ന്യൂയോര്‍ക്ക് പള്ളിയിലെ ആദ്യ വനിതാ ഡീന്‍ ആയി മലയാളി വൈദിക

Apr 27, 2025 - 10:46
 0  11
ന്യൂയോര്‍ക്ക് പള്ളിയിലെ ആദ്യ വനിതാ ഡീന്‍ ആയി മലയാളി വൈദിക

കൊച്ചി: ന്യൂയോര്‍ക്ക് സിറ്റിയിലുള്ള കത്തീഡ്രല്‍ ഓഫ് സെന്റ് ജോണ്‍ ദി ഡിവൈനിന്റെ പന്ത്രണ്ടാമത് ഡീനായി മലയാളിയായ വൈദിക. ഇതോടെ ചരിത്ര പ്രസിദ്ധമായ ഗോതിക് പള്ളിയില്‍ ഈ സ്ഥാനം വഹിക്കുന്ന ആദ്യ വനിതയായി റവ. വിന്നി വര്‍ഗീസ്. ന്യൂയോര്‍ക്ക് എപ്പിസ് കോപ്പല്‍ രൂപതയുടെ ബിഷപ്പും കത്തീഡ്രലിന്റെ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാനുമായ റവ.മാത്യു എഫ് ഹെയ്ഡനാണ് നിയമനം പ്രഖ്യാപിച്ചത്. ജൂലൈ 1ന് റവ. വിന്നി സ്ഥാനമേല്‍ക്കും.

പത്തനംതിട്ട സ്വദേശിയായ വിന്നിയുടെ മാതാപിതാക്കള്‍ വിന്നി കുട്ടിയായിരിക്കുമ്പോള്‍ തന്നെ അമേരിക്കയിലേക്ക് കുടിയേറിയവരാണ്. ജോര്‍ജിയയിലെ അറ്റ്‌ലാന്റയിലുള്ള സെന്റ് ലൂക്ക്‌സ് എപ്പിസ്‌കോപ്പല്‍ പള്ളിയുടെ റെക്ടറായി സേവനമനുഷ്ഠിക്കുന്നതിനിടെയാണ് പുതിയ സ്ഥാനം ഏറ്റെടുക്കുന്നത്.

മാര്‍ത്തോമാ സിറിയന്‍ പള്ളിയിലാണ് മതപരമായ വേരുകള്‍ ഉള്ളതെങ്കിലും വിന്നിയുടെ മാതാപിതാക്കള്‍ ഇപ്പോള്‍ ടെക്‌സസിലെ ഹൂസ്റ്റണിലുള്ള ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യ(സിഎസ്‌ഐ)യില്‍ ചേര്‍ന്നു.