സാക്കിര്‍ നായിക്കിനെ ലോകകപ്പിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് ഖത്തര്‍

സാക്കിര്‍ നായിക്കിനെ ലോകകപ്പിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന്  ഖത്തര്‍

 

ദോഹ : വിവാദ മതപ്രഭാഷകന്‍ സാക്കിര്‍ നായിക്കിനെ ഫിഫ ലോകകപ്പ് ഉദ്ഘാടനത്തിന് ഔദ്യോഗികമായി ക്ഷണിച്ചിട്ടില്ലെന്ന് ഖത്തര്‍.

ഇന്ത്യ-ഖത്തര്‍ ഉഭയകക്ഷി ബന്ധം തകര്‍ക്കാന്‍ വേണ്ടിയാണ് ഇത്തരം പ്രചാരണങ്ങള്‍ നടത്തുന്നത് എന്ന് ഖത്തര്‍ പറഞ്ഞു. നയതന്ത്ര ചാനലുകള്‍ വഴിയാണ് ഖത്തര്‍ ഇന്ത്യയെ ഇക്കാര്യം അറിയിച്ചത്.

വിവാദ മതപ്രഭാഷകന്‍ സാക്കിര്‍ നായിക്കിനെ ലോകകപ്പ് വേദിയിലേക്ക് ഖത്തര്‍ ഔദ്യോഗികമായി ക്ഷണിച്ചിട്ടുണ്ടെങ്കില്‍ വൈസ് പ്രസിഡന്റ് ജഗ്ദീപ് ധന്‍കര്‍ ഫിഫ ലോകകപ്പ് ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ഇന്ത്യ ഖത്തറിനെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഖത്തറില്‍ നിന്നുള്ള ഔദ്യോഗിക അറിയിപ്പ് എത്തിയത്.

ലോകകപ്പ് സമയത്ത് മതപ്രഭാഷകന്‍ സാക്കിര്‍ നായിക് ഖത്തറിലുണ്ടാകുമെന്നും ടൂര്‍ണമെന്റിലുടനീളം നിരവധി മതപ്രഭാഷണങ്ങള്‍ നടത്തുമെന്നും സ്‌പോര്‍ട്‌സ് ചാനലായ അല്‍കാസിന്റെ അവതാരകനായ ഫൈസല്‍ അല്‍ഹജ്രി ട്വീറ്റ് ചെയ്തിരുന്നു. ഇതാണ് വിവാദങ്ങള്‍ക്ക് തീ കൊളുത്തിയത്.