യു എസ് വ്യോമസേനയില്‍ മേജറായി മലയാളി വനിത

യു എസ്  വ്യോമസേനയില്‍ മേജറായി മലയാളി വനിത
പി പി ചെറിയാൻ 
ബാർക്സ്ഡെയ്ല്‍ (ലൂസിയാന):  അമേരിക്കൻ വ്യോമസേനയില്‍ മലയാളികള്‍ക്ക് അഭിമാന നേട്ടവുമായി മേജർ പദവിയിലെത്തി തിരുവല്ല സ്വദേശി .അഭിഭാഷകയായ സിബില്‍ രാജനാണ് ബാർക്സ്ഡെയ്ല്‍ എട്ടാം വ്യോമസേന ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ മേജർ പദവി ഏറ്റെടുത്തത്. കേണല്‍ ജോഷ്വാ യോനോവ് ചടങ്ങില്‍ പങ്കെടുത്തു.

അമേരിക്കൻ വ്യോമസേന ഇതാദ്യമായിട്ടാണ് മലയാളി വനിത മേജറായി സ്ഥാനമേല്‍ക്കുന്നത്.സത്യപ്രതിജ്ഞാ ചടങ്ങില്‍ നിരവധി സുഹൃത്തുക്കളോടൊപ്പം ഡാളസില്‍ നിന്നും മാതാപിതാക്കളായ തിരുവല്ല കല്ലുങ്കല്‍, തേക്കില്‍ തുണ്ടിയില്‍ തോമസ് രാജനും അനു രാജനും പങ്കെടുത്തു.

എട്ടാം വ്യോമസേന ബേസ് ഹെഡ് ക്വാർട്ടേഴില്‍ ചീഫ് ഓഫ് ജനറല്‍ ലോ ആൻഡ് എത്തിക്സില്‍ കമാൻഡർക്കും സ്റ്റാഫിനും നിയമോപദേശം നല്‍കുന്നതാണ് സിബില്‍ രാജന്‍റെ പ്രധാന ഉത്തരവാദിത്വം. എട്ടാം ലീഗല്‍ ഓഫിസില്‍ ചേരുന്നതിനു മുൻപ് സിബില്‍ രാജൻ ബാർക്ക്സ്ഡയില്‍ എയർഫോർസ്‌സ് ബേസില്‍ ഏരിയാ ഡിഫൻസ് കൗണ്‍സിലറായും ടെക്സസ് സുപ്രീം കോടതിയില്‍ അഭിഭാഷകയായും പ്രവർത്തിച്ചിട്ടുണ്ട്.ഭർത്താവ് മൈക്കള്‍ ഹാൻസ് . സഹോദരൻ സിറില്‍, സഹോദരി ഷെറില്‍.