ഗ്ലോബൽ മലയാളി ഫെസ്റ്റിവലിന്  കൊച്ചി  ക്രൗൺ പ്ലാസയിൽ പുതുവത്സരാഘോഷങ്ങളോടെ  തുടക്കമായി  

Jan 2, 2026 - 07:58
 0  21
ഗ്ലോബൽ മലയാളി ഫെസ്റ്റിവലിന്  കൊച്ചി  ക്രൗൺ പ്ലാസയിൽ പുതുവത്സരാഘോഷങ്ങളോടെ  തുടക്കമായി  

  ഗ്ലോബൽ മലയാളി ഫെസ്റ്റിവലിന്റെ സ്മരണിക പ്രകാശനം :  അബ്ദുല്ല മഞ്ചേരി (മാനേജിംഗ് ഡയറക്ടർ), അംബാസഡർ ശ്രീനിവാസൻ, ഡോ. അമാനുള്ള, ആൻഡ്രൂ പാപ്പച്ചൻ (സി.ഇ.ഒ.)

 
കൊച്ചി: ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളികളെ  കോർത്തിണക്കുന്ന പ്രഥമ ഗ്ലോബൽ മലയാളി ഫെസ്റ്റിവലിന് (GMF) കൊച്ചി ക്രൗൺ പ്ലാസയിൽ ആവേശകരമായ തുടക്കം. പുതുവത്സരാഘോഷങ്ങളോടൊപ്പം നടന്ന ചടങ്ങിൽ 28 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു. കർണാടക സംസ്ഥാന  എം.എൽ.സി ഡോ. ആരതി കൃഷ്ണ ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തു.


ഇന്ത്യയിലെ ഏറ്റവും പുരോഗമനപരവും വിജയപ്രദവുമായ കുടിയേറ്റ സമൂഹമാണ് മലയാളികളെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ഡോ. ആരതി കൃഷ്ണ വിശേഷിപ്പിച്ചു.  പുതിയ തലമുറയെ ആഗോള മലയാളി ശൃംഖലയുമായി ബന്ധിപ്പിക്കുന്നതിൽ ഗ്ലോബൽ മലയാളി ഫെസ്റ്റിവൽ പ്രധാന പങ്ക് വഹിക്കുമെന്ന് അവർ പ്രത്യാശ പ്രകടിപ്പിച്ചു.

 ചടങ്ങിൽ അംബാസഡർ ടി.പി. ശ്രീനിവാസൻ സ്മരണിക പ്രകാശനം ചെയ്തു.


 ചടങ്ങിൽ സംസാരിച്ച മലയാളി ഫെസ്റ്റിവൽ സി.ഇ.ഒ. ആൻഡ്രൂ പാപ്പച്ചൻ, ആദ്യ തലമുറ പ്രവാസി മലയാളികൾ അല്ലെങ്കിൽ  (എൻ.ആർ.കെ.) തമ്മിൽ തമ്മിലും  കേരളവുമായും  ശക്തമായ ബന്ധം പുലർത്തുന്നവരാണെന്നും, രണ്ടാം തലമുറയും മൂന്നാം തലമുറയും ഉൾപ്പെടുന്ന മലയാളികളെ ആഗോള തലത്തിൽ ഒന്നിപ്പിക്കുകയാണ് മലയാളി ഫെസ്റ്റിവൽ ഫെഡറേഷന്റെ ലക്ഷ്യമെന്നും പറഞ്ഞു. ഇതിലൂടെ തലമുറകളിലൂടെയുള്ള ബന്ധം നിലനിർത്തുന്ന ഒരു ആഗോള മലയാളി സമൂഹം സൃഷ്ടിക്കാനാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു .

  സി.ഇ.ഒ  ആൻഡ്രൂ പാപ്പച്ചൻ പ്രസംഗിക്കുന്നു 

മാനേജിംഗ് ഡയറക്ടർ അബ്ദുള്ള മഞ്ചേരി അതിഥികൾക്കും  പ്രതിനിധികൾക്കും ട്രസ്റ്റി ബോർഡിനും  പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ച എല്ലാ പ്രവർത്തകർക്കും   നന്ദി അറിയിച്ചു.

പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി കേക്ക് മുറിച്ചു.

 പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി  കേക്ക് മുറിക്കുന്നു- ഡോ. ആരതി കൃഷ്ണനും അംബാസഡർ ശ്രീനിവാസനും

രണ്ടാം ദിനമായ ഇന്ന്  (ജനുവരി 2) നടക്കുന്ന മുഖ്യ പരിപാടിയിൽ വ്യാപാര-നിക്ഷേപ സമ്മേളനം, കൃത്രിമ ബുദ്ധി (AI) വിഷയത്തിലുള്ള പ്രത്യേക സെഷൻ, കൂടാതെ മലയാളി ഫെസ്റ്റിവൽ ഫെഡറേഷൻ നിർദേശിക്കുന്ന പ്രധാന പദ്ധതികളായ വയനാട് എ.ഐ. പാർക്ക്, ഡാറ്റ സെന്റർ എന്നിവയെക്കുറിച്ചുള്ള പ്രഖ്യാപനങ്ങൾ എന്നിവ ഉണ്ടായിരിക്കും. കേരളത്തിന്റെ വികസനത്തിൽ ഭാവി തലമുറയെ പങ്കെടുപ്പിക്കുക എന്നതാണ് ഈ പദ്ധതികളുടെ ലക്ഷ്യം.

വിവിധ മേഖലകളിൽ ആഗോളതലത്തിൽ മുദ്രപതിപ്പിച്ച 16 പ്രമുഖ മലയാളികളെ അവരുടെ സമഗ്ര സംഭാവനകളുടെ പേരിൽ  ചടങ്ങിൽ പുരസ്കാരങ്ങൾ നൽകി ആദരിക്കും.