വയനാട് ടൗൺഷിപ്പിന്റെ നിർമാണ പ്രവർത്തനങ്ങൾ ഈ മാസം ആരംഭിക്കും: മന്ത്രി രാജൻ

Mar 5, 2025 - 14:37
 0  18
വയനാട് ടൗൺഷിപ്പിന്റെ നിർമാണ പ്രവർത്തനങ്ങൾ ഈ മാസം ആരംഭിക്കും: മന്ത്രി  രാജൻ

മുണ്ടക്കൈ-ചൂരൽമല പുനരധിവാസ പദ്ധതിയുടെ ഭാഗമായ എൽസ്റ്റോൺ എസ്റ്റേറ്റിലെ ടൗൺഷിപ്പിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഈ മാസം ആരംഭിക്കുമെന്ന് റവന്യുവകുപ്പ് മന്ത്രി കെ രാജൻ. ടൗൺഷിപ്പിനായുള്ള ഭൂമി ഏറ്റെടുക്കൽ 15 ദിവസത്തിനകം പൂർത്തിയാകും. ദുരന്തബാധിതരിൽ വീട് നഷ്ടപ്പെട്ടവരുടെ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർക്ക് ഓപ്ഷൻ തിരഞ്ഞെടുക്കുന്നതിന് വേണ്ടി മാർച്ച് 10,11,12 തിയതികളിൽ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ഹിയറിംഗ് സംഘടിപ്പിക്കുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

ഭൂമി ഏറ്റെടുക്കൽ നടപടികളിൽ ഒരുകാരണവശാലും സ്റ്റേ ഉണ്ടാകില്ലെന്ന് കോടതി വ്യക്തമാക്കിയ സാഹചര്യത്തിൽ വളരെ വേഗം മുന്നോട്ടുപോകും. ടൗൺഷിപ്പിനുവേണ്ടി ടോപ്പോഗ്രഫിക്കൽ, ജിയോഗ്രഫിക്കൽ, ഹൈഡ്രോഗ്രഫിക്കൽ പരിശോധനകളും ഫീൽസ് വിസിറ്റും മണ്ണ് പരിശോധനയും പൂർത്തിയായി. ദുരന്തത്തിൽ പൂർണമായും വീടുകൾ നഷ്ടപ്പെട്ടവരുടെ പേരുകളാണ് ലിസ്റ്റുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ലിസ്റ്റുകളിൽ പരാതി നൽകാനുള്ള അവസരം മാർച്ച് 13 വരെയുണ്ട്. രണ്ടാഴ്ചക്കകം ലിസ്റ്റ് അന്തിമമാക്കാനാകും.

നേരത്തേ ഓരോ വീടിനും അഞ്ച് സെന്റ് ഭൂമി വീതമാണ് നിശ്ചയിച്ചിരുന്നതെങ്കിലും നിലവിൽ 7 സെന്റ് ഭൂമി നൽകാനാണ് തീരുമാനം. ഇതിനനുസരിച്ച് ഡിസൈനിൽ മാറ്റം വരുത്തും. ഓരോ വീടിനും സ്പോൺസർമാർ 20 ലക്ഷം രൂപ വീതം നൽകും. ബാക്കി തുക സർക്കാർ വഹിക്കും, മന്ത്രി   പറഞ്ഞു .