പേടിഎം പേയ്‌മെന്റ് ബാങ്ക് മാര്‍ച്ച്‌ 15ന് അടച്ചുപൂട്ടും

പേടിഎം പേയ്‌മെന്റ് ബാങ്ക് മാര്‍ച്ച്‌ 15ന് അടച്ചുപൂട്ടും
റിസര്‍വ് ബാങ്ക് നടപടിയ്ക്ക് പിന്നാലെ പേടിഎം പേയ്‌മെന്റ് ബാങ്കുകള്‍ അടച്ചുപ്പൂട്ടലിലേക്ക് നീങ്ങുകയാണ്. മാര്‍ച്ച്‌ 15 മുതല്‍ പേടിഎം പേയ്‌മെന്റ് ബാങ്കുകളുടെ സേവനം പൂര്‍ണ്ണമായി ഇല്ലാതാകും.
സ്റ്റോക്ക് ട്രേഡുകള്‍ക്കായി നിലവില്‍ ഈ ബാങ്ക് സേവനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുമായി ബോംബെ സ്റ്റോക്ക് എക്‌സേഞ്ചും രംഗത്തെത്തിയിട്ടുണ്ട്.

മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച ചൂണ്ടിക്കാട്ടിയാണ് പേടിഎം പേയ്‌മെന്റ് ബാങ്ക് അടച്ചുപൂട്ടാന്‍ ആര്‍ബിഐ ഉത്തരവിട്ടത്. കൃത്യമായ തിരിച്ചറിയല്‍ രേഖകളില്ലാതെയാണ് ബാങ്കില്‍ ചിലര്‍ അക്കൗണ്ടുകള്‍ തുറന്നതെന്നും കള്ളപ്പണം വെളുപ്പിക്കല്‍ പോലെയുള്ള നിരവധി നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഇതിനുപിന്നില്‍ നടന്നതായി ആശങ്കപ്പെടുന്നുണ്ടെന്നും അധികൃതര്‍ പറഞ്ഞു. ബാങ്കുമായി ബന്ധപ്പെട്ട ഇത്തരം വിവരങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫീസിലേക്കും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലേക്കും അയച്ചിട്ടുമുണ്ട്. ഇക്കാര്യത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കാര്യമായ അന്വേഷണം നടത്തുമെന്ന് കേന്ദ്ര റവന്യൂ സെക്രട്ടറി സഞ്ജയ് മല്‍ഹോത്ര അറിയിച്ചു.

മാര്‍ച്ച്‌ 15ന് ശേഷവും ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ പേടിഎം പേയ്‌മെന്റ് ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കാനും ട്രാന്‍സ്ഫര്‍ ചെയ്യാനും സാധിക്കും. എന്നാല്‍ പണം നിക്ഷേപിക്കാന്‍ ആകില്ലെന്ന് ഉത്തരവില്‍ പറയുന്നു.

ഉപയോക്താക്കളുടെ വാലറ്റിലേയ്ക്ക് മണി ട്രാന്‍സ്ഫര്‍, ടോപ് അപ്പ് പോലെയുള്ള ഫീച്ചറുകള്‍ ഉപയോഗിക്കാന്‍ സാധിക്കില്ല. എന്നാല്‍ അക്കൗണ്ടില്‍ പണമുണ്ടെങ്കില്‍ പേയ്‌മെന്റുകള്‍ നടത്താന്‍ ഉപഭോക്താക്കള്‍ക്ക് സാധിക്കും.

മാര്‍ച്ച്‌ 15ന് ശേഷം പേടിഎം ഉപയോക്താക്കള്‍ക്ക്  ഫാസ്ടാഗ് റീചാര്‍ജ് ചെയ്യാനോ ടോപ്പ് അപ്പ് ചെയ്യാനോ കഴിയില്ലെന്നും ഉത്തരവില്‍ പറയുന്നു. മാത്രമല്ല ഉപയോക്താക്കള്‍ക്ക് യുപിഐ അല്ലെങ്കില്‍ ഐഎംപിഎസ് ഉപയോഗിച്ച്‌ പേടിഎം പേയ്‌മെന്റ് ബാങ്ക് അക്കൗണ്ടിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്യാനും സാധിക്കില്ല.