ലൈംഗിക അതിക്രമങ്ങളില്‍ പരാതി നല്‍കാൻ സമിതിയെ നിയോഗിച്ച്‌ നടികര്‍ സംഘം; നടി രോഹിണി അധ്യക്ഷ

ലൈംഗിക അതിക്രമങ്ങളില്‍ പരാതി നല്‍കാൻ സമിതിയെ നിയോഗിച്ച്‌ നടികര്‍ സംഘം; നടി രോഹിണി അധ്യക്ഷ

ചെന്നൈ: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ തമിഴ് സിനിമയില്‍ സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍‌ തടയാൻ നടികർ സംഘം.

സിനിമാ മേഖലയിലെ അതിക്രമത്തെക്കുറിച്ച്‌ പരാതി നല്‍കാൻ താര സംഘടനയായ നടികർ സംഘം കമ്മിറ്റിയെ നിയോഗിച്ചു. നടി രോഹണിയെ കമ്മിറ്റി അധ്യക്ഷയായി നിയോഗിച്ചു.

2019 മുതല്‍ താര സംഘടനയായ നടികർ സംഘത്തില്‍ ആഭ്യന്തര സമിതി പ്രവർത്തിക്കുന്നുണ്ടെങ്കിലും പ്രവർത്തനം സജീവമായിരുന്നില്ല. തുടർന്നാണ് കഴിഞ്ഞ ആഴ്ച ചേർന്ന യോഗത്തില്‍ പ്രവർത്തനം കാര്യക്ഷമമാക്കാൻ തീരുമാനമെടുത്തത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സമിതിയെ നിയോഗിച്ചത്.

ലൈംഗികാതിക്രമം നടത്തുന്നവരെ അഞ്ച് വർഷത്തേക്ക് സിനിമയില്‍ നിന്ന് വിലക്കാൻ തമിഴ് താര സംഘടനയായ നടികർ സംഘം തീരുമാനിച്ചിട്ടുണ്ട്. ഇതടക്കമുള്ള നിർ‌ദ്ദേശങ്ങളും തീരുമാനങ്ങളും ഉള്‍പ്പെടുത്തി നടകർ സംഘം പ്രമേയം പാസാക്കിയിരുന്നു.

നടികർ സംഘവും അതിന്റെ ജെൻഡർ സെൻസിറ്റൈസേഷൻ ആൻഡ് ഇന്റേണല്‍ കംപ്ലയിന്റ്സ് കമ്മിറ്റിയിം ( ജി എസ് ഐ സി സി ) ചെന്നൈയില്‍ ചേർന്ന യോഗത്തിലാണ് തീരുമാനം. ലൈംഗികാതിക്രമങ്ങള്‍ പരിഹരിക്കുന്നതിനും ഇരകളാവുന്ന ആളുകള്‍ക്ക് പിന്തുണ നല്‍കുന്നതിനും ലക്ഷ്യമിട്ടുള്ള വിവിധ പ്രമേയങ്ങളാണ് യോഗം പാസാക്കിയത്.

പരാതി അന്വേഷണത്തിന് ശേഷം ശരിയാണെന്ന് ബോധ്യപ്പെട്ടാല്‍ സിനിമ മേഖലയില്‍ ലൈംഗികാതിക്രമങ്ങള്‍ നടത്തുന്നവരെ അഞ്ച് വർഷത്തേക്ക് വിലക്കണമെന്നതാണ് സമിതി പാസാക്കിയ പ്രമേയങ്ങളില്‍ പ്രധാനം. ഈ ശുപാർശ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് കൈമാറും. പരാതിയുമായി എത്തുന്നവർക്ക് നിയമ സഹായം നല്‍കുമെന്ന് കമ്മിറ്റി അറിയിച്ചു