സ്പെയിൻ–മൊറോക്കോ അതിർത്തിയിൽ വൻ കുടിയേറ്റ പ്രതിസന്ധി; 18 പേർ മരിച്ചു
പ്രസാദ് തീയാടിക്കൽ
സ്യൂട്ട (സ്പെയിൻ): മൊറോക്കോയും സ്പെയിനിന്റെ സ്വയംഭരണ പ്രദേശമായ സ്യൂട്ട (Ceuta)യും തമ്മിലുള്ള അതിർത്തിയിൽ വൻ കുടിയേറ്റ പ്രതിസന്ധി. യൂറോപ്പിലേക്ക് കടക്കാനായി ആയിരക്കണക്കിന് കുടിയേറ്റക്കാർ അതിർത്തി തകർത്തുകയറാൻ ശ്രമിച്ചതിനെ തുടർന്ന് ഉണ്ടായ ദുരന്തത്തിൽ കുറഞ്ഞത് 18 പേർ മരിച്ചു.
മരിച്ചവരിൽ പലരും കടലിൽ മുങ്ങിമരിച്ചതായും, ചിലർ ടരാജാൽ (Tarajal) കടൽത്തീരത്തെ ബ്രേക്ക്‌വാട്ടർ വേലി കടക്കുന്നതിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് മരിച്ചതെന്നും അധികൃതർ അറിയിച്ചു.
സംഭവത്തെ തുടർന്ന് സ്യൂട്ടയിൽ ആയിരക്കണക്കിന് കുടിയേറ്റക്കാർ കുടുങ്ങിക്കിടക്കുകയാണ്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള നിരവധി പേർ പാർക്കുകളിലും തെരുവുകളിലും രാത്രി ചെലവഴിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. പ്രദേശത്ത് സ്ഥിതി അതീവ ഗുരുതരമാണെന്ന് സ്പാനിഷ് സിവിൽ ഗാർഡ് പ്രതിനിധികൾ വ്യക്തമാക്കി.
തൊഴിലവസരങ്ങളുടെ അഭാവവും സാമ്പത്തിക പ്രതിസന്ധിയും മൂലമാണ് യൂറോപ്പിലെത്താൻ നിരവധി മൊറോക്കൻ യുവാക്കൾ ജീവൻ പണയം വെച്ച് കടൽമാർഗം യാത്ര ചെയ്യുന്നതെന്ന് കുടിയേറ്റക്കാർ പറയുന്നു.
സംഭവത്തെ തുടർന്ന് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് സ്യൂട്ട സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തുമെന്ന് അറിയിച്ചിട്ടുണ്ട്. അതേസമയം, ഫ്രാൻസും സ്പെയിനുമായുള്ള അതിർത്തി പരിശോധന ശക്തമാക്കുമെന്ന് ഫ്രഞ്ച് ആഭ്യന്തര മന്ത്രി അറിയിച്ചു.
ഇതിനിടെ, സ്പെയിനിന്റെ മറ്റൊരു വടക്കേ ആഫ്രിക്കൻ പ്രദേശമായ മെലില്ല (Melilla)യിലേക്കും കുടിയേറ്റക്കാർ കടക്കാൻ ശ്രമിച്ചതോടെ അവിടെയും സംഘർഷാവസ്ഥ രൂപപ്പെട്ടു. മൊറോക്കൻ സുരക്ഷാസേനയുമായി ഏറ്റുമുട്ടലും വാഹനങ്ങൾ കത്തിച്ച സംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
സ്യൂട്ടയിലെ കുടിയേറ്റ കേന്ദ്രങ്ങൾ ഇതിനകം നിറഞ്ഞുകവിഞ്ഞ സാഹചര്യത്തിൽ കൂടുതൽ സുരക്ഷാസേനയെയും സൈന്യത്തെയും വിന്യസിക്കണമെന്ന് പ്രാദേശിക ഭരണകൂടം മാഡ്രിഡിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്.
യൂറോപ്പിലേക്ക് പ്രവേശിക്കാനുള്ള പ്രധാന കവാടങ്ങളിലൊന്നായ സ്യൂട്ടയും മെലില്ലയും വഴി വർഷങ്ങളായി ആയിരക്കണക്കിന് കുടിയേറ്റക്കാർ അപകടകരമായ യാത്രകൾ നടത്തിവരുന്നുണ്ട്. 2022-ലും മെലില്ല അതിർത്തിയിൽ നടന്ന സമാന ദുരന്തത്തിൽ നിരവധി പേർ മരിച്ചിരുന്നു.