തൃശൂർ പൂരത്തിന് വിളംബരമായി

Apr 25, 2026 - 12:12
 0  3
തൃശൂർ പൂരത്തിന് വിളംബരമായി

തൃശൂർ:  തൃശൂരിൽ പൂരലഹരിക്ക് ഔദ്യോഗിക തുടക്കമായി, തൃശൂർ പൂരത്തിന് വിളംബരമായി. കുറ്റൂർ നെയ്തലക്കാവ് ഭഗവതി പൂരത്തിൻ്റെ തലേദിവസം വടക്കുന്നാഥ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിയെത്തി തെക്കേഗോപുരം വഴി പുറത്തിറങ്ങുന്ന ചരിത്രപ്രസിദ്ധമായ ചടങ്ങോടെയാണ് വിശ്വപ്രസിദ്ധമായ പൂരത്തിന് വിളംബരം ചെയ്യുന്നത്.

പതിവുപോലെ ഇത്തവണയും പേരു കേട്ട കൊമ്പൻ എറണാകുളം ശിവകുമാറാണ് നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റിയത്. ഓരോ വർഷവും പൂരത്തിൻ്റെ ഈ വിളംബരം കാണാനായി രാജ്യാന്തര തലത്തിൽ നിന്നുപോലും ആളുകൾ എത്താറുണ്ട്. തൃശൂർ പൂരമെന്നത് കേവലമൊരു ഉത്സവത്തിനപ്പുറം ഏവരും ഒന്നിക്കുന്ന സാംസ്കാരിക സമാഗമമായതുകൊണ്ടുതന്നെ വിളംബരച്ചടങ്ങ് കാണാൻ വലിയ തോതിലുള്ള ആൾക്കൂട്ടമാണ് നഗരത്തിൽ തടിച്ചുകൂടിയത്.

രാവിലെ നെയ്തലക്കാവ് ക്ഷേത്രത്തിൽ നിന്നാണ് ഭഗവതിയുടെ എഴുന്നള്ളിപ്പ് ആരംഭിച്ചത്. നൂറുകണക്കിന് പൂരപ്രേമികളുടെ അകമ്പടിയോടെ ഉച്ചയോടെയാണ് സംഘം നഗരത്തിൽ എത്തിയത്. തുടർന്ന് വർണാഭമായ സ്വീകരണങ്ങളേറ്റുവാങ്ങി മണികണ്ഠനാലിലെത്തി. ഇവിടെനിന്ന് മേളത്തിൻ്റെ അകമ്പടിയോടെയാണ് സംഘം ശ്രീമൂല സ്ഥാനത്തേക്ക് നീങ്ങിയത്. പ്രശസ്ത വാദ്യകലാകാരൻ കിഴക്കൂട്ട് അനിയൻ മാരാരുടെ നേതൃത്വത്തിലായിരുന്നു ആവേശഭരിതമായ പാണ്ടിമേളം അരങ്ങേറിയത്.

പൂരപ്രേമികളെ ആവേശത്തിലാഴ്ത്തിയ മേളത്തിന് ശേഷം ഭഗവതിയുടെ എഴുന്നള്ളിപ്പ് വടക്കുന്നാഥ ക്ഷേത്രത്തിൽ പ്രവേശിച്ച് പ്രദക്ഷിണം വച്ചു. ഇതിന് ശേഷമാണ് തെക്കേഗോപുര വാതിൽ വഴി പുറത്തിറങ്ങി പൂരം വിളംബരം ചെയ്യുന്ന സുപ്രധാന ചടങ്ങ് നടന്നത്