'അമ്മ'യില്‍ കൂട്ടരാജി; മോഹന്‍ലാല്‍ ഉള്‍പ്പടെ എല്ലാവരും സ്ഥാനം ഒഴിഞ്ഞു; ഭരണസമിതി പിരിച്ചുവിട്ടു
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്നതിന് പിന്നാലെ വനിതാ താരങ്ങള്‍ നടത്തിയ തുറന്നുപറച്ചിലില്‍ ഉലഞ്ഞ് താരസംഘടനയായ അമ്മ.
റിപ്പോര്‍ട്ടിന് പിന്നാലെയുണ്ടായ വെളിപ്പെടുത്തലുകളെ തുടര്‍ന്ന് സംവിധായകന്‍ രഞ്ജിത് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനവും നടന്‍ സിദ്ദിഖ് താരസംഘടനയായ 'അമ്മ' ജനറല്‍ സെക്രട്ടറി സ്ഥാനവും രാജിവച്ചിരുന്നു. ജനറല്‍ സെക്രട്ടറിയുടെ പകരം ചുമതല ജോയിന്റ് സെക്രട്ടറി ബാബുരാജിനായിരുന്നു. എന്നാല്‍ ബാബുരാജിനെതിരെയും ആരോപണം ഉയര്‍ന്നു. ഇതിനിടെ പുതിയ ജനറല്‍ സെക്രട്ടറിയെ തീരുമാനിക്കുന്നതിനായി നിശ്ചയിച്ച ഭാരവാഹി യോഗം അനിശ്ചിതമായി നീട്ടിവയ്ക്കുകയും ചെയ്തിരുന്നു
'ഹേമ കമ്മറ്റി റിപ്പോര്‍ട്ടുപുറത്തുവന്നതിനെ തുടര്‍ന്ന് സാമൂഹ്യ, ദൃശ്യ,അച്ചടി മാധ്യമങ്ങളില്‍ അമ്മ സംഘടനയിലെ ചില ഭാരവാഹികള്‍ ലൈംഗികാരോപണങ്ങള്‍ നേരിടുന്ന പശ്ചാത്തലത്തില്‍ അമ്മയുടെ നിലവിലുള്ള ഭരണസമിതി അതിന്റെ ധാര്‍മികമായ ഉത്തരവാദിത്വം മുന്‍നിര്‍ത്തി രാജിവയ്ക്കുന്നു. രണ്ട് മാസത്തിനുള്ളില്‍ പൊതുയോഗം കൂടി പുതിയ ഭാരവാഹികളെ തീരുമാനിക്കും. അമ്മ ഒന്നാം തീയതി നല്‍കുന്ന കൈനീട്ടവും ആരോഗ്യ ചികിത്സയ്ക്ക് നല്‍കിപ്പോരുന്ന സഹായവും അമ്മയുടെ സമാദരണീയരായ അംഗങ്ങള്‍ക്ക് തടസ്സം കൂടാതെ ലഭ്യമാക്കാനും പൊതുയോഗം വരെ ഓഫീസ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും നിലവിലുള്ള ഭരണസമിതി താത്കാലികമായി തുടരും. അമ്മയെ നവീകരിക്കാനും ശക്തിപ്പെടുത്താനും കെല്‍പ്പുള്ള പുതിയ നേതൃത്വം അമ്മയ്ക്ക് ഉണ്ടാകുമെന്ന ശുഭപ്രതീക്ഷയിലാണ് ഞങ്ങള്‍. എല്ലാവര്‍ക്കും നന്ദി വിമര്‍ശിച്ചിതിനും തിരുത്തിയതിനും- അമ്മയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു
സിനിമാ മേഖലയിലെ സ്ത്രീകള്‍ ഉന്നയിച്ച പരാതികളും വെളിപ്പെടുത്തലുകളും അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയ പൊലീസിന്റെ പ്രത്യേക അന്വേഷണസംഘം യോഗം ചേര്‍ന്നു. ലോക്കല്‍ പൊലീസ് സ്റ്റേഷനില്‍ റജിസ്റ്റര്‍ ചെയ്യുന്ന കേസുകള്‍ പ്രത്യേക സംഘത്തിന് കൈമാറാന്‍ യോഗത്തില്‍ തീരുമാനമായി. പ്രധാനപ്പെട്ട എല്ലാ കേസുകളും മുതിര്‍ന്ന വനിതാ ഓഫിസര്‍മാരുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും. അന്വേഷണ സംഘത്തില്‍ കൂടുതല്‍ വനിതാ ഓഫിസര്‍മാരെ ഉള്‍പ്പെടുത്തി.
സംസ്ഥാന പോലീസ് മേധാവി ഡോ. എസ് ദര്‍വേഷ് സാഹിബ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു. പ്രത്യേക അന്വേഷണ സംഘത്തിലെ ഓഫിസര്‍മാരെ കൂടാതെ മുതിര്‍ന്ന ഐപിഎസ് ഓഫിസര്‍മാരും യോഗത്തില്‍ പങ്കെടുത്തു. സിനിമാ മേഖലയിലെ വനിതകള്‍ ഉന്നയിച്ച പരാതികളും വെളിപ്പെടുത്തലുകളും സംഘം അന്വേഷിക്കുമെന്നു മുഖ്യമന്ത്രിയുടെ ഓഫിസ് നേരത്തെ അറിയിച്ചിരുന്നു.