തീപിടിത്തത്തെ തുടർന്ന് അടച്ചിട്ട ലണ്ടനിലെ ഹീത്രോ വിമാനത്താവളം തുറന്നു

തീപിടിത്തത്തെ തുടർന്ന് 18 മണിക്കൂർ അടച്ചിട്ട ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തിലെ വിമാന സർവീസുകൾ വെള്ളിയാഴ്ച വൈകി പുനരാരംഭിച്ചു. യൂറോപ്പിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളത്തിലെ വൈദ്യുതി വിതരണം തീപിടുത്തത്തെ തുടർന്ന് നിലച്ചിരുന്നു. ഇതേതുടർന്ന് പതിനായിരക്കണക്കിന് യാത്രക്കാർ കുടുങ്ങി, ലോകമെമ്പാടും യാത്രാ പ്രതിസന്ധി സൃഷ്ടിച്ചു.
വ്യാഴാഴ്ച രാത്രിയിൽ അടുത്തുള്ള ഒരു സബ്‌സ്റ്റേഷനിൽ ഉണ്ടായ വൻ തീപിടുത്തത്തെത്തുടർന്ന് പൂർണ്ണമായും അടച്ചുപൂട്ടേണ്ടി വന്നിരുന്നു. വിമാനത്താവളം വീണ്ടും തുറക്കാൻ തങ്ങളുടെ ടീം അക്ഷീണം പ്രയത്നിച്ചതായും യാത്രക്കാരോട് അകന്നു നിൽക്കാൻ പറഞ്ഞതായും വിമാനത്താവള അധികൃതർ പറഞ്ഞു.
പ്രവർത്തനം പുനരാരംഭിച്ച ശേഷം, വെള്ളിയാഴ്ച സൂര്യാസ്തമയത്തിന് തൊട്ടുമുമ്പ് ആദ്യ വിമാനം ലാൻഡ് ചെയ്തു. ശനിയാഴ്ച വിമാനത്താവളം പൂർണ്ണ തോതിൽ പ്രവർത്തനക്ഷമമാകുമെന്ന് പ്രതീക്ഷിക്കുന്നു.