മലയാള സിനിമാ മേഖലയില്‍നിന്നു മോശം അനുഭവം ഉണ്ടായി: നടി സുപര്‍ണ ആനന്ദ്

മലയാള സിനിമാ മേഖലയില്‍നിന്നു മോശം അനുഭവം ഉണ്ടായി: നടി സുപര്‍ണ ആനന്ദ്

ന്യൂഡല്‍ഹി: മലയാള സിനിമാ മേഖലയില്‍നിന്നു തനിക്കു മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്നു നടി സുപര്‍ണ ആനന്ദ്. വൈശാലി, ഞാന്‍ ഗന്ധര്‍വന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതയാണ് സുപർണ.

സിനിമാ മേഖലയിലെ പ്രശ്നങ്ങള്‍ക്ക് ഇനിയെങ്കിലും പരിഹാരം വേണമെന്നും സുപര്‍ണ പറഞ്ഞു.

''സിനിമയില്‍ വനിതകള്‍ വലിയ പ്രയാസം നേരിടുന്നുണ്ട്. എനിക്കും മലയാള സിനിമയില്‍നിന്നു ദുരനുഭവമുണ്ടായി. വർഷങ്ങള്‍ക്കു മുൻപു നടന്ന സംഭവമായതിനാല്‍ ഇപ്പോള്‍ കൂടുതല്‍ വെളിപ്പെടുത്തലിനില്ല. പീഡനക്കേസില്‍ പ്രതിയായ നടൻ മുകേഷ് എംഎല്‍എ സ്ഥാനം രാജി വയ്ക്കണം. മുതിർന്ന നടന്മാരായ മമ്മൂട്ടിയും മോഹന്‍ലാലും ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ പ്രതികരിക്കണം.''- സുപർണ അഭിപ്രായപ്പെട്ടു.

മലയാളത്തില്‍ കുറച്ചു സിനിമകളിലേ സുപർണ അഭിനയിച്ചുള്ളൂ. പ്രയാസമുള്ള അനുഭവങ്ങള്‍ കാരണമാണു സിനിമ ഉപേക്ഷിച്ചതെന്നു സുപർണ പറഞ്ഞു. സമ്മര്‍ദങ്ങള്‍ക്കു നിന്നുകൊടുക്കാൻ സാധിക്കാത്തതു കൊണ്ടാണ് സിനിമ വിടേണ്ടി വന്നത്. കാസ്റ്റിങ് കൗച്ച്‌ ഉള്‍പ്പെടെയുള്ള പ്രവണതകള്‍ നേരത്തേ സിനിമയിലുണ്ട്. ഉപദ്രവിച്ചവരുടെ പേര് പുറത്തുപറയാന്‍ നടിമാര്‍ കാണിച്ച ധൈര്യത്തെ അഭിനന്ദിക്കുന്നു. പരാജയമായതു കൊണ്ടാണ് അമ്മ ഭരണസമിതിക്ക് രാജി വയ്ക്കേണ്ടി വന്നതെന്നും സുപര്‍ണ വ്യക്തമാക്കി.