അയോധ്യ പ്രാണപ്രതിഷ്ഠാച്ചടങ്ങിലേക്ക് ക്ഷണം ലഭിച്ചെന്ന് നിത്യാനന്ദ

അയോധ്യ പ്രാണപ്രതിഷ്ഠാച്ചടങ്ങിലേക്ക് ക്ഷണം ലഭിച്ചെന്ന് നിത്യാനന്ദ

ന്യൂഡല്‍ഹി: അയോധ്യ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാച്ചടങ്ങിലേക്ക് തനിക്ക് ഔപചാരികമായ ക്ഷണമുണ്ടെന്ന് അവകാശപ്പെട്ട് സ്വയം പ്രഖ്യാപിത ആള്‍ദൈവവും ബലാത്സംഗക്കേസിലെ പിടികിട്ടാപ്പുള്ളിയുമായ നിത്യാനന്ദ.

ചടങ്ങില്‍ താന്‍ പങ്കെടുക്കുമെന്നും നിത്യാനന്ദ അറിയിച്ചു. തന്റെ സ്വയം പ്രഖ്യാപിത രാഷ്ട്രമായ കൈലാസത്തിലെ ഹിന്ദുമഹാചാര്യനായ നിത്യാനന്ദ എന്ന എക്‌സ് അക്കൗണ്ടിലൂടെയാണ് ചടങ്ങിലേക്ക് ഔദ്യോഗിക ക്ഷണം ലഭിച്ചതായി അദ്ദേഹം അവകാശപ്പെട്ടിരിക്കുന്നത്.

'ചരിത്രപ്രധാനവും അനന്യസാധാരണവുമായ ചടങ്ങ് ഒരിക്കലും പാഴാക്കരുത്! സാമ്ബ്രദായികമായ പ്രാണപ്രതിഷ്ഠയിലൂടെ ക്ഷേത്രത്തിലെ പ്രധാന ആരാധനാമൂര്‍ത്തിയിലേക്ക് രാമഭഗവാനെ യഥാവിധി ആവാഹിക്കും, ലോകത്തെ അനുഗ്രഹിക്കാന്‍ ശ്രീരാമന്‍ ഭൂമിയിലിറങ്ങും. ഔപചാരികമായ ക്ഷണം ലഭിച്ചതിനാല്‍ സ്വയം പ്രഖ്യാപിത രാഷ്ട്രമായ കൈലാസത്തിലെ ഹിന്ദുമഹാചാര്യനായ നിത്യാനന്ദ പരമശിവം ഈ മഹത്തായ ചടങ്ങില്‍ പങ്കെടുക്കുന്നതാണ്', കുറിപ്പില്‍ പറയുന്നു.

പ്രതിഷ്ഠാദിനത്തില്‍ രാമക്ഷേത്രത്തിലെ പരിപാടികളുടെ പട്ടികയും പരിപാടികള്‍ കാണാന്‍ നിത്യാനന്ദ ടിവിയുടെ യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാനും കുറിപ്പില്‍ പറയുന്നുണ്ട്.

2010-ലാണ് നിത്യാനന്ദയുടെ ഡ്രൈവര്‍ ആള്‍ദൈവത്തിനെതിരെ ബലാത്സംഗക്കേസ് ഫയല്‍ ചെയ്തത്. തുടര്‍ന്ന് നിത്യാനന്ദ അറസ്റ്റിലുമായി. പിന്നീട് ജാമ്യത്തില്‍ പുറത്തിറങ്ങിയ നിത്യാനന്ദ രാജ്യത്തുനിന്ന് പലായനം ചെയ്തതായി ഇതേ ഡ്രൈവര്‍ അവകാശപ്പെട്ടിരുന്നു.