സെക്യൂരിറ്റി ജീവനക്കാർക്ക് തൊഴിലുടമ ഇരിപ്പിടവും കുടയും ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ നല്‍കണമെന്ന് സര്‍ക്കാര്‍

സംസ്ഥാനത്ത് സെക്യൂരിറ്റി ജീവനക്കാര്‍ക്ക് തൊഴിലുടമ ഇരിപ്പിടം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ നല്‍കണമെന്ന് തൊഴില്‍ വകുപ്പ്. വേനല്‍ക്കാലം ആരംഭിച്ചതിന് പിന്നാലെ തൊഴിലാളികളുടെ തൊഴില്‍ സമയത്തില്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരുന്നു. ഇതിന് പിന്നാലെയാണ് മണിക്കൂറുകളോളം വെയിലത്ത് നില്‍ക്കേണ്ടി വരുന്ന സെക്യൂരിറ്റി ജീവനക്കാര്‍ക്ക് മതിയായ സൗകര്യങ്ങള്‍ ഉറപ്പാക്കാന്‍ തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി കര്‍ശന നിര്‍ദ്ദേശം നല്‍കിയത്.
ഇരിപ്പിടം, പ്രതികൂല കാലാവസ്ഥ പ്രതിരോധിക്കാന്‍ കുട, കുടി വെള്ളം എന്നിവ നല്‍കണമെന്നാണ് മന്ത്രിയുടെ നിര്‍ദ്ദേശം. ജില്ല ലേബര്‍ ഓഫീസര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. തൊഴില്‍ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത തൊഴിലുടമകള്‍ക്കെതിരെ നടപടി സ്വീകരിക്കാനും മന്ത്രി വി ശിവന്‍കുട്ടി നിര്‍ദ്ദേശം നല്‍കി.
സംസ്ഥാനത്തെ പ്രധാന പാതയോരങ്ങളോട് ചേര്‍ന്നുള്ള ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന സെക്യൂരിറ്റി ജീവനക്കാര്‍ പല അവസരങ്ങളിലും തങ്ങളുടെ സ്ഥാപനത്തിലേക്ക് യാത്രക്കാരായ കസ്റ്റമേഴ്സിനെ എത്തിക്കുന്നതിനായി മണിക്കുറുകളോളം വെയിലത്ത് നിന്ന് ജോലി ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് ഇരിപ്പിടം അടക്കമുള്ള അടിസ്ഥാനസൗകര്യങ്ങള്‍ ഉറപ്പുവരുത്തുന്നതിന് തൊഴില്‍ വകുപ്പ് സര്‍ക്കുലര്‍ ഇറക്കിയത്.