വിനേഷ് ഫോഗട്ടും ബജ്രംഗ് പൂനിയയും കോണ്‍ഗ്രസില്‍ ചേര്‍ന്നു; ഹരിയാനയില്‍ മത്സരിച്ചേക്കും

വിനേഷ് ഫോഗട്ടും ബജ്രംഗ് പൂനിയയും കോണ്‍ഗ്രസില്‍ ചേര്‍ന്നു; ഹരിയാനയില്‍ മത്സരിച്ചേക്കും

ന്യൂഡല്‍ഹി: ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്രംഗ് പൂനിയയും കോണ്‍ഗ്രസില്‍ ചേര്‍ന്നു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇവര്‍ മത്സരിക്കും.

ജനനായക് ജനതാ പാര്‍ട്ടിയുടെ അമര്‍ജീത്ത് ദന്തയ്‌ക്കെതിരെ ജുലാനയില്‍ വിനേഷ് ഫോഗട്ട് മത്സരിക്കും. അതേസമയം പൂനിയ ബദ്ലി സീറ്റിലാണ് മത്സരിക്കുക.

പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധി ഇരുവരും ഇന്ന് കണ്ടിരുന്നു. അതിന് ശേഷമാണ് ഇരുവരുടെയും രാഷ്ട്രീയ പ്രവേശനവും തിരഞ്ഞെടുപ്പ് പോരാട്ടവും സ്ഥിരീകരിക്കപ്പെട്ടത്. അതേസമയം കോണ്‍ഗ്രസിന് വലിയ മുന്നേറ്റം ഇരുവരുടെയും വരവിലൂടെ ലഭിക്കുമെന്ന് ഉറപ്പാണ്.

സംസ്ഥാനത്താകെ ആദരിക്കപ്പെടുന്ന താരമാണ് വിനേഷ് ഫോഗട്ടും ബജ്രംഗ് പൂനിയയും. കര്‍ഷക സമരത്തിന് അടക്കം വിനേഷ് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതെല്ലാം ദേശീയ ശ്രദ്ധ നേടിയിരുന്നു. കര്‍ഷകര്‍ നേരത്തെ പൂമാലയണിയിച്ചാണ് വിനേഷിനെ സ്വീകരിച്ചത്. ഒളിംപിക്‌സില്‍ നിന്ന് മടങ്ങി വന്ന സമയത്ത് വലിയ സ്വീകരണവും വിനേഷിന് ലഭിച്ചിരുന്നു.

ഇരുവരും മുന്‍ ഗുസ്തി സംഘടന അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ സിംഗിനെതിരെയുള്ള പോരാട്ടത്തിലൂടെയാണ് പ്രശസ്തരായത്. ഇരുവരുടെയും പോരാട്ടത്തെ തുടര്‍ന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബ്രിജ് ഭൂഷണ് ബിജെപി ടിക്കറ്റ് നിഷേധിച്ചിരുന്നു. പകരം കൈസര്‍ഗഞ്ചില്‍ നിന്ന് മകന്‍ കരണ്‍ ഭൂഷണ്‍ സിംഗാണ് ഈ മണ്ഡലത്തില്‍ നിന്ന് മത്സരിച്ചത്.

ഹിന്ദി ഹൃദയഭൂമി സംസ്ഥാനത്തെ എല്ലാ വിഭാഗം വോട്ടര്‍മാരെയും സ്വാധീനിക്കാന്‍ വിനേഷിന്റെയും പൂനിയയുടെയും വരവ് കോണ്‍ഗ്രസിനെ സഹായിച്ചേക്കും. 2014 മുതല്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനമാണിത്. വിനേഷിന് ലക്ഷകണക്കിന് വരുന്ന കര്‍ഷകരുമായി അടുത്ത ബന്ധമാണ് ഉള്ളത്. കര്‍ഷക സമരത്തില്‍ ഞാന്‍ കര്‍ഷകന്റെ മകളാണെന്നായിരുന്നു വിനേഷിന്റെ പ്രഖ്യാപനം.