പ്രണയം നിരസിക്കപ്പെടുമ്പോൾ: ഡോ :മിനി നരേന്ദ്രൻ

പ്രണയം നിരസിക്കപ്പെടുമ്പോൾ:  ഡോ :മിനി നരേന്ദ്രൻ

വർക്കലയിൽ വിവാഹ ദിനത്തിൽ വധുവിന്‍റെ പിതാവ് കൊലചെയ്യപ്പെട്ടു. പ്രണയം നിരസിച്ചതാണ് ആക്രമണത്തിനു കാരണമായത്. ഏതൊരു മാതാപിതാക്കളെയും പോലെ അവരും തങ്ങളുടെ മകൾക്ക് നല്ല സ്വഭാവം ഉള്ള ഒരാൾ ആകണം ഭർത്താവായി വരേണ്ടത് എന്ന് ആഗ്രഹിച്ചതിന് ജീവൻ ബലി കൊടുക്കെണ്ടിവന്നിരിക്കുന്നു.

എന്നാല്‍ പ്രണയമെന്ന വാക്കിന്റെ ന്യായീകരണം അര്‍ഹിക്കുന്നുണ്ടോ ഈ കൊലപാതകങ്ങള്‍? ജീവനെടുക്കുന്ന മനോഭാവത്തില്‍ എവിടെയാണ് സ്നേഹവും പ്രണയവും? നിരാശയും നഷ്ടബോധവും നിയന്ത്രിക്കാനാകാത്ത മനുഷ്യര്‍ മാനസികവൈകല്യമുള്ളവരാണ്. പ്രത്യാഘാതങ്ങള്‍ ചിന്തിക്കാനാകാത്ത കുറ്റവാളികളായി മാറുന്നവരാണെങ്കില്‍ അവര്‍ സമൂഹത്തിന് ഭീഷണിയുമാണ്. ലഹരിയുടെ ഉപഭോഗവും
വലിയ വിപത്താണ് സൃഷ്ടിക്കുന്നത്.

മാനസികാരോഗ്യതലത്തില്‍ തന്നെ ഈ ക്രൂരകൃത്യങ്ങള്‍ വിലയിരുത്തപ്പെടേണ്ടതുണ്ട്. അവബോധവും ജാഗ്രതയും ആവശ്യവുമുണ്ട്. അത് വളരെ ഗൗരവത്തോടെ നിറവേറ്റേണ്ട ഒരു സാമൂഹ്യഉത്തരവാദിത്തവും കൂടിയാണ്.

പ്രണയം നിഷേധിച്ചതിന്റെ പേരില്‍ അഥവാ പുരുഷനോട് നോ എന്നു പറഞ്ഞതിന്റെ പേരില്‍ കൊല്ലപ്പെടേണ്ടവരാണോ സ്ത്രീകള്‍? ഈ ചോദ്യത്തിന് പുരുഷാധിപത്യമനോഭാവം മുതല്‍ കടുത്ത മാനസികവൈകല്യം വരെ ചേരുന്ന സങ്കീര്‍ണമായ മറുപടിയാണുള്ളത്.
തന്റേതാകുന്നില്ല, താന്‍ ആഗ്രഹിക്കുന്നത് നടക്കുന്നില്ല എന്ന നിരാശ ഉള്‍ക്കൊള്ളാന്‍ കഴിയാത്ത മനുഷ്യര്‍ മാനസികവൈകല്യങ്ങളുള്ളവരാണ്. നിരാശയും നഷ്ടബോധവും ഏറിയോ കുറഞ്ഞോ മനുഷ്യരെ ബാധിക്കും. പക്ഷേ വ്യക്തിത്വവൈകല്യങ്ങള്‍ ഉള്ളവര്‍ക്ക് ഈ നഷ്ടബോധം, നിയന്ത്രിക്കാനോ കൈകാര്യം ചെയ്യാനോ കഴിയില്ല. വ്യക്തിബന്ധങ്ങള്‍ അത് ഏതു തലത്തിലായാലും ആരോഗ്യകരമായ രീതിയിലാകണം. പരസ്പരവിശ്വാസവും ജനാധിപത്യബോധവും ഏതു ബന്ധത്തിലുമുണ്ടാകണം. സൗഹൃദമോ പ്രണയമോ തുടങ്ങാനുള്ള അതേ അവകാശം പിന്‍വാങ്ങാനുമുണ്ടെന്നത് പരസ്പരം ഉള്‍ക്കൊള്ളാനാകണം. ബന്ധങ്ങള്‍ നഷ്ടപ്പെടുന്നത് ജീവിതത്തിന്റെ അവസാനമല്ലെന്ന ആത്മവിശ്വാസവും ഓരോ വ്യക്തിക്കും ഉണ്ടാകണം. തിരസ്കരിക്കപ്പെടുമെന്ന ഭീതി താങ്ങാനാകാത്ത മാനസികസംഘര്‍ഷമായി മാറുന്നത് ആരോഗ്യകരമല്ലെന്ന് സ്വയം തിരിച്ചറിയണം. അത് ചികില്‍സിക്കണം.

സ്നേഹത്തിന്റെയോ പ്രണയത്തിന്റെയോ പേരില്‍ കൊലകള്‍ നടക്കുമ്പോള്‍ ഒരല്‍പം സഹതാപം കലര്‍ത്തി ആഘോഷിച്ച് അവസാനിപ്പിക്കുകയാണ് നമ്മുടെ പതിവ്. അത് തെറ്റാണ്. കൊന്നു തീര്‍ക്കുന്ന സ്നേഹം ഗുരുതരമായ മാനസികാരോഗ്യപ്രശ്നമാണ്. അതുള്ളവരെ തിരിച്ചറിയാനും തിരുത്താനും ചികില്‍സയെത്തിക്കാനും സമൂഹത്തിനാകെ ഉത്തരവാദിത്തമുണ്ട്. നോ എന്ന മറുപടിയെ എങ്ങനെ സമീപിക്കണമെന്നതാണ് അടിസ്ഥാന പ്രശ്നം. തിരസ്കരിക്കപ്പെടുക എന്ന അവസ്ഥ ഓരോ മനുഷ്യനിലും വ്യത്യസ്തമായ പ്രത്യാഘാതങ്ങളാണുണ്ടാക്കുക. വേദനയുണ്ടാകുന്നത് സ്വാഭാവികം. തിരസ്കാരവും നഷ്ടബോധവും ഉള്‍ക്കൊണ്ട് സാധാരണ നിലയിലേക്ക് തിരിച്ചെത്തുകയാണ് സാധാരണ വ്യക്തികളില്‍ സംഭവിക്കുക. അസാധാരണമായ പ്രതികരണങ്ങളിലേക്കെത്തുന്നത് വ്യക്തിത്വ വൈകല്യങ്ങളുള്ളവരാണ്. വ്യക്തിത്വവൈകല്യങ്ങള്‍ തിരിച്ചറിയാന്‍ സമൂഹത്തിനാകെ മാനസികാരോഗ്യത്തില്‍ അവബോധം വേണം.

വൈകല്യലക്ഷണങ്ങള്‍ ഏതൊക്കെയെന്ന് തിരിച്ചറിയാന്‍ കഴിയണം.വ്യഗ്രതയാണ് തെളിയിക്കുന്നത്. വഞ്ചിക്കപ്പെടുന്നു എന്ന സംശയരോഗവും വൈകല്യമാണ്.,വഞ്ചിക്കപ്പെട്ടാല്‍ തന്നെ, അങ്ങനെ ചെയ്യുന്ന പങ്കാളിയുടെ വ്യക്തിത്വമില്ലായ്മയാണെന്ന് തിരിച്ചറിഞ്ഞ് നിലപാടെടുക്കാനുള്ള പാകത മനസുകള്‍ക്കുണ്ടാകണം. മാത്രമല്ല, ചെറിയ പ്രകോപനങ്ങള്‍ പോലും വലിയ മാനസികസംഘര്‍ഷമുണ്ടാക്കുന്ന വ്യക്തികള്‍ക്ക് ആ നേരങ്ങളില്‍ വിദഗ്ധോപദേശത്തിനുള്ള സാഹചര്യമുണ്ടാക്കണം ആധുനികസമൂഹം. അതിനായി ടോള്‍ ഫ്രീ നമ്പറുകളും വിദഗ്ധരുടെ സേവനവും ഉറപ്പാക്കണം . മാനസികാരോഗ്യത്തിന്റെ പ്രാധാന്യം ബന്ധങ്ങളില്‍ മാത്രമമല്ല, സമൂഹത്തിന്റെ സുരക്ഷയ്ക്ക് അനിവാര്യമാണെന്ന ബോധം നമുക്കാകെയുണ്ടാകണം