സന്ധിവാതം ; വര്‍ഷാവസാനത്തോടെ വിരമിച്ചേക്കുമെന്ന് സൈന നെഹ്‌വാള്‍
ന്യൂഡല്‍ഹി: സന്ധിവേദനയോട് പോരാടുകയാണെന്നും ഈ വർഷം അവസാനത്തോടെ ബാഡ്മിന്‍റണില്‍ തന്‍റെ ഭാവി തീരുമാനിക്കേണ്ടിവരുമെന്നും വെളിപ്പെടുത്തി ഒളിമ്ബിക് മെഡല്‍ ജേതാവ് സൈന നെഹ്‌വാള്‍.
ഇത്തരമൊരു അവസ്ഥയില്‍ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരെ എങ്ങനെ വെല്ലുവിളിക്കും? ഉയർന്ന തലത്തിലുള്ള കളിക്കാരുമായി കളിക്കാനും ആഗ്രഹിച്ച ഫലം നേടാനും രണ്ട് മണിക്കൂർ പരിശീലനം ഇപ്പോള്‍ പര്യാപ്തമല്ലെന്നും അവർ കൂട്ടിച്ചേർത്തു. ഞാൻ റിട്ടയർമെന്‍റിനെക്കുറിച്ച് ആലോചിക്കുന്നു. അത് സങ്കടകരമാണ്. ഒരു കായികതാരത്തിന്‍റെ കരിയർ എപ്പോഴും ഹ്രസ്വമാണ്. 9 വയസ്സില്‍ ഞാനിതാരംഭിച്ചു. ഇനി അടുത്ത വർഷമാവുമ്ബോള്‍ 35 ആവുമെന്നും അവർ പറഞ്ഞു. എനിക്ക് ഒരു നീണ്ട കരിയർ ഉണ്ടായിരുന്നുവെന്നതില്‍ ഞാൻ അഭിമാനിക്കുന്നു -അവർ കൂട്ടിച്ചേർത്തു. ഇപ്പോള്‍ ബി.ജെ.പി അംഗം കൂടിയായ താരം ഒരു വർഷം മുമ്ബ് സിംഗപ്പൂർ ഓപ്പണിലാണ് അവസാനമായി കളിച്ചത്. അവിടെ ഓപ്പണിംഗ് റൗണ്ടില്‍ പരാജയപ്പെട്ടു.
മുൻ ലോക ഒന്നാം നമ്ബർ താരമായിരുന്ന ഈ 34കാരി 2012ല്‍ ലണ്ടനില്‍ വെങ്കലത്തോടെ ഒളിമ്ബിക് മെഡല്‍ നേടിയ ആദ്യ ഇന്ത്യൻ ഷട്ടില്‍ താരമായി. പരിക്കുകള്‍ മൂലം തടസ്സപ്പെടുന്നതിന് മുമ്ബ് ഗെയിംസിന്‍റെ മൂന്ന് പതിപ്പുകളില്‍ പങ്കെടുത്തു. ഒളിമ്ബിക്‌സില്‍ മത്സരിക്കുക എന്നത് തന്‍റെ ബാല്യകാല സ്വപ്നമായിരുന്നുവെന്നും തുടർച്ചയായി രണ്ട് പതിപ്പുകള്‍ നഷ്ടമായത് വേദനാജനകമാണെന്നും എന്നാല്‍, ഗെയിംസിലെ തന്‍റെ കളി അഭിമാനത്തോടെയാണ് തിരിഞ്ഞുനോക്കുന്നതെന്നും നെഹ്‌വാള്‍ പറഞ്ഞു