ലഹരിക്കെതിരായ യുദ്ധം തുടങ്ങേണ്ടത് വീടുകളില്‍ നിന്ന്; മഹായജ്ഞത്തില്‍ നാടിന്റെ പിന്തുണ ആവശ്യമെന്ന് മുഖ്യമന്ത്രി

Apr 9, 2025 - 15:21
 0  3
ലഹരിക്കെതിരായ യുദ്ധം തുടങ്ങേണ്ടത് വീടുകളില്‍ നിന്ന്; മഹായജ്ഞത്തില്‍ നാടിന്റെ പിന്തുണ ആവശ്യമെന്ന് മുഖ്യമന്ത്രി

കേരളം ലഹരിക്കെതിരായ യുദ്ധത്തിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വരും തലമുറയെ വന്‍ വിപത്തില്‍ നിന്ന് രക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ വിപുലമായ കര്‍മ്മ പദ്ധതിക്ക് രൂപം നല്‍കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വിവിധ വകുപ്പുകള്‍ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചെയ്തുവരുന്ന പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രി വിശദീകരിച്ചു.

ലഹരിക്കെതിരെയുള്ള മഹായജ്ഞത്തില്‍ നാടിന്റെ പിന്തുണ ആവശ്യമാണ്. മയക്കു മരുന്ന് ഉപയോഗം കുടുംബ തകര്‍ച്ചയിലേക്ക് നയിക്കുകയാണ്. ആത്മഹത്യയിലേക്കും എത്തിക്കുകയാണ്. സിന്തറ്റിക് ലഹരി മരുന്ന് ഉപയോഗം കൂടുതല്‍ ഗൗരവമുള്ളതാണ്. ലഹരി വ്യാപനം തടയാന്‍ ഇന്നും ഉന്നത തല യോഗം ചേര്‍ന്നു. വിപുലമായ കര്‍മ്മ പദ്ധതിക്ക് രൂപം നല്‍കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ആക്ഷന്‍ പ്ലാന്‍ ഉണ്ടാക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഈ വരുന്ന 17ന് സര്‍വകക്ഷി യോഗം ചേരും. അതിന് മുന്നോടിയായി 16ന് മതമേലധ്യക്ഷന്‍മാരുടെ യോഗം ചേരും. സംസ്ഥാനത്ത് ഓപ്പറേഷന്‍ ഡി ഹണ്ട് ശക്തമാക്കും. 2025 മാര്‍ച്ച് 31 വരെ 12760 കേസുകളാണ് ലഹരിയുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.