യു.എ.ഇയില്‍ പൊതുമാപ്പ് നടപടികള്‍ ഊര്‍ജിതം

യു.എ.ഇയില്‍ പൊതുമാപ്പ് നടപടികള്‍ ഊര്‍ജിതം

ദുബൈ: യു.എ.ഇയില്‍ സെപ്റ്റംബർ ഒന്ന് മുതല്‍ നിലവില്‍ വരുന്ന പൊതുമാപ്പിന് ഒരുക്കങ്ങള്‍ സജീവമായി. നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികള്‍ക്ക് ഔട്ട്പാസ് ഉള്‍പ്പെടെ രേഖകള്‍ ശരിയാക്കാൻ ഇന്ത്യൻ എംബസി സൗകര്യങ്ങള്‍ പ്രഖ്യാപിച്ചു.

പൊതുമാപ്പില്‍ മടങ്ങുന്ന പ്രവാസികള്‍ക്ക് യാത്രാരേഖകള്‍ ശരിയാക്കാൻ ബി.എല്‍.എസ് കേന്ദ്രങ്ങളെ സമീപിക്കാമെന്ന് അബൂദബി ഇന്ത്യൻ എംബസി അറിയിച്ചു. ഇതിന് മുൻകൂട്ടി അപ്പോയിൻമെന്റ് എടുക്കേണ്ട ആവശ്യമില്ല. പാസ്‌പോർട്ട് നഷ്ടപ്പെട്ടവർക്ക് എംബസിയിലെ കോണ്‍സുലാർ ഓഫീസില്‍ നിന്ന് എമർജൻസി സർട്ടിഫിക്കറ്റുകള്‍ നല്‍കും. അപേക്ഷ ലഭിച്ച്‌ 24 മണിക്കൂറിനകം രേഖകള്‍ നല്‍കും.

രേഖകള്‍ ശരിയാക്കി യു.എ.ഇയില്‍ തുടരാൻ ആഗ്രഹിക്കുന്നവർക്ക് കുറഞ്ഞ കാലാവധിയുള്ള പാസ്‌പോർട്ടിന് അപേക്ഷിക്കാം. ഇതിന് ബി.എല്‍.എസ് കേന്ദ്രങ്ങളില്‍ അപേക്ഷ നല്‍കാം. അബൂദബിയില്‍ അല്‍റീം, മുസഫ, അല്‍ഐൻ എന്നിവിടങ്ങളിലെ ബി.എല്‍.എസ് കേന്ദ്രങ്ങള്‍ പൊതുമാപ്പ് കാലത്ത് ഞായറാഴ്ചകളിലും പ്രവർത്തിക്കും. രാവിലെ ഒമ്ബത് മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് പ്രവർത്തന സമയം. യാത്രാരേഖകളുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് 0508995583 എന്ന നമ്ബറില്‍ വിളിക്കാമെന്നും എംബസി അറിയിച്ചു.

പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നവർക്കായി ദുബൈയിലെ 86 ആമർ സെന്ററുകളില്‍ സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് GDRFA അധികൃതർ പറഞ്ഞു.