പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ച: കസ്റ്റഡിയില്‍നിന്ന് മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി നീലം ആസാദ് കോടതിയില്‍

പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ച: കസ്റ്റഡിയില്‍നിന്ന് മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി നീലം ആസാദ് കോടതിയില്‍

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ അതിക്രമിച്ചു കയറിയ കേസിലെ പ്രതി നീലം ആസാദ് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. തന്നെ റിമാൻഡ് ചെയ്ത വിചാരണക്കോടതിയുടെ ഡിസംബര്‍ 21-ലെ വിധിയുടെ നിയമസാധുത ചോദ്യം ചെയ്താണ് നീലം ആസാദ് കോടതിയിലെത്തിയത്.

റിമാൻഡ് നടപടിക്കിടെ അഭിഭാഷകരുമായി കൂട്ടിക്കാഴ്ച നടത്താൻ അനുവദിച്ചില്ലെന്നാണ് അവരുടെ വാദം.

തന്റെ താല്‍പര്യമനുസരിച്ച്‌ അഭിഭാഷകനെ തെരഞ്ഞെടുക്കാൻ ഡല്‍ഹി പൊലീസ് അവസരം നല്‍കിയില്ല. കോടതിയിലെത്തിയപ്പോഴാണ് ഡല്‍ഹി ലീഗല്‍ സര്‍വീസ് അതോറിറ്റിയിലെ ഒരു അഭിഭാഷകയാണ് തനിക്കുവേണ്ടി ഹാജരാകുന്നത് എന്നറിഞ്ഞത്. ഇക്കാര്യത്തില്‍ തന്റെയും കൂട്ടുപ്രതികളുടെയും താല്‍പര്യം പരിഗണിച്ചില്ലെന്നും നീലം ആസാദ് ഹരജിയില്‍ പറയുന്നു.

സ്വന്തം താല്‍പര്യമനുസരിച്ച്‌ അഭിഭാഷകനെ തിരഞ്ഞെടുക്കാനുള്ള അവകാശം നിഷേധിക്കുന്നത് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 22 (1) ന്റെ ലംഘനമാണെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. പാര്‍ലമെന്റില്‍ അതിക്രമിച്ചു കയറിയതിന് ഡിസംബര്‍ 13-നാണ് നീലം ആസാദിനെയും മറ്റു മൂന്നുപേരെയും ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്.