വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് പദവിയിലെത്തുന്ന ആദ്യ വനിത-സൂസി വൈല്‍സ്
"സൂസി കഴിവുള്ളയാളാണ്. മിടുക്കിയാണ്. സാര്‍വത്രികമായി അംഗീകരിക്കപ്പെടുന്ന, ബഹുമാനിക്കപ്പെടുന്ന വ്യക്തിത്വമാണ് അവരുടേത്," പ്രഖ്യാപനത്തിന് പിന്നാലെ ട്രംപ് പറഞ്ഞു.
അമേരിക്കയെ വീണ്ടും ഉയരങ്ങളിലേക്ക് എത്തിക്കാന്‍ സൂസി കഠിനമായി പരിശ്രമിക്കുമെന്നും അമേരിക്കന്‍ ചരിത്രത്തിലെ ആദ്യ വനിതാ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫായി സൂസിയെ നിയമിച്ചത് സ്ത്രീസമൂഹത്തിന് ഒരു വലിയ ബഹുമതിയാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
ട്രംപിന്റെ വിശ്വസ്തയായ സൂസിയെ പിന്തുണയ്ക്കുന്നവരും അംഗീകരിക്കുന്നവരും നിരവധിയാണ്. ട്രംപിന്റെ അനുയായികള്‍ക്കിടയിലും പുറത്തും സൂസിയ്ക്ക് വലിയ സ്വീകാര്യതയുണ്ടെന്നാണ് വിലയിരുത്തല്‍. ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ സുപ്രധാന ഇടപെടല്‍ നടത്തിയ വ്യക്തി കൂടിയാണ് സൂസി വൈല്‍സ്.
പ്രചരണങ്ങളിലുടനീളം പൊതുവേദികളില്‍ വളരെ അപൂര്‍വ്വമായി മാത്രമെ സൂസി പ്രത്യക്ഷപ്പെട്ടിരുന്നുള്ളു. ബുധനാഴ്ച നടന്ന ട്രംപിന്റെ വിജയാഘോഷങ്ങളില്‍ പോലും വേദിയില്‍ കയറി പ്രഭാഷണം നടത്താന്‍ അവര്‍ തയ്യാറായിരുന്നില്ല. പ്രചരണ മാനേജര്‍ എന്ന ഔദ്യോഗിക പദവി സ്വീകരിക്കാനും സൂസി മടിച്ചിരുന്നു. ഫെഡറല്‍ ഗവണ്‍മെന്റ് രീതികള്‍ സംബന്ധിച്ച അനുഭവജ്ഞാനം കുറവാണെങ്കിലും ട്രംപുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന വ്യക്തിയാണ്.