ഏറ്റുമാനൂരിൽ അമ്മയും പെൺമക്കളും ആത്മഹത്യ ചെയ്ത കേസിലെ പ്രതി നോബി ലൂക്കോസിന് ജാമ്യം

കോട്ടയം: ഏറ്റുമാനൂരിൽ അമ്മയും പെൺമക്കളും ആത്മഹത്യ ചെയ്ത കേസിലെ പ്രതി നോബി ലൂക്കോസിന് ജാമ്യം. കോട്ടയം ജില്ലാ സെഷൻസ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. 28 ദിവസത്തിന് ശേഷമാണ് നോബി ജയിലിൽ നിന്ന് പുറത്തിറങ്ങുന്നത്.
പ്രതിക്ക് ജാമ്യം നൽകിയാൽ തെളിവുകൾ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്‍റെ വാദം കണക്കിലെടുക്കാതെയാണ് പ്രതിക്ക് ജാമ്യം അനുവദിച്ചത്. ജാമ്യം നൽകുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും പ്രോസിക്യൂഷൻ വാദിച്ചിരുന്നു.
നോബി ലൂക്കോസ് ഷൈനിയെ പിന്തുടർന്ന് പീഡിപ്പിച്ചതാണ് ആത്മഹത്യക്ക് കാരണമായതെന്നാണ് പൊലീസ് റിപ്പോർട്ട്. എന്നാൽ, കേസിൽ നോബിയുടെ പങ്ക് തെളിയിക്കുന്ന ഒരു തെളിവും കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ലെന്നായിരുന്നു പ്രതി ഭാഗത്തിന്‍റെ വാദം.
നോബിയുടെ ജാമ്യാപേക്ഷയെ എതിർത്ത് ഷൈനിയുടെ അച്ഛൻ കുര്യാക്കോസും ഹർജി നൽകിയിട്ടുണ്ട്. പ്രതിക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റമാണ് പൊലീസ് ചുമത്തിയിരിക്കുന്നത്.
കഴിഞ്ഞ ഫെബ്രുവരി 28ന് ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷന് സമീപം പാറോലിക്കലിൽ വെച്ചാണ് ഷൈനിയും മക്കളായ അലീനയും ഇവാനയും കോട്ടയം നിലമ്പൂർ റോഡ് എക്സ്പ്രസ് ട്രെയ്നിന് മുന്നിൽ ചാടി മരിച്ചത്.