ഉല്ലാസ് ചെമ്പൻ സംവിധാനം നിർവഹിച്ച അഞ്ചക്കള്ളക്കോക്കാൻ പൊറാട്ട് സിനിമയെക്കുറിച്ച് ... : എബ്രഹാം കുര്യൻ എഴുതുന്നു

ഉല്ലാസ് ചെമ്പൻ സംവിധാനം നിർവഹിച്ച അഞ്ചക്കള്ളക്കോക്കാൻ പൊറാട്ട് സിനിമയെക്കുറിച്ച് ... : എബ്രഹാം കുര്യൻ എഴുതുന്നു
അഞ്ചക്കള്ളക്കോക്കാൻ 
ഇപ്പം വരും! 
വേഗം ഉറങ്ങിക്കോ...
1986.
ഒരു ഇലക്ഷൻ കാലം.
കർണാടക അതിർത്തിയിലെ കാളഹസ്തി ഗ്രാമം.
പോലീസുകാരെയും രാഷ്ടീയക്കാരേയും ഉളളം കൈയിലാക്കി
ഒരു കൂട്ടം ഗുണ്ടകളോടൊപ്പം 
വിരാജിക്കുന്ന നാട്ടുപ്രമാണി ചാപ്ര.
വെടിയിറച്ചിയും കള്ളും മോന്തി രാത്രിയുടെ മറവിൽ നായാട്ടിനിറങ്ങുന്ന ചാപ്രയെ ആരോ ഒരാൾ തീർത്തു.
രാത്രി കഴിഞ്ഞ് വെട്ടം വീണപ്പോൾ സിവിൽ പോലീസ് ഓഫീസറായി കാളഹസ്തിയിൽ ജോയിൻ ചെയ്യാനെത്തുന്നു 
വസുദേവൻ. ശ്രീകൃഷ്ണൻ്റെ അച്ഛൻ്റെ പേരുകാരൻ .
വിക്കൻ. പേടിത്തൊണ്ടൻ.
 എസ്.ഐയും റൈട്ടറും തോക്കും പൊടിപിടിച്ച ഫയലും തെറിയും തല്ലും ചായയും എല്ലാമായി പന്നിക്കൂട്ടം ഉഴുതുമറിച്ച ചെളിക്കുണ്ടം പോലൊരു പോലീസ് സ്റ്റേഷൻ.
കള്ളും മീനും പാട്ടും ആട്ടവും അട്ടഹാസവും വെല്ലുവിളികളും കൂട്ട നൃത്തവും താളം തുള്ളലും തീ തുപ്പലും വയലൻസും നിറഞ്ഞ കാളഹസ്തി. രാഷ്ടീയക്കാരും കള്ളക്കച്ചവടക്കാരും ക്രിമിനലുകളും അരങ്ങുവാഴുന്ന കാളഹസ്തി മനുഷ്യനിൽ ഉറങ്ങിക്കിടക്കുന്ന വയലൻസിൻ്റെ പൂരപറമ്പാണ്. ഇതിനിടയിലാണ് നഷ്ടപ്പെട്ട ഒരു പശുവിനെ തേടി ഒരമ്മ പോലീസ് സ്റ്റേഷനിലെത്തുന്നത്.
ഇലക്ഷൻ കാലത്തെ ചാപ്രയുടെ മരണം കാളഹസ്തിയിൽ നിറഞ്ഞു കത്തുമ്പോൾ അപ്പനെ കൊന്നവരെ കണ്ടെത്താൻ മക്കളെത്തുന്നു.
ഗില്ലാപ്പികൾ !
ഹിംസയുടെ ന്യൂ ജെൻ വില്ലൻമാർ.
വിക്കനും ദളിതനുമായ വസുദേവനെ നീതിയുടെ പക്ഷത്തോട് ചേർത്തു നിറുത്തി അധികാര ഭ്രാന്തിനും ഭരണകൂട ഭീകരതയ്ക്കുമെതിരെ ശബ്ദിക്കുന്നതിലേക്ക് വളർത്തിയെടുത്തതാണ് പുതുമുഖ സംവിധായകനായ ഉല്ലാസ് ചെമ്പൻ്റെ മികവ്.
ഉല്ലാസ് അതിനായി ഒരുക്കിയെടുത്ത പശ്ചാത്തലം പൊറാട്ടാണ്.
പുറം തള്ളപ്പെട്ട ഒരു ജനതയുടെ ആട്ടമായ പൊറാട്ട്‌.
കറുത്ത മനുഷ്യരുടെ സ്ഥിരം ഫ്രെയിമുകളെ ഉല്ലാസ് ഈ ചിത്രത്തിൽ പൊളിച്ചെഴുതുന്നു.
സുന്ദരമായൊരു നാടോടി കഥ.മലയാള സിനിമയിൽ അധികമാരും ഉപയോഗിക്കാത്ത പൊറാട്ടുനാടകത്തിൻ്റെ പിൻബലത്തിൽ മനുഷ്യൻ്റെ ഹിംസയുടെ നീല ഞരമ്പുകളെ നമുക്ക് മുന്നിൽ വരച്ചിടുന്നു.
കാണാത്ത ഇടങ്ങൾ .സൗന്ദര്യമുള്ള ദൃശ്യങ്ങൾ. പരുക്കൻ കഥാപാത്രങ്ങൾ. അവരുടെ ചില പേരുകൾ ശ്രദ്ധിക്കുക.ചിപ്പൻ, ചാപ്ര, നടവരമ്പൻ ,കരിവണ്ട് മണിയൻ, മാവേലി, ഗില്ലാപ്പികൾ, ഭൈരി ...
അസാമാന്യമായൊരു മേക്കിംഗാണീ സിനിമ.ഒരു കല്യാണ ആൽബം ഷൂട്ടു ചെയ്യുന്ന ലാഘവത്തോടെ സിനിമയെടുത്ത് പണം വാരുന്ന കാലത്താണ് ശരിയായ ഹോം വർക്ക് ചെയ്ത ഇത്തരം ചിത്രങ്ങളുടെ വരവ്. അഥവാ അഞ്ചക്കള്ളക്കോക്കാൻ 
വെളുത്ത് തുടുതുടുത്ത അലുവാ കഷ്ണങ്ങൾ അടുക്കി വെക്കലല്ല.
മലയാളത്തിൽ ക്രിയേറ്റീവായ ഒരു തലമുറ സിനിമ എടുത്തു തുടങ്ങി. താരപരിവേഷങ്ങൾക്കപ്പുറത്ത് കഥാപാത്രങ്ങൾ തിളങ്ങി നിൽക്കുന്ന കാലം. ക്രിയേറ്റിവിറ്റിയുടെ സ്പാർക്കുള്ള  ചുള്ളൻമാർക്കൊപ്പം നിൽക്കുന്നവർ മനകളിൽ അത്ഭുതം സൃഷ്ടിക്കുന്നു. കണ്ണു തെളിയാത്തവർ നേര് തപ്പി ഉഴലുന്നു.
വിദേശ ചിത്രങ്ങളോട് കിടപിടിക്കുന്ന ദൃശ്യാവിഷ്ക്കാരമാണ് അരുൺ മോഹൻ ഒരുക്കിയിരിക്കുന്നത്. കഥയ്ക്കും ദൃശ്യങ്ങൾക്കും വികാരങ്ങൾക്കും ഒപ്പം സഞ്ചരിക്കുന്ന മണികണ്‌ഠൻ അയ്യപ്പയുടെ സംഗീതം ഈ ചിത്രത്തിൻ്റെ പ്ലസ് പോയിൻ്റ് തന്നെ. ബ്രൗൺ കളറിൻ്റെ പാലറ്റ് ഈ ചിത്രത്തെ നമ്മിലേക്ക് ഏറെ അടുപ്പിച്ചു.അശ്വന്ത് സ്വാമിനാഥനാണ് കളറിംഗ് ചെയ്തിരിക്കുന്നത്.
ഓപ്പറേഷൻ ജാവയിലൂടെ തെളിഞ്ഞ ലുക്മാൻ അവറാൻ വസുദേവനായി ഈ ചിത്രത്തിൽ മിഴിവേറും ഭാവത്തോടെ നിൽക്കുന്നു.
വസുദേവനും നാട്ടുകാർക്കും പ്രിയപ്പെട്ടവനായ കാരുണ്യമുള്ള നടവരമ്പൻ പീറ്റർ
 ഒരു പിഡോഫൈലായി മാറുന്നത് ചെമ്പൻ വിനോദ് ഗംഭീരമായി അവതരിപ്പിച്ചു.
മേഘ തോമസും മണികണ്ഠനും ജോജി മുണ്ടക്കയവുമൊക്കെ ഏറെ നന്നായി അഭിനയിച്ചിരിക്കുന്നു.
ഗില്ലാപ്പികളെ മറക്കാനാകില്ല.
തട്ടുപൊളിപ്പൻ പ്രകടനം. പ്രവീണും മെറിനുമാണ് ഗില്ലാപ്പികളായി അരങ്ങ് തകർത്തത്. ന്യൂ ജെൻ വില്ലൻമാർ. ചിരി, നൃത്തം, ഒടുക്കത്തെ താളബോധം, മുടിഞ്ഞ സ്റ്റണ്ട്. മാനറിസങ്ങളും സംഭാഷണങ്ങളും.
ഇവർ ആരേയും കോപ്പി ചെയ്തില്ല. 100 % ഒറിജിനൽ.
ഈ ചിത്രത്തിൻ്റെ പേര് പ്രേക്ഷകനിലെത്താൻ ബുദ്ധിമുട്ടുള്ളതായി പോയി.
പരസ്യവും പ്രത്യേകിച്ച് പോസ്റ്ററുകളും പൊളിഞ്ഞ് പാളീസായി പോയി.
കഥ കൊണ്ടും മെയ്ക്കിംഗ് കൊണ്ടും സൗന്ദര്യം കൊണ്ടും വർത്തമാനകാലത്തെ ചില ഏടുകളെ ഈ ചിത്രത്തോട് ചേർത്തുവെയ്ക്കുമ്പോൾ തെളിഞ്ഞു വരുന്ന ചില ജീവഛായകൾ കൊണ്ടും അഞ്ചക്കള്ളക്കോക്കാൻ പൊറാട്ട് A പ്ലസ് അർഹിക്കുന്നു.
അഞ്ചക്കള്ളക്കോക്കാൻ ശരിക്കുമുണ്ടോ?
ഏബ്രഹാം കുര്യൻ.
Livingleaf views paper.
Tel .9447703408.