അഹമ്മദാബാദ് വിമാനാപകടം: 184 പേരെ തിരിച്ചറിഞ്ഞു

ഗുജറാത്ത്: അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരിച്ചവരിൽ 184 പേരെ തിരിച്ചറിഞ്ഞതായി ഗുജറാത്ത് ആഭ്യന്തരമന്ത്രി ഹർഷ് സംഘവി അറിയിച്ചു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെയാണ് മന്ത്രി അറിയിച്ചത്. ഫോറൻസിക് സയൻസ് ലബോറട്ടറി (FSL), നാഷണൽ ഫോറൻസിക് സയൻസസ് യൂണിവേഴ്സിറ്റി (NFSU) എന്നിവിടങ്ങളിലെ ഫോറൻസിക് സംഘങ്ങളാണ് ഡിഎൻഎ പരിശോധന നടത്തുന്നത്.
നേരത്തെ, അഹമ്മദാബാദ് സിവിൽ ആശുപത്രി സൂപ്രണ്ട് രാകേഷ് ജോഷി 163 ഡിഎൻഎ സാമ്പിളുകൾ ഒത്തുനോക്കിയതായി റിപ്പോർട്ട് ചെയ്തിരുന്നു.163 പേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞതിൽ ശേഷിക്കുന്ന 39 പേരിൽ 21 പേരുടെ മൃതദേഹങ്ങൾ കുടുംബങ്ങൾക്ക് കൈമാറുമെന്നും രണ്ട് പേരുടെ മൃതദേഹങ്ങൾ കൈമാറുന്ന പ്രക്രിയയിലാണെന്നും ജോഷി പത്രസമ്മേളനത്തിൽ വിശദീകരിച്ചു.
12 ലധികം കുടുംബങ്ങൾ ഫലങ്ങൾക്കായി കാത്തിരിക്കുകയാണെന്നും ചില നിയമപരമായ പ്രശ്നങ്ങൾ കാരണം നാല് മൃതദേഹങ്ങൾ കൈമാറുന്നത് നിർത്തിവച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അപകടദിവസം പരിക്കേറ്റ 71 പേരെ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും 42 പേരെ പിന്നീട് ഡിസ്ചാർജ് ചെയ്തുവെന്നും നിലവിൽ ഒമ്പത് രോഗികളെ ഇപ്പോഴും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, രണ്ട് പേർ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനു ശേഷം മരണമടഞ്ഞു.
ജൂൺ 12 ന് സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നതിന് തൊട്ടുപിന്നാലെ ഗുജറാത്തിലെ അഹമ്മദാബാദിലെ മേഘാനി നഗർ പ്രദേശത്തുള്ള ബിജെ മെഡിക്കൽ കോളേജിന്റെ ഹോസ്റ്റൽ സമുച്ചയത്തിലേക്ക് ലണ്ടനിലേക്ക് പോകുകയായിരുന്ന എയർ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനർ തകർന്നു വീഴുകയായിരുന്നു.