16-ാമത് ദർശന അഖില കേരള പ്രൊഫഷണൽ നാടക മൽസരം നവംബർ 21 മുതൽ 30 വരെ

Nov 12, 2026 - 14:33
Nov 12, 2026 - 15:04
 0  11
16-ാമത് ദർശന അഖില കേരള പ്രൊഫഷണൽ നാടക മൽസരം നവംബർ 21 മുതൽ 30 വരെ

സെബാസ്റ്റ്യൻ ജോസഫ് 


കോട്ടയം: 16-ാമത് ദർശന അഖില കേരള പ്രൊഫഷണൽ നാടക മൽസരം നവംബർ 21 മുതൽ 30 വരെ ശാസ്ത്രി റോഡിലുള്ള ദർശന കൾചറൽ സെന്ററിൽ നടക്കും. വൈകുന്നേരം 6.15 മുതലാണ് നാടകം ആരംഭിക്കുന്നത്. കൊല്ലം എക്കോ തീയേറ്റേഴ്‌സിൻ്റെ നിലാവ് പറഞ്ഞത്, കൊച്ചിൻ ചന്ദ്രകാന്തയുടെ രാമൻ രാഘവൻ ജീവിച്ചിരുപ്പുണ്ട്, കോഴിക്കോട് സങ്കീർത്തനയുടെ ശ്വാസം, കായംകുളം പീപ്പിൾസ് തീയേറ്റേഴ്‌സിന്റെ ചാപ്ലിൻ കുഞ്ഞൂട്ടൻ, തിരുവനന്തപുരം സൗപർണ്ണികയുടെ പടയോട്ടം, പത്തനാപുരം ഗാന്ധിഭവൻ തീയേറ്റേഴ്‌സിന്റെ കൂട്, അമ്പലപ്പുഴ അക്ഷരജ്വാലയുടെ കളം, ചങ്ങനാശ്ശേരി അണിയറയുടെ തിര, കോഴിക്കോട് രംഗഭാഷയുടെ ഒരുക്കം, കൊല്ലം അനശ്വരയുടെ രാവണൻ എന്നീ നാടകങ്ങളാണ് അരങ്ങേറുന്നത്.   
 

മികച്ച നാടകത്തിന് മുകളേൽ ഫൗണ്ടേഷൻ എവർ റോളിംഗ് ട്രോഫിയും, മികച്ച ജനപ്രിയ നാടകത്തിന് പാമ്പാടി മറ്റത്തിൽ പറമ്പിൽ ഫ്യൂവൽസ് ഏർപ്പെടുത്തിയ ട്രോഫിയും ഉണ്ടായിരിക്കും. ഒരു നാടകം സ്പോൺസർ ചെയ്യുന്നതിന് 25000 രൂപയും, ഗോൾഡൻ സ്പോൺസർഷിപ്പിന് 10000 രൂപയും, സിൽവർ സ്പോൺസർഷിപ്പിന് 5000 രൂപയും ആണ് നിശ്ചയിച്ചിരിക്കുന്നത്. സ്പോൺസേഴ്‌സിന് ഫ്രീ പാസുകൾ ലഭ്യമാണ്. കൂടാതെ സ്പോൺസർമാരെ വേദിയിൽ ആദരിക്കുകയും അവരുടെ അഭിപ്രായങ്ങളും മറ്റ് വിവരങ്ങളും പറയുവാൻ അവർക്ക് വേദി ഒരുക്കുകയും ചെയ്യും.   
 

18 വർഷം മുൻപ് കോട്ടയം തീയറ്റർ അക്കാഡമി എന്ന പേരിൽ സൊസൈറ്റിയായി രജിസ്റ്റർ ചെയ്ത സംഘടനയാണ് പരിപാടികൾക്ക് മുൻകൈ എടുക്കുന്നത്. നാടക രംഗത്തെ കലാകാരൻമാരെ ആദരിക്കുകയും അവശ കലാകാരൻമാർക്ക് സാമ്പത്തിക സഹായം ലഭ്യമാക്കുകയും ചെയ്യുക എന്ന ഉദ്ദേശ്യവും ഈ പദ്ധതിക്കുണ്ട്. നാടകരംഗം പ്രതിസന്ധി നേരിടുന്ന ഈ ഘട്ടത്തിൽ ആ കലാരൂപം അന്യം നിന്ന് പോകാതെ അതിന് കൈത്താങ്ങാകുക എന്ന ലക്ഷ്യം കൂടി അക്കാഡമിക്ക് ഉണ്ട്.   

ആർട്ടിസ്റ്റ് സുജാതൻ, നാടക സിനിമാ രംഗത്തുള്ള ഹരിലാൽ, തേക്കിൻകാട് ജോസഫ് തുടങ്ങിയവർ തിയറ്റർ അക്കാഡമിയുമായി സഹകരിക്കുന്നു. ജെയിംസ് മുകളേൽ, ലൂക്ക് തോമസ്, തേക്കിൻകാട് ജോസഫ്, ഹരിലാൽ, ആർടിസ്റ്റ് സുജാതൻ തുടങ്ങിയവരുടെ നേത്യത്വത്തിലാണ് ഈ സംരംഭം തുടക്കം കുറിക്കുന്നത്.   
 

അക്കാഡമിയുടെ ഫൗണ്ടർ  ജെയിംസ് മുകളേൽ അമേരിക്കൻ മലയാളിയാണ്. നാടകത്തോടുള്ള പ്രത്യേക താൽപര്യം ഈ രംഗത്ത് പ്രവർത്തിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിക്കുന്നു. അദ്ദേഹം വളരെ ആത്മാർഥമായി പ്രവർത്തിച്ചതിന്റെ ഫലമായാണ് ഈ പ്രസ്ഥ‌ാനം ഇത്രയും നാൾ നടന്ന് വന്നത്. ദർശന കൾച്ചറൽ സെന്ററിന്റെ സഹായ സഹകരണം വളരെ വലുതായിരുന്നുവെന്ന് അദ്ദേഹം നന്ദിയോടെ ഓർക്കുന്നു. ഹാൾ ഉൾപ്പെടെയുള്ള എല്ലാ അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാക്കിയത് ദർശനയാണ്.   

സമാന ചിന്താഗതിക്കാരായ സുമനസുകളിൽ നിന്ന് സ്പോൺസർഷിപ്പുകൾ ഉൾപ്പെടെയുള്ള സഹകരണം പ്രതീക്ഷിക്കുന്നതായി ജെയിംസ് മുകളേൽ, ലൂക്ക് തോമസ് എന്നിവർ അഭിപ്രായപ്പെട്ടു. കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് നാടക പഠനം സാധ്യമാക്കുക, അവരുടെ കഴിവുകൾ പ്രകടിപ്പിക്കുക എന്നിവ ഒരു പ്രധാന ലക്ഷ്യമായിരുന്നെങ്കിലും അത് വേണ്ടത്ര വിജയകരമായില്ലെന്ന് ജെയിംസ് മുകളേൽ വിഷമത്തോടെ ഓർക്കുന്നു. കോട്ടയത്തിന്റെ ഒരു അഭിമാന പദ്ധതിയാക്കി ഈ പ്രൊജക്ടിനെ മാറ്റാൻ സാധിക്കുമെന്ന് സംഘാടകർ പ്രത്യാശ പ്രകടിപ്പിച്ചു.   
 

വിവരങ്ങൾക്ക് 91 9188520400, 9447008255