനാപകടത്തിൽ ബാലഭാസ്‌കറും മകൾ തേജസ്വിനി ബാലയും മരിച്ചത്. അപകടം നടന്നതിനു പിന്നാലെ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണങ്ങൾ ഉയർന്നിരുന്നു. തുടർന്ന് നടത്തിയ സിബിഐ അന്വേഷണത്തിൽ അപകടം സ്വാഭാവികമാണെന്നും ഗൂഢാലോചന നടന്നതിന് തെളിവില്ലെന്നും കണ്ടെത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു.

എന്നാൽ സിബിഐയുടെ കണ്ടെത്തലുകളിൽ തൃപ്തരാകാത്ത കുടുംബം വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു.