തമിഴ്‌നാട് നിയമസഭയിൽ കരുത്തുകാട്ടി വിജയ്; വിശ്വാസ വോട്ടെടുപ്പിൽ ടിവികെയ്ക്ക് വമ്പൻ ജയം
ചെന്നൈ: തമിഴ്‌നാട്ടിൽ മുഖ്യമന്ത്രി സി.ജോസഫ് വിജയ്‌യുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം സർക്കാർ വിശ്വാസവോട്ട് നേടി. നിയമസഭയിൽ നടന്ന വിശ്വാസവോട്ടെടുപ്പിൽ 144 വോട്ടുകൾ നേടി വിജയ് സർക്കാർ ഭൂരിപക്ഷം തെളിയിച്ചു. കോൺഗ്രസ്, സി.പി.ഐ (എം), വി.സി.കെ, മുസ്ലിം ലീഗ് എന്നീ കക്ഷികളുടെ പിന്തുണയോടെയാണ് ടി.വി.കെ സർക്കാർ അധികാരം നിലനിർത്തിയത്. സർക്കാർ രൂപീകരണത്തിന് പിന്നാലെ ഭൂരിപക്ഷം തെളിയിക്കാൻ ഗവർണർ നൽകിയ സമയപരിധി അവസാനിക്കാനിരിക്കെയാണ് ഇന്ന് വിശ്വാസ വോട്ടെടുപ്പ് നടന്നത്.
വിശ്വാസവോട്ടെടുപ്പിൽ 144 എംഎൽഎമാർ വിജയ്‌യെ പിന്തുണച്ചപ്പോൾ, 22 പേർ എതിർത്തു, അഞ്ച് പേർ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. കോൺഗ്രസിന്റെ 5 എംഎൽഎമാരും സിപിഐ (എം), വിസികെ, ഐയുഎംഎൽ എന്നീ പാർട്ടികളിലെ രണ്ട് വീതം എംഎൽഎമാരും വിജയ്‌ക്ക് അനുകൂലമായി വോട്ട് ചെയ്തു. കൂടാതെ, എഎംഎംകെയിൽ നിന്ന് പുറത്താക്കപ്പെട്ട എസ്.കാമരാജ് എംഎൽഎയും സർക്കാരിനെ പിന്തുണച്ചു. വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കണമെന്ന പാർട്ടി നേതൃത്വത്തിന്റെ കർശന നിർദേശം മറികടന്ന് 25 എഐഎഡിഎംകെ എംഎൽഎമാർ വിജയ് സർക്കാരിന് അനുകൂലമായി വോട്ട് ചെയ്തു.
മുഖ്യപ്രതിപക്ഷമായ ഡിഎംകെ വോട്ടെടുപ്പ് ബഹിഷ്‌കരിച്ച് സഭയിൽ നിന്ന് ഇറങ്ങിപ്പോയി. ഡിഎംകെയുടെ 59 എംഎൽഎമാരാണ് സഭ വിട്ടത്. വിജയ് സർക്കാരിന് ജനവിധിയില്ലെന്നും സഖ്യകക്ഷികളെ കൂട്ടുപിടിച്ചാണ് ഭരണം നടത്തുന്നതെന്നും പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ ആരോപിച്ചു.
മേയ് 4-ന് തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ ടിവികെയ്ക്ക് ഭൂരിപക്ഷം ലഭിക്കാത്തതിനാലാണ് വിശ്വാസവോട്ടെടുപ്പ് ആവശ്യമായി വന്നത്. തിരഞ്ഞെടുപ്പിൽ 234-ൽ 108 സീറ്റുകൾ നേടി വിജയ്‌യുടെ പാർട്ടി മികച്ച മുന്നേറ്റം നടത്തിയെങ്കിലും കേവല ഭൂരിപക്ഷത്തിന് 10 സീറ്റുകൾ കുറവായിരുന്നു. ഇതിനുപിന്നാലെ കോൺഗ്രസിന്റെ (5 സീറ്റുകൾ) പിന്തുണ ടിവികെ ഉറപ്പാക്കി. നാല് ദിവസം നീണ്ട ചർച്ചകൾക്കും അനിശ്ചിതത്വങ്ങൾക്കും ഒടുവിൽ ഇടത് മുന്നണി, വിടുതലൈ ചിരുതൈകൾ കച്ചി, ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് എന്നിവരിൽ നിന്നായി എട്ട് സീറ്റുകളുടെ പിന്തുണ കൂടി ടിവികെയ്ക്ക് ലഭിച്ചു.
വിശ്വാസ വോട്ടെടുപ്പിലെ വിജയത്തിന് ശേഷം സംസാരിച്ച വിജയ്, ഇതൊരു ചരിത്ര നിമിഷമാണെന്ന് വിശേഷിപ്പിച്ചു. ന്യൂനപക്ഷങ്ങളുടെയും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും അവകാശങ്ങൾ സംരക്ഷിക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി.