വേൾഡ് മലയാളി കൗൺസിൽ ഫിലഡൽഫിയ പ്രൊവിൻസ് ഒരുക്കുന്ന സമൂഹ വിവാഹം കോട്ടയത്ത്: ഇപ്പോൾ അപേക്ഷിക്കാം

വേൾഡ് മലയാളി കൗൺസിൽ ഫിലഡൽഫിയ പ്രൊവിൻസ്  ഒരുക്കുന്ന  സമൂഹ വിവാഹം കോട്ടയത്ത്: ഇപ്പോൾ അപേക്ഷിക്കാം

വേൾഡ് മലയാളീ കൗൺസിൽ ഫിലാഡൽഫിയ പ്രൊവിൻസിന്റെ കാരുണ്യപ്രവർത്തനങ്ങളുടെ ഭാഗമായി 25 ജോഡി നിർധനരായ യുവതീ യുവാക്കളുടെ  സമൂഹ വിവാഹം നടത്തുന്നു.  2025  ഒക്ടോബർ  രണ്ടാം തീയതി കോട്ടയത്തുള്ള പ്രമുഖ ഓഡിറ്റോറിയത്തിൽവച്ചാണ്  സമൂഹ വിവാഹം നടത്തപ്പെടുകയെന്ന്  സംഘാടകർ അറിയിച്ചു. 

മഹാ പ്രളയ കാലത്തും കോവിഡ്  വേളയിലും വയനാട് ദുരന്തവേളയിലുമെല്ലാം കേരളത്തിന് സഹായ ഹസ്തം നീട്ടിയ വേൾഡ് മലയാളി കൗൺസിൽ ഫിലാഡൽഫിയ പ്രോവിൻസിന് സാമൂഹ്യ സേവന പാതയിൽ പതിറ്റാണ്ടുകളുടെ പാരമ്പര്യമാണുള്ളത് .

സ്വർണത്തിനും അവശ്യ സാധനങ്ങൾക്കുമെല്ലാം വില അനിയന്ത്രിതമായി കുതിച്ചുയരുന്ന സാഹചര്യത്തിൽ നിർധനരായ നിരവധി ആളുകൾ മക്കളുടെ വിവാഹം നടത്താൻ ബുദ്ധിമുട്ടുന്നത് ശ്രദ്ധയിൽപെട്ടത് കൊണ്ടാണ് സമൂഹ വിവാഹം നടത്താൻ തീരുമാനിച്ചതെന്ന് ഭാരവാഹികൾ പറഞ്ഞു.

വരനും വധുവിനും സ്വർണ്ണാഭരണങ്ങൾ,  വിവാഹ വസ്ത്രങ്ങൾ, ബ്യൂട്ടീഷ്യൻ, ആഡിറ്റോറിയം, ഫോട്ടോ & വീഡിയോ ഗ്രാഫി, കാഷ് മണി  എന്നിവ പ്രൊവിൻസ് വിവാഹ ചടങ്ങിനായി ക്രമീകരിക്കുന്നു.
വിവാഹത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ World Malayalee Counsil , Box No .1, Othara PO , Thiruvalla , Kerala 689546 എന്ന വിലാസത്തിൽ അടുത്ത വര്ഷം ജൂലൈ 31 ന് മുൻപായി അപേക്ഷകൾ അയക്കണം. അപേക്ഷയോടൊപ്പം വയസ്, മേൽവിലാസം എന്നിവ തെളിയിക്കുന്ന രേഖകൾ, വിവാഹം നടത്താൻ താല്പര്യമുള്ള വധൂ വരന്മാരുടെ സമ്മതപത്രം, പഞ്ചായത്തിൽ നിന്നുള്ള ശുപാര്ശക്കത്ത്   എന്നിവ ഉണ്ടാവണം.രേഖകൾ വിശദമായി പരിശോധിച്ച ശേഷം അർഹതയുള്ള ജോഡികളെ പ്രൊവിൻസ് തിരഞ്ഞെടുക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. 
worldmalayaleep @ gmail.com എന്ന ഇമെയിലിൽ സംഘാടകരെ ബന്ധപ്പെടാവുന്നതാണ്.