വഖഫ് ഭേദഗതി ബില്‍ ലോക്‌സഭയില്‍; ഒരു മതസ്ഥാപനത്തിലും ഇടപെടില്ലെന്ന് കിരണ്‍ റിജിജു

Apr 2, 2025 - 13:26
 0  3
വഖഫ് ഭേദഗതി ബില്‍ ലോക്‌സഭയില്‍; ഒരു മതസ്ഥാപനത്തിലും ഇടപെടില്ലെന്ന് കിരണ്‍ റിജിജു

ന്യൂഡല്‍ഹി: ലോക്‌സഭയില്‍ പരിഷ്‌കരിച്ച വഖഫ് ഭേദഗതി ബിൽ അവതരണം തുടങ്ങി. കേന്ദ്ര മന്ത്രി കിരണ്‍ റിജിജുവാണ് ബില്‍ ലോക്‌സഭയില്‍ അവതരിപ്പിക്കുന്നത്. യു.പി.എ. കാലത്ത് വഖഫ് ബോര്‍ഡിന് അനിയന്ത്രിത അധികാരം നല്‍കിയെന്നും പ്രതിപക്ഷം പറഞ്ഞത് അനുസരിച്ചാണ് ബില്‍ സംയുക്ത പാര്‍ലമെന്ററി സമിതി (ജെ.പി.സി)ക്ക് വിട്ടതെന്നും കിരണ്‍ റിജിജു വ്യക്തമാക്കി. സമിതി നിര്‍ദേശിച്ച മാറ്റങ്ങള്‍ ഉള്‍ക്കൊള്ളിച്ച ബില്ലാണ് അവതരിപ്പിക്കുന്നത്. ആര്‍ക്കും ബില്ലിനെ ചോദ്യം ചെയ്യാനാകില്ലെന്നും പ്രതിപക്ഷം നുണ പ്രചരിപ്പിക്കുകയാണെന്നും കിരണ്‍ റിജിജു പറഞ്ഞു.

വിശദമായ ചര്‍ച്ചയ്ക്ക് ശേഷമാണ് ബിൽ തയ്യാറാക്കിയത്. 284 സംഘങ്ങള്‍ അഭിപ്രായം വ്യക്തമാക്കുകയും 97 ലക്ഷം നിര്‍ദേശങ്ങള്‍ ജെ.പി.സിക്ക് ലഭിക്കുകയും ചെയ്തു. അതെല്ലാം വിശദമായി പരിശോധിച്ചു. ഈ ബില്ല് കുറേ മാറ്റങ്ങള്‍ കൊണ്ടുവരും. മതനേതാക്കളെ കണ്ട് അഭിപ്രായങ്ങള്‍ തേടിയിരുന്നുവെന്നും കിരണ്‍ റിജിജു വ്യക്തമാക്കി. മുസ്ലിം പള്ളികളുടെ പ്രവര്‍ത്തനങ്ങളിലും ഒരു മതസ്ഥാപനത്തിലും ഇടപെടില്ലെന്നും വോട്ട് ബാങ്കിനായി പ്രതിപക്ഷം തെറ്റിദ്ധാരണ പരത്തിയെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, യഥാര്‍ഥ ബില്ലില്‍ ചര്‍ച്ച നടന്നിട്ടില്ലെന്ന പ്രേമചന്ദ്രന്റെ വാദം തള്ളിയ അമിത് ഷാ എല്ലാ ചട്ടങ്ങളും പിന്‍വലിച്ചാണ് ബില്‍ അവതരിപ്പിക്കുന്നതെന്നും പറഞ്ഞു. ബില്‍ അടിച്ചേല്‍പ്പിക്കുകയാണെന്നും ഭേദഗതികളിലെ എതിര്‍പ്പ് അറിയിക്കാന്‍ പ്രതിപക്ഷത്തെ അനുവദിക്കണമെന്നും കെ.സി വേണുഗോപാല്‍ സഭയില്‍ വ്യക്തമാക്കി.