ഫൊക്കാന പിളർപ്പിലേക്കോ?  അതോ രണ്ട് ദിശകളിലേക്കോ? ഫൊക്കാനാ ഇൻ്റർനാഷണൽ  രൂപീകൃതമായി: സണ്ണി മറ്റമന പ്രസിഡൻറ്, ഡോ. കലാ ഷാഹി ചെയർപേഴ്‌സൺ; പ്രവർത്തനോൽഘാടനം 9 ശനി

Nov 5, 2024 - 13:09
Nov 5, 2024 - 14:16
 0  24
ഫൊക്കാന പിളർപ്പിലേക്കോ?  അതോ രണ്ട് ദിശകളിലേക്കോ? ഫൊക്കാനാ ഇൻ്റർനാഷണൽ  രൂപീകൃതമായി: സണ്ണി മറ്റമന പ്രസിഡൻറ്,  ഡോ. കലാ ഷാഹി ചെയർപേഴ്‌സൺ;  പ്രവർത്തനോൽഘാടനം 9 ശനി

മാത്യുക്കുട്ടി ഈശോ

ന്യൂയോർക്ക്:  അമേരിക്കൻ മലയാളീ സംഘടനകളുടെ സംഘടനയായ ഫെഡറേഷൻ ഓഫ് കേരളാ അസ്സോസ്സിയേഷൻസ് ഇൻ നോർത്ത് അമേരിക്ക (FOKANA) വീണ്ടും പിളർപ്പിലേക്ക്. വളരും തോറും പിളരുകയും പിളരുംതോറും വളരുകയും ചെയ്യും എന്ന കേരളാ കോൺഗ്രസ്സിന്റെ ആപ്തവാക്യം അന്വർഥമാക്കും വിധം "ഫൊക്കാനാ ഇൻ്റർനാഷണൽ" എന്ന നാമധേയത്തിൽ ലോകമെമ്പാടും വ്യാപിക്കുവാൻ തയ്യാറെടുത്ത്  സണ്ണി മറ്റമനയുടെയും  കലാ ഷാഹിയുടെയും നേതൃത്വത്തിൽ ഇൻ്റർനാഷണൽ സംഘടനയായി ഫൊക്കാന വഴിപിരിയുന്നു. ഇനി FOKANA INTERNATIONAL എന്ന പേരിലും FOKANA, Inc എന്ന പേരിലും രണ്ട് വിഭാഗങ്ങളായി മലയാളീ അംബ്രല്ലാ സംഘടനകളുടെ എണ്ണം വർദ്ധിക്കുകയാണ്. ഏതാനും വർഷങ്ങളായി ഫൊക്കാനയ്ക്കുള്ളിൽ പുകഞ്ഞു കൊണ്ടിരുന്ന വിഭാഗീയത മൂർച്ഛിച്ച് ഇപ്പോൾ രണ്ടായി പിരിഞ്ഞ് രണ്ട് ദിശകളിലേക്ക് പ്രയാണം ചെയ്യുകയാണ്.  കഴിഞ്ഞ ജൂലൈയിൽ വാഷിങ്ങ്ടൺ ഡി.സി.യിൽ നടന്ന വാശിയേറിയ മത്സരത്തിൽ തെരഞ്ഞെടുക്കപ്പെട്ട സജിമോൻ ആൻറണിയുടെ നേതൃത്വത്തിലുള്ള സംഘടനയെ അവഗണിച്ചു കൊണ്ട് അവർക്ക് എതിരായി മത്സരിച്ച ടീമാണ് ഫൊക്കാനാ ഇൻ്റർനാഷണൽ എന്ന നാമധേയത്തിൽ അമേരിയ്ക്കക്ക് വെളിയിലേക്ക് കൂടി വ്യാപരിച്ച്  ഇൻ്റർനാഷണൽ സംഘടനയായി രൂപമാറ്റം നടത്തുന്നത്.

1983-ൽ  സ്ഥാപിതമായ  ഫൊക്കാനാ  ഇതിനു മുമ്പ് 2008 -ൽ നടന്ന ദ്വൈവാർഷിക കോൺഫെറെൻസിൽ വച്ചാണ്  പിളർന്ന്  ഫോമാ എന്ന പേരിൽ മറ്റൊരു  പുതിയ സംഘടന രൂപീകൃതമായത്.  അന്ന് മുതൽ ഫൊക്കാനയും  ഫോമായും രണ്ട് വ്യത്യസ്ത സംഘടനകളായി മത്സരിച്ച് മുന്നേറുകയായിരുന്നു. 2018-2020 കാലഘട്ടത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പ്രസിഡൻറ് മാധവൻ നായരുടെ കാലയളവിൽ ഫൊക്കാനയിൽ ചില വിഭാഗീയതയും അസ്വാരസ്യങ്ങളും രൂപപ്പെടുകയും ചില നിയമ നടപടികളിലേക്ക് അത് വലിച്ചിഴക്കപ്പെടുകയും  ചെയ്തിരുന്നു. പിന്നീട് 2022-ൽ അടുത്ത രണ്ടു വർഷത്തെ കാലാവധിയായ 2022-2024-ലേക്ക്   ഡോ. ബാബു സ്റ്റീഫൻ തെരഞ്ഞെടുക്കപ്പെട്ടപ്പോൾ ഫൊക്കാനയെ അന്തർദേശീയ സംഘടനാ എന്ന നിലയിലേക്ക് ഉയർത്തുന്നതിന് മുന്നോടിയായി ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഗൾഫ് രാജ്യങ്ങളിലും ശാഖകൾ രൂപീകരിക്കുന്നതിനുള്ള പ്രാരംഭ നടപടികൾ കൈക്കൊണ്ടിരുന്നു. അത് സംഘടനക്കുള്ളിലെ വിഭാഗീയത  വീണ്ടും  വർദ്ധിപ്പിച്ചു.

പ്രസ്തുത കാലയളവിൽ ബാബു സ്റ്റീഫനോപ്പം ജനറൽ സെക്രട്ടറി ആയി പ്രവർത്തിച്ചിരുന്ന ഡോ. കലാ ഷാഹി 2024-ൽ നടന്ന മത്സരത്തിൽ പ്രസിഡൻറ് സ്ഥാനത്തേക്ക് മത്സരിച്ചിരുന്നു എങ്കിലും അവരുടെ ടീമിൽ ആർക്കും വിജയിക്കാനായില്ല. 2024-ൽ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട സജിമോൻ ആന്റണിയുടെ നേതൃത്വത്തിൽ ഒരു പറ്റം സ്ഥാനമോഹികളായ ചിലരുടെ കുത്സിത പ്രവർത്തനങ്ങളിലൂടെയും കള്ള വോട്ടിലൂടെയുമാണ് അവർ വിജയികളായത് എന്നാണ് കലാ ഷാഹിയുടെ നേത്ര്യത്വത്തിലുള്ള ടീം അവകാശപ്പെടുന്നത്.

അതിനാൽ സജിമോൻ ആൻറണിയുടെ നേതൃത്വത്തെ അവർ അംഗീകരിക്കുവാൻ തയ്യാറായില്ല. 2008-ൽ ഫൊക്കാന പിളർന്നപ്പോൾ മെരിലാൻഡ് സംസ്ഥാനത്താണ് പുതിയ ഫൊക്കാന രജിസ്റ്റർ ചെയ്തിരുന്നതെന്നും   യഥാർത്ഥ റെജിസ്ട്രേഷനായ ഫെഡറേഷൻ ഓഫ് അസ്സോസ്സിയേഷൻസ് ഇൻ നോർത്ത് അമേരിക്കയുടെ ചുരുക്കപ്പേരായ FOKANA അടർത്തിയെടുത്ത്  FOKANA, Inc  എന്ന കള്ള പേരിലാണ് സജിമോൻറെ നേതൃത്വത്തിലുള്ള ഫൊക്കാന പ്രവർത്തിക്കുന്നത് എന്നുമാണ്  ഇപ്പോഴത്തെ ഭാഷ്യം. സജിമോൻറെ പ്രസിഡൻറ് സ്ഥാനാർഥിത്വം അംഗീകരിക്കുവാൻ കഴിയില്ലെന്നും FOKANA, Inc എന്നൊരു സംഘടന യഥാർത്ഥത്തിൽ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളതല്ലെന്നുമാണ് കലാ ഷാഹിയുടെ നേതൃത്വത്തിലുള്ളവർ അവകാശപ്പെടുന്നത്.

ഇപ്പോൾ ഫൊക്കാനയ്ക്ക്  അന്താരാഷ്ട്രീയ മുഖഛായ ഉണ്ടെന്നും അതിനാൽ ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളിലെ മലയാളീ സംഘടനകളെ കോർത്തിണക്കിക്കൊണ്ട് FOKANA INTERNATIONAL എന്ന രീതിയിൽ പ്രവൃത്തിക്കണമെന്നുമാണ്  കലാ ഷാഹിയുടെയും സണ്ണി മറ്റമനയുടെയും  നേതൃത്വത്തിലുള്ള ടീം പ്രത്യാശിക്കുന്നത്.   ഇതിനോടകം ഇരുപത്തിരണ്ട് രാജ്യങ്ങളിൽ നിന്നായി നൂറു കണക്കിന് മലയാളീ സംഘടനകൾ ഫൊക്കാനാ ഇന്റർനാഷണലുമായി ഒത്തു ചേർന്ന് അംഗ സംഘടനകളായി പ്രവർത്തിക്കുവാൻ സന്നദ്ധത പ്രകടിപ്പിച്ച് എത്തിയിട്ടുണ്ട് എന്നാണ് പുതിയ ഭാരവാഹികൾ അവകാശപ്പെടുന്നത്. 

ഫൊക്കാന ഇന്റർനാഷണലിന്റെ പ്രവർത്തനോദ്ഘാടനവും പത്ര സമ്മേളനവും നവംബർ 9 ശനിയാഴ്ച്ച ഉച്ചയ്ക്ക് 1:00  മണി  മുതൽ വൈകിട്ട് 5:00 മണി വരെയുള്ള സമയത്ത്  നാനൂറ്റ്  ഹിൽട്ടൺ ഗാർഡൻ ഇൻ ഹോട്ടലിൽ വച്ച്  (Hilton Garden Inn Hotel, 270 NY-59, Nanuet, NY 10954) നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ നടത്തി വരുന്നു.  ദീർഘകാലം സംഘടനാ പ്രവർത്തിപരിചയം കൈമുതലായുള്ള അറുപതംഗ എക്സിക്യൂട്ടീവ് കമ്മറ്റിയാണ് ഇപ്പോൾ രൂപീകരിക്കപ്പെട്ടിരിക്കുന്നത്.    സണ്ണി മറ്റമന (പ്രസിഡൻറ്), എബ്രഹാം ഈപ്പൻ (ജനറൽ സെക്രട്ടറി), സണ്ണി ജോസഫ് (ട്രഷറർ), ഡോ. കലാ ഷാഹി (ഇന്റർനാഷണൽ കോഓർഡിനേറ്റിംഗ് ചെയർപേഴ്‌സൺ), റെജി കുര്യൻ (ഇന്റർനാഷണൽ കോഓർഡിനേറ്റർ),  ഡോ. ജേക്കബ്  ഈപ്പൻ (എക്സിക്യൂട്ടീവ് വൈസ് പ്രസിഡൻറ്), റോയി  ജോർജ് (വൈസ് പ്രസിഡൻറ്), പ്രിൻസൺ  പേരപ്പാടൻ  (അസ്സോസ്സിയേറ്റ് സെക്രട്ടറി),  ഡോ. അജു ഉമ്മൻ (അസ്സോസ്സിയേറ്റ് ട്രഷറർ),  തോമസ് എം. ജോർജ്  (അഡീഷണൽ അസ്സോസ്സിയേറ്റ് സെക്രട്ടറി), റോണി വർഗ്ഗീസ്  (അഡീഷണൽ  അസ്സോസ്സിയേറ്റ് ട്രഷറർ),  ഡോ. നീനാ ഈപ്പൻ (വിമൻസ് ഫോറം ചെയർപേഴ്‌സൺ) എന്നിവരടങ്ങുന്ന എക്സിക്യൂട്ടീവ് കമ്മറ്റിയും മറ്റ് അൻപതോളം പേരടങ്ങുന്ന കമ്മറ്റി അംഗങ്ങളും ചേരുന്ന ഭരണ സമിതിയേയാണ് ഇപ്പോൾ രൂപീകരിച്ചിരിക്കുന്നത്.

നവംബർ 9 ശനിയാഴ്ച്ച ഉച്ചയ്ക്ക് 1:00  മണി  മുതൽ വൈകിട്ട് 5:00 മണി വരെയുള്ള സമയത്ത്  നാനൂറ്റ്  ഹിൽട്ടൺ ഗാർഡൻ ഇൻ ഹോട്ടലിൽ വച്ച്  (Hilton Garden Inn Hotel, 270 NY-59, Nanuet, NY 10954) നടത്തപ്പെടുന്ന പ്രാഥമിക ഫൊക്കാനാ ഇന്റർനാഷണൽ എക്സിക്യൂട്ടീവ് യോഗത്തിലേക്ക് ഫൊക്കാനയുടെ നല്ല ഭാവി പ്രതീക്ഷിക്കുന്ന എല്ലാ മലയാളീ സുഹൃത്തുക്കളെയും പ്രത്യേകം ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.  കൂടുതൽ വിവരങ്ങൾക്ക്:  റോബർട്ട് അരീച്ചിറ (845-309-6849); ഡോ. അജു ഉമ്മൻ (347-869-7641) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.