കാണാതായിട്ട് 26 ദിവസം; യുവാവിൻ്റേയും പെൺകുട്ടിയുടേയും മൃതദേഹം വീടിന് സമീപത്തെ കാട്ടിൽ കണ്ടെത്തി

കാസര്‍ഗോഡ് നിന്നും കാണാതായ പെൺകുട്ടിയുടേയും യുവാവിൻ്റെയും മൃതദേഹം കണ്ടെത്തി. മണ്ടേക്കാപ്പില്‍ നിന്നും 26 ദിവസം മുൻപാണ് പത്താം ക്ലാസ് വിദ്യാര്‍ഥിനിയേയും അയല്‍വാസിയായ 42-കാരനെയും കാണാതായത്. തൂങ്ങിമരിച്ചനിലയിലാണ് ഇരുവരുടേയും മൃതദേഹം കണ്ടെത്തിയത്. കാസര്‍ഗോഡ് പൈവളിഗ സ്വദേശിയായ പതിനഞ്ചുകാരിയും അയൽവാസി പ്രദീപുമാണ് മരിച്ചത്.
ഇന്ന് രാവിലെ മുതൽ 52 അംഗ പേലീസ് സംഘവും നാട്ടുകാരുമടക്കം വ്യാപക തെരച്ചിൽ നടത്തിവരുന്നതിനിടെയാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. പൈവളിഗയിലെ പെണ്‍കുട്ടിയുടെ വീടിന് സമീപമുള്ള മണ്ടെക്കാപ്പ് ഗ്രൗണ്ടിനടുത്തുള്ള അക്കേഷ്യ മരത്തിൽ തൂങ്ങി മരിച്ച നിലയിലാണ് പെണ്‍കുട്ടിയെയും യുവാവിനെയും കണ്ടെത്തിയത്. ഇരുവരുടെയും മൃതദേഹങ്ങള്‍ക്ക് ദിവസങ്ങളുടെ പഴക്കമുണ്ട്. മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റിന് ശേഷം ആശുപത്രിയിലേക്ക് മാറ്റി.
ഫെബ്രുവരി 12-ന് പുലര്‍ച്ചെയാണ് കുട്ടിയെ വീട്ടില്‍ നിന്ന് കാണാതായത്. സഹോദരിക്കൊപ്പം കിടന്നുറങ്ങിയ കുട്ടി വീടിന്റെ പിറക് വശത്തെ വാതില്‍ തുറന്ന് പുറത്തേക്ക് പോയെന്നാണ് രക്ഷിതാക്കള്‍ പോലീസിന് നല്‍കിയ മൊഴി. പെണ്‍കുട്ടി ധരിച്ചിരുന്ന വസ്ത്രവും മൊബൈല്‍ഫോണും വീടിനകത്ത് ഉപയോഗിച്ചിരുന്ന ചെരിപ്പുമല്ലാതെ മറ്റ് വസ്തുക്കളൊന്നും നഷ്ടപ്പെട്ടിരുന്നില്ല. കുട്ടിയുടെ കൈവശമുണ്ടായിരുന്ന മൊബൈല്‍ഫോണ്‍ ആദ്യം ബെല്ലടിച്ചെങ്കിലും പിന്നീട് സ്വിച്ച് ഓഫാവുകയായിരുന്നു.