പ്രധാനമന്ത്രി വയനാട്ടിലെത്തുമെന്ന് സൂചന

പ്രധാനമന്ത്രി വയനാട്ടിലെത്തുമെന്ന് സൂചന

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വയനാട് സന്ദർശിക്കും. ശനിയാഴ്ച ഉച്ചയോടെ ദുരന്തം നടന്ന മേപ്പാടി പഞ്ചായത്തില്‍ എത്തുമെന്നാണു വിവരം.

പ്രധാനമന്ത്രിയുടെ സന്ദർശനം സംബന്ധിച്ച്‌ ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ല. ശനിയാഴ്ച വിമാനമാർഗം കോഴിക്കോട് എത്തിയ ശേഷം, വയനാട്ടിലേക്ക് പോകുമെന്നാണു സൂചന. ചീഫ് സെക്രട്ടറിയുമായും പൊലീസ് മേധാവിയുമായി പ്രാഥമിക ചർച്ചകള്‍ നടന്നുവെന്നാണു നിഗമനം. അന്തിമ തീരുമാനം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസില്‍ നിന്നായിരിക്കും ലഭിക്കുക. എസ്.പി.ജി. സംഘം കേരളത്തിലെത്തിയിട്ടുണ്ട്.

കല്‍പറ്റയില്‍ താല്‍ക്കാലിക ഹെലിപാഡ് നിര്‍മിക്കാനും സ്വാതന്ത്ര്യദിനാഘോഷത്തിനായി കെട്ടിയ പന്തല്‍ പൊളിക്കാനും നിര്‍ദേശം നല്‍കി..
പുത്തുമലയില്‍ ഇന്ന് രണ്ട് മൃതദേഹങ്ങളും നാല് ശരീരഭാഗങ്ങളും സംസ്കരിച്ചു. ഇതുവരെ 41 മൃതദേഹങ്ങളും 180 ശരീര ഭാഗങ്ങളുമാണ് സംസ്കരിച്ചത്. മുണ്ടക്കൈ ദുരന്തത്തില്‍പെട്ടവരെ കണ്ടെത്താൻ സണ്‍റൈസ് വാലിയില്‍ നടത്തിയ പരിശോധന പൂര്‍ത്തിയാക്കി ദൗത്യസംഘം മടങ്ങിയെത്തി. കണ്ടെത്തിയ ശരീരഭാഗങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി. വയനാട് ദുരന്തത്തില്‍ തകർന്ന വീടുകളുടെ കണക്കെടുപ്പ് തുടങ്ങി. പ്രദേശവാസികളെയും വീട്ടുകാരെയും ഒപ്പം കൂട്ടിയാണ് ഉദ്യോഗസ്ഥരുടെ ദൗത്യം. ചെളിയടിഞ്ഞ വീട്ടില്‍ നിന്ന് ദുരന്തത്തിന്റെ ഒൻപതാം നാളിലും രേഖകള്‍ വീണ്ടെടുക്കാനായി.