ചാറ്റ് ജി.പി.ടിയും ഡീപ്‌സീക്കും ഔദ്യോഗിക ആവശ്യങ്ങൾക്ക് ഉപയോഗിക്കരുതെന്ന് ധനമന്ത്രാലയം

Feb 5, 2025 - 11:59
 0  17

ന്യൂഡൽഹി: ചാറ്റ് ജി.പി.ടി, ഡീപ്‌സീക്ക് എന്നിവയുൾപ്പെടെയുള്ള എ.ഐ ടൂളുകൾ ഔദ്യോഗിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് ഇന്ത്യൻ ധനമന്ത്രാലയം. സർക്കാർ രേഖകളുടെയും ഡാറ്റയുടെയും രഹസ്യസ്വഭാവത്തിന് ഉയർത്തുന്ന വെല്ലുവിളികൾ ചൂണ്ടിക്കാട്ടിയാണ് നിർദേശം. ഡാറ്റാ സുരക്ഷക്ക് അപകടസാധ്യതകൾ ചൂണ്ടിക്കാട്ടി ഓസ്‌ട്രേലിയ, ഇറ്റലി തുടങ്ങിയ രാജ്യങ്ങൾ ഡീപ്‌സീക്കിന്‍റെ ഉപയോഗത്തിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

“ഓഫിസ് കമ്പ്യൂട്ടറുകളിലും ഉപകരണങ്ങളിലുമുള്ള ചാറ്റ് ജി.പി.ടി, ഡീപ്സീക്ക് മുതലായ എ.ഐ ടൂളുകളും എ.ഐ ആപ്പുകളും സർക്കാർ രേഖകളുടെയും ഡാറ്റയുടെയും രഹസ്യസ്വഭാവത്തിന് അപകടസാധ്യതകൾ ഉളവാക്കുന്നതായി കണ്ടെത്തി” – എന്ന് ജനുവരി 29ലെ ഇന്ത്യൻ ധനമന്ത്രാലയത്തിന്‍റെ പ്രസ്താവനയിൽ പറയുന്നതായി റോയിറ്റേസ് റിപ്പോർട്ട് ചെയ്യുന്നു.

 അതേസമയം, ചാറ്റ് ജി.ടി.പി നിർമാതാക്കളായ ഓപ്പൺ എ.ഐയുടെ മേധാവി സാം ആൾട്ട്മാൻ ഇന്ന് ഇന്ത്യയിൽ എത്തി. പ്രധാനമന്ത്രിയുമായും ഐ.ടി മന്ത്രിയുമായും അദ്ദേഹം കൂടിക്കാഴ്‌ച നടത്തുമെന്നാണ് റിപ്പോർട്ട്.

ജനുവരി അവസാനത്തോടെയാണ് ചൈനീസ് എ.ഐ കമ്പനിയായ ഡീപ്സീക്കിന്റെ എ.ഐ മോഡലുകളും ചാറ്റ്ബോട്ട് ആപ്പുകളും വൈറലായത്. എന്നാൽ, ദിവസങ്ങൾക്ക് ശേഷം ചൈനീസ് സ്റ്റാർട്ടപ്പിന്റെ എ.ഐ സാങ്കേതികവിദ്യയുടെ ഉപയോഗം ചില രാജ്യങ്ങളും കമ്പനികളും നിരോധിച്ചതായാണ് പുറത്തുവരുന്ന വിവരം.