സ്പീഡ് ഗവേണര്‍ ലംഘിക്കുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി: മന്ത്രി

സ്പീഡ് ഗവേണര്‍ ലംഘിക്കുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി: മന്ത്രി

 

തിരുവനന്തപുരം ; സ്പീഡ് ഗവേണര്‍ ലംഘിക്കുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഗതാഗത വകുപ്പു മന്ത്രി ആന്റണി രാജു. നിയമ ലംഘനം നടത്തുന്ന വാഹനങ്ങള്‍ക്കുള്ള പിഴ വര്‍ധിപ്പിക്കും. ഡീലര്‍മാരുടെ ഷോറൂമുകളിലും പരിശോധന നടത്തും. അന്യ സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളിലും പരിശോധനയുണ്ടാകും. വടക്കഞ്ചേരിയില്‍ അപകടത്തില്‍ പെട്ട ബസ് അമിത വേഗതയില്‍ അല്ലായിരുന്നുവെന്നും മന്ത്രി പറഞ്ഞു.

മോട്ടോർ വാഹന വകുപ്പ് ബ്ലാക്ക് ലിസ്റ്റ് ചെയ്‌ത വാഹനങ്ങൾക്ക് എതിരെ കർശന നടപടി തുടരും . വടക്കഞ്ചേരി അപകടമുണ്ടാക്കിയ ടൂറിസറ്റ് ബസിന്‍റെ ഉടമയ്ക്ക് എതിരെ കേസെടുക്കും
അപകടത്തില്‍പ്പെട്ട ടൂറിസ്റ്റ് ബസിന്‍റെ ഉടമയ്ക്ക് മോട്ടോർ വാഹന വകുപ്പ് രണ്ട് തവണ അപകട സൂചന നിർദേശം നൽകിയിരുന്നു. വാഹനങ്ങളിൽ സ്‌പീഡ് ഗവർണർ അഴിച്ചുവച്ചാണ് തട്ടിപ്പ് നടത്തുന്നത്. ഇത്തരം തട്ടിപ്പില്‍ ഡീലര്‍മാര്‍ക്ക് ബന്ധമുണ്ടോയെന്ന് പരിശോധിക്കുമെന്നും ടൂറിസ്റ്റ് ബസുകളില്‍ പരിശോധന ശക്തമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

വിനോദ സഞ്ചാരത്തിനായി സ്‌കൂള്‍ അധികൃതര്‍ വാഹനങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ ബ്ലാക്ക് ലിസ്‌റ്റില്‍പ്പെട്ടതാണോയെന്ന് ശ്രദ്ധിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. ഭൂരിപക്ഷ വാഹനങ്ങളും നിയമാനുസൃതമായാണ് മുന്നോട്ട് പോകുന്നത്. എന്നാല്‍ ന്യൂനപക്ഷം വാഹനങ്ങൾ നിയമലംഘനം നടത്തുന്നുമുണ്ട്, മന്ത്രി വ്യക്തമാക്കി

കെഎസ്ആർടിസി സ്വിഫ്റ്റ് ബസുകളുടെ വേഗ പരിധി കൂട്ടിയത് റദ്ദാക്കേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.

ഇതേസമയം  വടക്കഞ്ചേരി അപകടത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന വ്യാപകമായി ഇന്നു മുതല്‍ വാഹനപരിശോധന കര്‍ശനമാക്കി.

നിയമലംഘനം നടത്തുന്ന ബസുകള്‍ ഉള്‍പ്പെടെ എല്ലാ വാഹനങ്ങളും പരിശോധിക്കാന്‍ ഗതാഗത കമ്മീഷണര്‍ നിര്‍ദേശം നല്‍കി.

അന്തര്‍ സംസ്ഥാന വാഹനങ്ങളും പരിശോധിക്കും. ജിപിഎസ് ഘടിപ്പിക്കാത്ത വാഹനങ്ങളെ കണ്ടെത്താനാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. ഹൈക്കോടതി ഇടപെടലിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് നടപടി.

കോട്ടയം ചിങ്ങവനത്ത് വിനോദ യാത്രക്കായി എത്തിയ അഞ്ച് ബസുകള്‍ മോട്ടോര്‍ വാഹന വകുപ്പ് ഇന്നലെ വിലക്കി. ബസുകളില്‍ എയര്‍ഹോണും ലേസര്‍ ലൈറ്റുകളും ഘടിപ്പിച്ചിരുന്നു. വേഗപ്പൂട്ടുകള്‍ വിച്ഛേദിച്ച നിലയിലും കണ്ടെത്തിതിനെ തുടര്‍ന്നാണ് വിലക്കിയത്.

കൊല്ലം കൊട്ടാരക്കരയിലും ബസിനെതിരെ നടപടിയെടുത്തിട്ടുണ്ട്.