ആഫ്രിക്കയിൽ ഈനാമ്പേച്ചിയോടൊപ്പം ഡാൻസ് ചെയ്തപ്പോൾ ..

ആഫ്രിക്കയിൽ ഈനാമ്പേച്ചിയോടൊപ്പം ഡാൻസ് ചെയ്തപ്പോൾ ..

 

ലീലാമ്മ തോമസ് ബോട്സ്വാന

 

ബോട്സ്വാനയിൽ ഞങ്ങൾ താമസിക്കുന്ന മൗണിൽ നിന്നും 486 കിലോമീറ്റർ ദൂരമുള്ള  കാട്ടിൽ ബുഷ്മെൻ നൃത്തം കാണാൻ പോയി. ബോട്സ്വാന  വന്യജീവി മേഖലയിലെ  ഖ്വായ് പ്രൈവറ്റ് ക്യാമ്പിനടുത്താണ്  ഞങ്ങൾ പോയത്. ഞങ്ങൾ  ചെന്നപ്പോൾ സന്ധ്യ കഴിഞ്ഞിരുന്നു , ബുഷ്മെൻ നൃത്തം നടക്കുകയാണവിടെ,  ഉച്ചത്തിലുള്ള പാട്ടുദൂരെനിന്നും കേൾക്കാം.
 നിഷ്കളങ്കമായ അവരുടെ ചിരിയും സംഗീതവും നൃത്തവും ദൂരെ നിന്നേ ആരെയും ആകർഷിക്കും.   വൈക്കോലും വിറകും ഉപയോഗിച്ച്  കുടിലുകൾ കെട്ടിയിട്ടുണ്ട്. എല്ലാ രാത്രിയും ആഴി കൂട്ടി ഒത്തുകൂടി ഇവർ നൃത്തം ചെയ്യുന്നു , (ഹീലിങ് ഡാൻസ്) ചെയ്യുന്നു.
തീക്കുണ്ഡത്തിനു ചുറ്റും മാറു മറക്കാത്ത സുന്ദരിമാർ അരക്കെട്ട് ഇളക്കി നൃത്തം ചെയ്യുന്നു. 
 ഒരു ബുഷ്മാൻ ഓടിവന്നു, ഞങ്ങളെ ആളിക്കത്തുന്ന ആഴിയുടെ അടുക്കൽ വിരിച്ചിട്ടിരിക്കുന്ന പൂക്കളുടെ മേലെ  ഇരുത്തി. 
  നൃത്തം കാണാൻ ഒരുപാടു പേർ ചുറ്റും കൂടിയിട്ടുണ്ട്  
ഇന്ത്യക്കാർ ഞങ്ങൾ മാത്രം.  ഞങ്ങൾ അവിടെയിരുന്നു നൃത്തം  ആസ്വദിച്ചുകൊണ്ടിരുന്നപ്പോൾ,   ഒരാൾ വന്നു മറുവശത്തുള്ള വലിയഹാളിലേക്കു കൂട്ടി കൊണ്ടുപോയി.

അവിടെ കാട്ടുമൂപ്പനുണ്ട്,

കുറച്ചു മാറി ദേവിയെപ്പോലെ ഒരു സ്ത്രീ  ബോധം കെട്ടു കിടക്കുന്നു . ഞങ്ങളെ അകത്തേക്ക്  ക്ഷണിച്ചു, അപ്പോൾ മൂപ്പന്റെ ഭാര്യ ഒരു താലത്തിൽ വെള്ളം കൊണ്ടുവന്നു ഞങ്ങളുടെ കാലുകൾ കഴുകി.

 തിളങ്ങുന്ന ഉടുപ്പിട്ട്,  ബോധം കെട്ടു കിടക്കുന്ന സ്ത്രീയെ ചവിട്ടാതെ ഞങ്ങൾ സൂക്ഷിച്ചു  അകത്തു കയറി.

ഉടൻ ദേവതപോലെ രണ്ടു കന്യകമാർ വരുന്നു അവരുടെ കൈയ്യിൽ മുള്ളൻ പന്നിയുടെ മുള്ളുകൊണ്ടുണ്ടാക്കിയ പാവാട, അത്  കൊണ്ടു വന്നു ഞങ്ങളെ ധരിപ്പിച്ചു, കാലിൽ ഈനാം പേച്ചിയുടെ ചിതമ്പലുകൾ കൊണ്ടുണ്ടാക്കിയ ചെരുപ്പ് ധരിപ്പിച്ചു.
എനിക്ക് ഭയം തോന്നി അവരുടെ ആചാരങ്ങളെ എതിർക്കാൻ പറ്റില്ല, ഇങ്ങനെ ഞങ്ങളെ പങ്കെടുപ്പിക്കുന്നത് ഭാഗ്യമാണന്നു അവിടെ നിന്ന ഡ്രൈവർ പറഞ്ഞു. പത്തു മിനിറ്റ് കഴിഞ്ഞു ആഫ്രക്കയിലെ ചെടിയായ ഷൈനുസ്മോള്ളീയുടെ ചുവന്ന കായ വായിലിട്ടു ചവച്ചു കൊണ്ടു വന്ന മൂപ്പൻ ഞങ്ങളെ സൂക്ഷിച്ചു നോക്കി,  ഡാൻസ് ചെയ്യാൻ പറഞ്ഞു 

ആയുസ്സിൽ ഡാൻസ് ചെയ്തിട്ടില്ലാത്ത ഞാൻ എതിർത്തു, എനിക്കറിയില്ല എന്നു പറഞ്ഞു. ഇതിനിടെ അവിടെ ചുറ്റി വെച്ചിരുന്ന ഒരു ചൂരൽ വടി കൊണ്ടുവന്നു, ഞാൻ കരുതി എന്നെ അടിക്കുമെന്ന്, ഞാൻ പേടിച്ചു വായുവിൽ നൃത്തം ചെയ്യാൻ തുടങ്ങി.

 പെട്ടന്നു ഒരു കൊച്ചു കുരുളൻ കൂടു തുറന്നു ഈനാം പേച്ചികളെ കൊണ്ടുവന്നു.  

ഒരു കാട്ടുപയ്യൻ  ഓടക്കുഴൽ പോലെ ഒരു കുഴൽ കൊണ്ടുവന്ന്  ഊതാൻ തുടങ്ങി,  പുരാണങ്ങളിൽ കാണുന്ന പോലെ ഈനാം പേച്ചി മുൻകാലുകൾ പൊക്കി പിൻകാലുകൾ കറക്കി ഡാൻസ് ചെയ്യാൻ തുടങ്ങി. ഈനാം  പേച്ചി അവർ ഏറെ വിലമതിക്കുന്ന ജീവിയാണ് , അത് ആ  നാടിൻറെ ഐശ്വര്യമെന്നാണ് അവർ കരുതുന്നത്. അത് ഡാൻസ് ചെയ്തു കൊണ്ടേയിരുന്നു.  
ഡാൻസ് ചെയ്തു ക്ഷീണിച്ച ഈനേം പേച്ചിയുടെ കണ്ണിൽ നിന്നും കണ്ണീർ വന്നു

ഡാൻസ് ചെയ്തു ക്ഷീണിച്ചു ഞാനും കരഞ്ഞു പോയി.

എന്തു ചെയ്യാൻ വല്ലാത്ത ഒരു സാഹചര്യത്തിൽ പെട്ടു പോയി.

എതിർത്താൽ അവരുടെ ആചാരത്തിന് ഭംഗം സംഭവിക്കും.

ഈനേംപേച്ചി കരഞ്ഞാൽ ഭാഗ്യം, ഉറപ്പായും മഴപെയ്യും എന്നാണവരുടെ വിശ്വാസം. ഏതായാലും ഞങ്ങൾ ഡാൻസ് ചെയ്തു ഒന്നര മണിക്കൂർ കഴിഞ്ഞു  മഴ ചാറാൻ തുടങ്ങി.
  ഈ   ഈനാംപേച്ചികൾക്ക് നിഗൂഢ ശക്തിയുണ്ടെന്ന്  ഇവർ  വിശ്വസിക്കുന്നു.
ഈനാംപേച്ചി പവിത്രമാണന്നു പറയുന്നു.
 നമ്മുടെ ഇന്ത്യയിലും ഈനാംപേച്ചി കഥകളേറെയുണ്ട്   "ഒരാൾ ഈനാംപേച്ചി നടന്നുപോകുന്നത് കണ്ടാൽ, അത് ഒരുപാട് ഭാഗ്യം നൽകുമെന്ന്   വിശ്വസിക്കപ്പെടുന്നു
 ഈ പ്രദേശങ്ങളിലെ വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും കഥയറിയുമ്പോൾ മനസിലാകും ഇതു കെട്ടുകഥയല്ലന്ന്. ഇവിടെ കാട്ടു മൃഗത്തെ കൊല്ലുമ്പോൾ ഡാൻസ് ഉണ്ട്. അമ്പു ഉപയോഗിക്കുമ്പോൾ പാട്ടുകൾ ഉണ്ട്. ഡാൻസ് ചെയ്യുമ്പോൾ  ആരെയും കുറ്റപ്പെടുത്തുകയോ  പരസ്‌പരം പരിഹസിക്കുന്ന
വാക്കുകൾ പോലുമോ  ആരും പറയാൻ പാടില്ലത്രേ .
ഞങ്ങൾ പരിപാടിയിൽ പങ്കുകൊണ്ട് കഴിഞ്ഞ്  ഡാർവിൻ സിംഹത്തെ കാണാൻ പോയി മടങ്ങി ..