അര്‍ജന്റീനയ്‌ക്കെതിരായ ലോക കപ്പ് ജയം ; സൗദിയില്‍ നാളെ പൊതു അവധി

അര്‍ജന്റീനയ്‌ക്കെതിരായ  ലോക കപ്പ് ജയം ; സൗദിയില്‍ നാളെ പൊതു അവധി

 

 

ജിദ്ദ: ഖത്തര്‍ ലോകകപ്പ് ഫുട്ബാള്‍ ടൂര്‍ണമെന്റില്‍ അര്‍ജന്റീനക്കെതിരെ സൗദി ടീം നേടിയ അട്ടിമറി വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച്‌ നാളെ സൗദിയില്‍ പൊതു അവധി.

സൗദി ഭരണാധികാരി സല്‍മാന്‍ രാജാവാണ് പൊതു അവധി പ്രഖ്യാപിച്ചത്. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ നിര്‍ദേശത്തെത്തുടര്‍ന്നാണ് സല്‍മാന്‍ രാജാവിന്റെ ഉത്തരവ്.

രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ മുഴുവന്‍ സ്ഥാപങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും.

ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്നായിരുന്നു അര്‍ജന്റീനയെ വീഴ്ത്തിയ സൗദിയുടെ ജയം. ലുസൈല്‍ മൈതാനത്തെ ഗ്രൂപ്പ്‌ സി ആവേശപ്പോരില്‍ രണ്ട് തവണ ലോക ജേതാക്കളായ മെസ്സി സംഘത്തെ ഒന്നിനെതിരെ രണ്ടു ഗോളിന് ആണ് സൗദി മറികടന്നത്.

10ാം മിനിറ്റില്‍ പെനാല്‍റ്റി ഗോള്‍ ആക്കി മെസ്സി അര്‍ജന്റീനക്ക് ലീഡ് നല്‍കി, ആദ്യപകുതിയില്‍ വന്‍ മാര്‍ജിനില്‍ വിജയത്തിലേക്ക് എന്ന് തോന്നിപ്പിച്ചതിന് പിന്നാലെയാണ് രണ്ടുവട്ടം ഗോള്‍ വഴങ്ങി തോല്‍വി ചോദിച്ചുവാങ്ങിയത്. അര്‍ജന്റീന മൂന്ന് തവണ വല കുലുക്കിയത് ഓഫ് സൈഡ് കെണി ഒരുക്കി ഇല്ലാതാക്കിയാണ് സൗദിയുടെ വിജയം.

തുടര്‍ച്ചയായ 36 കളികള്‍ തോല്‍വി അറിയാതെ കുതിച്ച അര്‍ജന്റീന തന്നെയായിരുന്നു ആദ്യാവസാനം കളി നയിച്ചത്. എന്നാല്‍, എതിര്‍മുന്നേറ്റത്തെ കോട്ടകെട്ടി കാത്തും കിട്ടിയ അവസരങ്ങള്‍ പാഴാക്കാതെയും സൗദി ലോകകപ്പ് ചരിത്രത്തിലെ തങ്ങളുടെ നാലാമത്തെ വിജയം സ്വന്തമാക്കി.

സാല അല്‍ ഷെഹ്‌റി (48), സാലെം അല്‍ ഡവ്‌സാരി (53) എന്നിവരാണ് സൗദിക്കായി ഗോള്‍ നേടിയത്. ആദ്യ പകുതിയുടെ 10-ാം മിനിറ്റില്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സി പെനല്‍റ്റിയില്‍നിന്നാണ് അര്‍ജന്റീനയുടെ ഗോള്‍ നേടിയത്.