രാഷ്ട്രീയ നാടകങ്ങള്‍ക്കിടെ പട്ടാള നിയമം പിൻവലിച്ച്‌ ദക്ഷിണ കൊറിയ

Dec 4, 2024 - 08:38
 0  19
രാഷ്ട്രീയ നാടകങ്ങള്‍ക്കിടെ പട്ടാള നിയമം പിൻവലിച്ച്‌ ദക്ഷിണ കൊറിയ

സിയൂള്‍: സംഘർഷഭരിതമായ നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ ഇന്നലെ രാത്രി പ്രഖ്യാപിച്ച പട്ടാളനിയമം മണിക്കൂറുകള്‍ക്കകം പിൻവലിച്ച്‌ ദക്ഷിണ കൊറിയ.

 ഭരണത്തിനെതിരെ നാഷണല്‍ അസംബ്ലിയിലടക്കം വൻ പ്രതിഷേധമുണ്ടായതിന് പിന്നാലെ നിയമം പിൻവലിച്ച്‌ പ്രസിഡന്റ് യൂണ്‍ സോക് യോല്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തുകയായിരുന്നു. പ്രതിപക്ഷത്തിന് ഉത്തര കൊറിയയുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് പ്രസിഡന്റ്  രാജ്യത്ത് അടിയന്തര പട്ടാള ഭരണമേർപ്പെടുത്തിയത്.

 ചൊവ്വ രാത്രി വൈകി ദേശീയ ടെലിവിഷനിലൂടെയാണ് രാജ്യത്ത് പട്ടാളനിയമം നടപ്പാക്കുന്നതായി പ്രഖ്യാപിച്ചത്. പട്ടാളനിയമ പ്രഖ്യാപനത്തിനു പിന്നാലെ രാത്രി സൈന്യം പാർലമെന്റ് വളഞ്ഞിരുന്നു.എന്നാല്‍ ജനമൊന്നാകെ തെരുവിലിറങ്ങിയ വൻ പ്രതിഷേപ്രകടനങ്ങള്‍ക്കാണ് പിന്നീട് രാജ്യം സാക്ഷ്യം വഹിച്ചത്. അസംബ്ലിയിലും പ്രതിഷേധം അലയടിച്ചു. പാർലമെന്റംഗങ്ങള്‍ എല്ലാവരും തന്നെ നിയമത്തില്‍ എതിർപ്പറിയിച്ചതിന് പിന്നാലെ നിയമം പ്രഖ്യാപിച്ച്‌ കൃത്യം ആറ് മണിക്കൂറുകള്‍ക്ക് ശേഷം പ്രസിഡന്റ് പ്രഖ്യാപനം പിൻവലിച്ചു. സൈനിക ഭരണം നിരസിച്ച്‌ പാർലമെന്റ് അംഗങ്ങള്‍ വോട്ട് ചെയ്തതിനു പിന്നാലെ സൈനികരെ സർക്കാർ പിൻവലിച്ചെന്നും പട്ടാളനിയമം പിൻവലിക്കുകയാണെന്നും പ്രസിഡന്റ് അറിയിച്ചു. 

നിയമം പുറപ്പെടുവിച്ചതോടെ പ്രതിപക്ഷവും ഭരണപക്ഷവും പ്രസിഡന്റിനെതിരെ രംഗത്തുവന്നിരുന്നു. 

 സ്പീക്കർ വൂ വോൻഷിക് നാഷണല്‍ അസംബ്ലിയിലെത്തി പട്ടാളനിയമം സംബന്ധിച്ച്‌ സഭയില്‍ വോട്ടെടുപ്പ് നടത്തി. 300 അംഗ സഭയില്‍ ഭരണപ്രതിപക്ഷ അംഗങ്ങളടക്കം 190പേരും പട്ടാളനിയമം പിൻവലിക്കണമെന്ന പ്രമേയത്തെ അനുകൂലിച്ചു. ബജറ്റിനെച്ചൊല്ലി പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാർടി ശക്തമായ പ്രതിഷേധം തുടരുന്നതും പ്രസിഡന്റിനെ പ്രതിസന്ധിയിലാക്കി. ഏപ്രിലില്‍ നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പില്‍ 300ല്‍ 192 സീറ്റും ഡെമോക്രാറ്റിക് പാർടി നേടിയിരുന്നു. സ്വന്തം പീപ്പിള്‍സ് പവർ പാർടിയെപോലും അറിയിക്കാതെയായിരുന്നു പ്രസിഡന്റിന്റെ പട്ടാളനിയമ പ്രഖ്യാപനം.  

ഉത്തര കൊറിയയോട് അനുഭാവം പുലർത്തുന്ന പ്രതിപക്ഷം പാർലമെന്റ് നിയന്ത്രിക്കുന്നുവെന്നും ദേശദ്രോഹ നടപടികളിലൂടെ സർക്കാരിനെ തളർത്തുന്നുവെന്നും ആരോപിച്ചായിരുന്നു നടപടി.

 ദക്ഷിണ കൊറിയയില്‍ നാല്പ്പത് വർഷത്തിനിടെയുണ്ടായ പട്ടാള ഭരണ പ്രഖ്യാപനമായിരുന്നു ഇന്നലെ ഇന്ത്യൻ സമയം അർധരാത്രിയോടെ ഉണ്ടായത്. രാജ്യത്തിന്റെ ജനാധിപത്യവും സ്ഥിരതയുമൊക്കെ ഉത്തര കൊറിയയുമായി ചേർന്ന് പ്രതിപക്ഷം നശിപ്പിക്കുന്നു എന്നായിരുന്നു ഭരണപക്ഷത്തിന്റെ ആരോപണം. ഉത്തരകൊറിയയുമായി ചേർന്ന് സമാന്തര സർക്കാർ ഉണ്ടാക്കി പ്രതിപക്ഷം ഭരണം അട്ടിമറിക്കാൻ ശ്രമിക്കുന്നു എന്നും ഇതിനായി രാജ്യവിരുദ്ധ പ്രവർത്തനങ്ങള്‍ സംഘടിപ്പിക്കുന്നു എന്നും യൂൻ ആരോപിച്ചിരുന്നു. 

ഏറെ നാളായി ദക്ഷിണ കൊറിയയില്‍ നിലനില്‍ക്കുന്ന ഭരണ-പ്രതിപക്ഷ അസ്വാരസ്യങ്ങളുടെ ആകത്തുകയാണ് നിലവിലെ സംഭവങ്ങളെന്നാണ് വിലയിരുത്തപ്പെടുന്നത്.