‘പക്വതയില്ലാത്തവന്‍’ ;ബിഎസ്പിയില്‍ നിന്ന് ആകാശിനെ പുറത്താക്കി മായാവതി

ബഹുജന്‍ സമാജ് പാര്‍ട്ടി മേധാവി മായാവതി തന്റെ അനന്തരവനും രാഷ്ട്രീയ അവകാശിയുമായ ആകാശ് ആനന്ദിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. പാര്‍ട്ടിയുടെ ഷോകോസ് നോട്ടീസിന് ആകാശ് നല്‍കിയ പ്രതികരണം തൃപ്തികരമാകാത്തതിനെ തുടര്‍ന്നായിരുന്നു അദ്ദേഹത്തെ പുറത്താക്കിയതെന്ന് മായാവതി പ്രതികരിച്ചു. ആകാശ്’സ്വാര്‍ത്ഥനും അഹങ്കാരിയുമാണെന്ന്’ അവര്‍ പറഞ്ഞു.
പാര്‍ട്ടിയില്‍ നിന്ന് ഇതിനകം പുറത്താക്കപ്പെട്ട ഭാര്യാപിതാവ് അശോക് സിദ്ധാര്‍ത്ഥിന്റെ സ്വാധീനത്തിലാണ് ആകാശ് എന്നും അവര്‍ ചൂണ്ടിക്കാട്ടി.
ആകാശ് പക്വതയോടെ പെരുമാറേണ്ടതായിരുന്നുവെന്ന് മായാവതി പറയുന്നു. എന്നാല്‍ , ആകാശ് നല്‍കിയ നീണ്ട പ്രതികരണം അദ്ദേഹത്തിന്റെ പശ്ചാത്താപത്തിന്റെയും രാഷ്ട്രീയ പക്വതയുടെയും ഭാഗമായിരുന്നില്ല. നേരെ മറിച്ച് സ്വാര്‍ത്ഥനും, അഹങ്കാരിയും, ഭാര്യാ പിതാവിന്റെ സ്വാധീനത്താല്‍ രാഷ്ട്രീയ ദൗത്യം എന്താണെന്ന് അറിയാത്തവനുമാണെന്ന് ,’ മായാവതി എക്സില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു.
പാര്‍ട്ടിയെ പിളര്‍ത്തുന്നുവെന്ന് ആരോപിച്ച് മായാവതി കഴിഞ്ഞ ആഴ്ചയില്‍ അശോക് സിദ്ധാര്‍ത്ഥിനെ പുറത്താക്കിയിരുന്നു. മായാവതിയുടെ അനന്തരവനും രാഷ്ട്രീയ പിന്‍ഗാമിയായിയുമായ ആകാശ് ആനന്ദിനെ ഇന്നലെ എല്ലാ പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്നും മായാവതി മാറ്റിയിരുന്നു. കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍, ആകാശ് ആനന്ദിനെ പാര്‍ട്ടിയിലെ എല്ലാ പ്രധാന സ്ഥാനങ്ങളില്‍ നിന്നും അവര്‍ പുറത്താക്കി, അദ്ദേഹത്തെ ‘പക്വതയില്ലാത്തവന്‍’ എന്ന് മുദ്രകുത്തുകയും ചെയ്തു.