ജോസഫ് അതിരുങ്കലിന്റെ പുതിയ പുസ്തകം 'ഗ്രിഗര്‍ സാംസയുടെ കാമുകി' പ്രകാശനം ചെയ്തു

ജോസഫ് അതിരുങ്കലിന്റെ പുതിയ പുസ്തകം 'ഗ്രിഗര്‍ സാംസയുടെ കാമുകി'  പ്രകാശനം ചെയ്തു

 

റിയാദ്: എഴുത്തുകാരനും പ്രഭാഷകനുമായ ജോസഫ് അതിരുങ്കലിന്റെ 'ഗ്രിഗര്‍ സാംസയുടെ കാമുകി' എന്ന കഥാ സമാഹാരം പ്രശസ്ത കഥാകൃത്ത് ശിഹാബുദ്ദീന്‍ പൊയിത്തുംകടവ് പ്രകാശനം ചെയ്തു.

ചില്ല സര്‍ഗവേദി പ്രതിനിധി  സുരേഷ് ലാല് പുസ്തകം ഏറ്റുവാങ്ങി. റിയാദ് അന്താരാഷ്‌ട്ര പുസ്തകമേളയിലെ പൂര്‍ണ പബ്ലിക്കേഷന്‍സ് സ്റ്റാളില്‍ നടന്ന ചടങ്ങില്‍ ഡോ. കെ.ആര്‍. ജയചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. നിരവധിയാളുകള്‍ പരിപാടിയില്‍ പങ്കെടുത്തു.

എല്ലാം കമ്ബോളവത്ക്കരിക്കുന്ന, ലാഭം ആത്യന്തികമായി ഒരു സത്യമായി മാറുന്ന സത്യാനന്തര കാലത്ത് പ്രണയവും മനുഷ്യന്‍ തന്നെയും ഇല്ലാതായി പോകുന്ന ദുരന്തത്തെയാണ് ഗ്രിഗര്‍ സാംസയുടെ കാമുകി ആവിഷ്കരിക്കുന്നതെന്നു പൊയ്ത്തുംകടവ് പറഞ്ഞു. ലളിതമായി, പുതിയ കാലത്തെ ജോസഫ് ആവിഷ്കരിക്കുന്നു. ഈ കഥ കൂടുതല്‍ പഠനത്തിനും ചര്‍ച്ചയ്ക്കും വിധേയമാക്കേണ്ടതുണ്ട്. നല്ല വായനക്കാര്‍ക്കെല്ലാം ഫ്രാന്‍സ് കാഫ്കയുടെ 'മെറ്റമോര്‍ഫോസിസ്' (രൂപാന്തരീകരണം) പരിചിതമാണ്. മധ്യപൗരസ്ത്യ മേഖലയില്‍ ജീവിക്കുന്ന മലയാളി എഴുത്തുകാര്‍ ഭാഷയ്ക്ക് ചെയ്യുന്ന സംഭാവന വലുതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 ഡോ. കെ.ആര്‍. ജയചന്ദ്രന്‍ അധ്യക്ഷനായിരുന്നു. . തനിക്ക് പ്രിയപ്പെട്ട നിരവധി കഥകളുടെ കര്‍ത്താവാണ് ജോസഫെന്ന്  ഡോ.  ജയചന്ദ്രന്‍ പറഞ്ഞു.

ഇബ്രാഹിം സുബഹാന്‍, പ്രതാപന്‍ തായാട്ട്, ബീന ഫൈസല്‍, ഷിബു ഉസ്മാന്‍, പ്രമോദ് കോഴിക്കോട്, ഹണി വര്‍ഗീസ് തുടങ്ങിയവര്‍ സംസാരിച്ചു. പൂര്‍ണ പബ്ലിക്കേഷന്‍സ് എം.ഡി മനോഹര്‍ സ്വാഗതവും ജോസഫ് അതിരുങ്കല്‍ നന്ദിയും പറഞ്ഞു.

റിയാദ് എയര്‍പോര്‍ട്ട് റോഡിലെ റിയാദ് ഫ്രണ്ട് കണ്‍വെന്‍ഷന്‍ സെന്‍ററിലാണ് അന്താരാഷ്ട്ര പുസ്തക മേള നടക്കുന്നത്. 32 രാജ്യങ്ങളില്‍നിന്ന് 900 പ്രസാധകരാണ് പുസ്തകങ്ങളുമായി എത്തുന്നത്. കേരളത്തില്‍നിന്ന് ഡി.സി, ഹരിതം, പൂര്‍ണ, ഒലിവ് എന്നീ നാല് പ്രമുഖ പ്രസാധകരാണ് നേരിട്ട് പങ്കെടുക്കുന്നത്.