ചൂടിൽ വെന്തുരുകി കേരളം; 5 ജില്ലകളിൽ ഓറഞ്ച് അലേർട്ട്
സംസ്ഥാനത്ത് ഉഷ്ണതരംഗം കടുക്കുന്ന സാഹചര്യത്തിൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ‘ഓറഞ്ച് അലേർട്ട്’ പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്. പത്തനംതിട്ടയിലെ കോന്നിയിലാണ് സംസ്ഥാനത്ത് ഏറ്റവും ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തിയത്. ഇവിടെ യുവി ഇൻഡക്സ് ഒമ്പത് രേഖപ്പെടുത്തിയപ്പോൾ കൊട്ടാരക്കര, ചെങ്ങന്നൂർ, ചങ്ങനാശ്ശേരി, മൂന്നാർ എന്നിവിടങ്ങളിൽ ഇത് എട്ട് ആണ്. എറണാകുളം, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
പകൽ 10 മണി മുതൽ 3 മണി വരെയുള്ള സമയത്താണ് സൂര്യരശ്മികൾക്ക് തീവ്രത ഏറ്റവും കൂടുതൽ അനുഭവപ്പെടുന്നത്. ഈ സമയങ്ങളിൽ തുടർച്ചയായി വെയിൽ ഏൽക്കുന്നത് സൂര്യാതപം, വിവിധ തരം ത്വക്ക് രോഗങ്ങൾ, നേത്രരോഗങ്ങൾ എന്നിവയ്ക്ക് കാരണമാകും. അതിനാൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിക്കുന്നു.
പാലക്കാട് തൃത്താല, എറണാകുളം കളമശ്ശേരി, മലപ്പുറം പൊന്നാനി, വയനാട് മാനന്തവാടി തുടങ്ങിയ ഇടങ്ങളിലും ഉയർന്ന യുവി ഇൻഡക്സ് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്