നിയുക്ത ഫൊക്കാന പ്രസിഡന്റ്  ഡോ. സജിമോൻ ആന്റണിക്ക് സ്വീകരണം

നിയുക്ത ഫൊക്കാന പ്രസിഡന്റ്  ഡോ. സജിമോൻ ആന്റണിക്ക് സ്വീകരണം
ഷാജി വർഗീസ്


ന്യൂ ജേഴ്‌സി: ഫൊക്കാനയുടെ 2024-2026 പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഡോ. സജിമോൻ  ആന്റണിക്ക്  മാതൃ സംഘടനയായ MANJ ( മലയാളീ  അസോസിയേഷൻ ഓഫ്  ന്യൂ ജേഴ്‌സി) സ്വീകരണം നൽകി. MANJ ട്രസ്റ്റി ബോർഡിന്റെയും എക്സിക്യൂട്ടീവ്  കമ്മിറ്റിയുടെയും നേതൃത്വത്തിൽ പ്രസിഡന്റ് ഡോ . ഷൈനി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മഞ്ച്  ട്രസ്റ്റി ബോർഡ് ചെയർമാൻ ഷാജി വർഗീസ് ഡോ . സജിമോൻ ആന്റണിയെ പൊന്നാട അണിയിച്ച്  ആദരിച്ചു.



2011 ൽ സ്ഥാപിതമായ മഞ്ചിനെ സംബന്ധിച്ചിടത്തോളം വളരെ അഭിമാനാർഹമായ നേട്ടമാണ് എന്ന്  ഡോ . ഷൈനി രാജു അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.
ഫൊക്കാന നാഷണൽ കമ്മിറ്റി മെമ്പർ എന്ന നിലയിൽ തുടക്കം കുറിച്ച ഡോ . സജിമോൻ ആന്റണി 2018-20 കാലഘട്ടത്തിൽ ഫൊക്കാന ട്രഷറർ , 2020-22 കാലഘട്ടത്തിൽ ഫൊക്കാന ജനറൽ സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചു. ഡോ .സജിമോൻ സെക്രട്ടറി ആയിരുന്ന കാലഘട്ടത്തിൽ അനേകം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയുണ്ടായി. ഫൊക്കാന ഭവനം പദ്ധതി, ഫൊക്കാനയുടെ നേതൃത്വത്തിൽ കോവിഡ് കാലഘട്ടത്തിൽ കേരളത്തിലേക്ക് മെഡിക്കൽ ഉപകരണങ്ങൾ അയച്ചത് തുടങ്ങി നിരവധി പദ്ധതികൾ നടപ്പാക്കുകയുണ്ടായി. താൻ നയിച്ച ഡ്രീം ടീമിലെ മുഴുവൻ സ്ഥാനാർഥികളെയും ഉജ്വല വിജയത്തിലേക്ക് എത്തിക്കുവാൻ ഡോ . സജിമോൻ ആന്റണിയുടെ നേതൃത്വത്തിന് സാധിച്ചു.

ഫൊക്കാനയുടെ അടുത്ത രണ്ട് വർഷത്തേക്കുള്ള പ്രവർത്തനങ്ങൾക്ക് ഡോ . സജിമോൻ ആന്റണിയുടെ പ്രസിഡന്റ്പദത്തിന് എല്ലാ വിധ ആശംസകളും നേർന്ന് കൊണ്ട് മഞ്ച്  ട്രസ്റ്റി ബോർഡ് ചെയർമാൻ സംസാരിച്ചു. മഞ്ചിന്റെ സ്ഥാപക നേതാക്കന്മാരിൽ ഒരാളുമായ സജിമോനുമായി കഴിഞ്ഞ 20 വർഷത്തിലേറെ പരിചയമുണ്ട്. മഞ്ച്  എന്ന ഈ സംഘടനയെ അതിന്റെ ശൈശവാവസ്ഥയിൽ നിന്ന് ഈ നിലയിലേക്ക് കൈ പിടിച്ചുയർത്തുവാൻ സജിമോൻ വഹിച്ച പങ്ക് വളരെ ശ്ലാഘനീയമാണ് .
ഫൊക്കാനാ പ്രസിഡന്റ് എന്ന നിലയിൽ അടുത്ത രണ്ട് വർഷക്കാലം  മാത്രമല്ല തുടർന്നും അമേരിക്കയിലും കേരളത്തിലും ലോകത്തിലുമുള്ള എല്ലാ മലയാളികളുടെയും ഉന്നമനത്തിനായി ഒട്ടേറെ നല്ല പ്രവർത്തനങ്ങൾ നടപ്പിലാക്കുവാൻ  ഡോ.സജിമോന്റെ നേതൃത്വത്തിലുള്ള ഫൊക്കാനയ്ക്ക് സാധിക്കട്ടെ എന്ന് അദ്ദേഹം  ആശംസിച്ചു . മഞ്ച് സെക്രട്ടറി ആന്റണി കല്ലകാവുങ്കൽ സ്വാഗതം പറഞ്ഞു.

മഞ്ച്  ട്രസ്റ്റി ബോർഡ് മെംമ്പേഴ്‌സായ രാജു ജോയ് , ജെയിംസ് ജോയ് ,മഞ്ച്  എക്സിക്യൂട്ടീവ് കമ്മിറ്റി മെംമ്പേഴ്‌സായ ഷിബുമോൻ മാത്യു , മഞ്ച് ട്രഷറർ അനീഷ് ജെയിംസ്, ഷിജിമോൻ മാത്യു , ലിന്റോ മാത്യു, അരുൺ ചെമ്പരത്തി, മനോജ് വട്ടപ്പള്ളി , സൂസൻ വർഗീസ് , ഷീന സജിമോൻ  എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.  

ഡോ. സജിമോൻ ആന്റണി പ്രസിഡന്റ് ആയതിന് ശേഷമുള്ള പ്രഥമ സ്വീകരണ പരിപാടികൾ വളരെ വിപുലമായ രീതിയിൽ ഓഗസ്റ്റ് 18 ഞായറാഴ്ച്ച വൈകുന്നേരം എഡിസണിലുള്ള റോയൽ ആൽബർട്ട് പാലസിൽ വച്ച് നടത്തപ്പെടുന്നതാണെന്ന് മഞ്ച്  ട്രസ്റ്റി ബോർഡ് ചെയർ  ഷാജി വർഗീസ്, പ്രസിഡന്റ് ഡോ . ഷൈനി രാജു, കൺവീനർ ഷിജിമോൻ മാത്യു എന്നിവർ അറിയിച്ചു.