താമസ വിസ നിയമലംഘകര്‍ക്ക് ഇളവ് പ്രഖ്യാപിച്ച് യു.എ.ഇ
താമസ വിസയുടെ കാലാവധി കഴിഞ്ഞശേഷവും അനധികൃതമായി താമസിക്കുന്ന വിദേശികള്‍ക്ക് രാജ്യം വിടാൻ ഇളവ് പ്രഖ്യാപിച്ച് യു.എ.ഇ.
ആനുകൂല്യം ലഭിക്കുന്നതിനായി വിദേശികളുടെ എൻട്രി, റെസിഡൻസ് നിയമം ലംഘിക്കുന്നവർക്കെതിരെ ചുമത്തിയ പിഴ ഒഴിവാക്കാനോ കുറക്കാനോ ആവശ്യപ്പെട്ട് നിയമലംഘകർ അതോറിറ്റിക്ക് അപേക്ഷ സമർപ്പിക്കണം. ഇതോടൊപ്പം അപേക്ഷകരുടെ പാസ്പോർട്ട്, നിയമം ലംഘിക്കാനും പിഴ ഒടുക്കാതിരിക്കാനുള്ള കാരണം എന്നിവ വ്യക്തമാക്കിയിട്ടുള്ള കത്ത്, പിഴ കമ്മിറ്റി ആവശ്യപ്പെടുന്ന മറ്റ് രേഖകള്‍ എന്നിവ ഹാജരാക്കണം. ഇതിനായി തൊട്ടടുത്തുള്ള കസ്റ്റമർ ഹാപ്പിനസ് സെന്‍ററില്‍ (ആമർ) ഹാജരായി ഓട്ടോമാറ്റഡ് ക്യൂ ടിക്കറ്റ് കരസ്ഥമാക്കണം. തുടർന്ന് പൂരിപ്പിച്ച അപേക്ഷയോടൊപ്പം മതിയായ രേഖകളും കസ്റ്റമർ സർവിസ് ജീവനക്കാരന് സമർപ്പിക്കണം. ഫീസ് ആവശ്യമെങ്കില്‍ അടക്കുകയും വേണമെന്ന് ഐ.സി.പി അറിയിച്ചു.
അബൂദബി ജനറല്‍ അഡ്മിനിസ്ട്രേഷനിലെ അല്‍ അവീർ സെന്‍ററുകളില്‍ തിങ്കള്‍ മുതല്‍ വ്യാഴം വരെ രാവിലെ 7.30 മുതല്‍ രാത്രി ഏഴുവരെയും വെള്ളിയാഴ്ച രാവിലെ 7.30 മുതല്‍ 12 വരെയും ഉച്ചക്ക് 2.30 മുതല്‍ രാത്രി ഏഴുവരെയും സേവനം ലഭ്യമായിരിക്കും. ആമർ സർവിസ് സെന്‍ററുകളില്‍ ഔദ്യോഗിക പ്രവൃത്തി സമയങ്ങളില്‍ സേവനം ലഭിക്കുമെന്നും അധികൃതർ അറിയിച്ചു.