പവർ ഗ്രൂപ്പുകൾ : എബ്രഹാം കുര്യൻ എഴുതുന്നു
ഓമനയ്ക്ക്
പട്ടേലരുടെ
സെൻ്റിൻ്റെ
നല്ല മണം!
അമർത്യാസെൻ പറഞ്ഞതുപോലെ പവർ മാഫിയാ അഥവാ പവർ ഗ്രൂപ്പ് എന്നൊന്നില്ല എന്ന് അവർ തന്നെ പറഞ്ഞു കൊണ്ടിരിക്കും.
കൂടുതൽ പണമുള്ളവർ, അധികാരമുള്ളവർ, സ്വാധീനമുള്ളവർ, അണികളുള്ളവർ.. അവർ എവിടെയും പവർ ഗ്രൂപ്പുകളായിരിക്കും.
സിനിമയിലുണ്ട് പവർ ഗ്രൂപ്പ്.
സാഹിത്യത്തിലില്ലേ? ഒരു സാഹിത്യ മാസികയുടെ പത്രാധിപരും
വനിതാ എഴുത്തുകാരിയുമുൾപ്പെടെയുള്ള അഞ്ചാറു പേരല്ലേ മലയാള സാഹിത്യത്തിലെ
പവർ ഗ്രൂപ്പ്?
പവർ മാഫിയകളോ ഗ്രുപ്പുകളോ അല്ലേ മാറി മാറി ഭരിക്കുന്നത്? ഓരോ രാഷ്ട്രീയ പാർട്ടികളിലും പവർ ഗ്രൂപ്പുകളില്ലേ? രാഷ്ടീയ പ്രവർത്തകരെല്ലാം ഒരു പോലാണോ?
ഇന്ത്യയിലെ സന്യാസിമാരിലെ പവർ ഗ്രൂപ്പിനെ എല്ലാവർക്കും അറിയാമല്ലോ?
വിവിധ ക്രൈസ്തവ സഭകളിൽ ഒരെണ്ണമല്ലേ സൂപ്പർ പവർ ഗ്രൂപ്പ്?
ഓരോ സഭകളിലും അധികാരവും സ്വാധീനവും പണവും ഉള്ളവർ ചേർന്ന പവർ ഗ്രൂപ്പുകളില്ലേ?
ജാതി-സമുദായ സംഘടനകളിലെയൊക്കെ കഥ ഒന്നു തന്നെയല്ലേ?
പത്രങ്ങളിൽ ഒന്നോ രണ്ടോ പത്രങ്ങളല്ലേ പവർ ഗ്രൂപ്പ്?
പോലീസ് പിടിക്കുമ്പോൾ ഞാൻ ഇന്ന പത്രത്തിലെ ആളാണെന്ന് പറയുന്നത് കണ്ടിട്ടില്ലേ?
ലോകത്തിലെ ഇരുനൂറിനടുത്ത് രാജ്യങ്ങളിൽ പവർ മാഫിയാ ,പവർ ഗ്രൂപ്പ് രാജ്യങ്ങളല്ലേ ലോകം നയിക്കുന്നത്.
സർക്കാർ ഓഫീസുകളിൽ , ഫോഴ്സുകളിൽ, ജാതികളിൽ, സമുദായങ്ങളിൽ, സ്കൂളിൽ, കോളജിൽ, കളിക്കളത്തിൽ ,ബിസിനസ്സിൽ, സാമൂഹ്യ സംഘടനകളിൽ എന്തിന് കൊള്ള/ ക്വട്ടേഷൻ സംഘങ്ങളിൽ വരെ എവിടെയാണ് പവർ ഗ്രൂപ്പ് ഇല്ലാത്തത്?
എല്ലായിടത്തും പണവും സ്വാധീനവും അധികാരവുമുള്ളവർ പവർ മാഫിയാകളാണ്. പവർ ഗ്രൂപ്പുകളാണ്.
അവരാണ് ലീഡ്. തീരുമാനങ്ങൾ അവരെടുക്കും. അതിനുള്ള വര അവർ വരയ്ക്കും. (അധികാരശ്രേണിയും മാനേജ്മെൻറുമൊക്കെ ചേർന്നുള്ള ലീഡർഷിപ്പ് സംവിധാനത്തെക്കുറിച്ചല്ല പറയുന്നത് )
പവർ ഗ്രൂപ്പ് രൂപപ്പെടുത്തിയ എലിപ്പത്തായത്തിനുള്ളിൽ ഏറാൻ മൂളികൾ ഓടിക്കളിക്കും.അവർ പവർ ഗ്രൂപ്പുകളെക്കുറിച്ച് വാഴ്ത്തു പാട്ടുകൾ പാടി നടക്കും.
തൊമ്മികൾ !
തൊമ്മികൾ പോലുമാകാതെ പോകുന്നവരുമുണ്ട്.
ലോകമുണ്ടായതു മുതൽ പട്ടേലരുടെ കൈയിലാണ് ലോകം.
ഓമനയ്ക്ക് പട്ടേലരുടെ മണമാണെന്ന് പറഞ്ഞ് പലപ്പോഴും തൊമ്മികൾ അഭിമാനിക്കും.
പവർ ഗ്രൂപ്പുകളാണ് ലോകം തിരിക്കുന്നത്. സമൂഹത്തിൻ്റെ സമസ്ത മേഖലകളിലും കാര്യങ്ങൾ പവർ ഗ്രൂപ്പ് തീരുമാനിക്കും.
ആര് അഭിനയിക്കണം, ആര് പാടണം,
ആര് എഴുതണം,
ആര് തട്ടുകട നടത്തണം,
ആര് സഭ നയിക്കണം,
ആര് പ്രോഗ്രാം നടത്തണം,
ആര് എന്ത് വായിക്കണം,
എന്ത് കഴിക്കണം, എന്ത് ഉടുക്കണം, ആര് മരിക്കണം,
ആര് ഇവിടെ ജീവിക്കണം... ഇതൊക്കെ തീരുമാനിക്കുന്നത് പവർ ഗ്രൂപ്പുകളാണ്.
ഭൂരിപക്ഷം അവരെ നമ്പും. ചിലപ്പോൾ ചിലർ ചുമ്മാ ഒന്ന് ഇടയും. അത്രേയുള്ളൂ. ചിലപ്പോൾ ഒരു
ഹമ്മിംഗ് പക്ഷി.
ഒരു മിന്നാമിനുങ്ങ്. ഉണ്ടായേക്കാം.
എല്ലാവർക്കും പവർ ഗ്രൂപ്പ് ആകാനാണ് ആഗ്രഹവും.
ബസിൽ മോഷണക്കുറ്റം ചുമത്തി ആരോരുമില്ലാത്ത തമിഴത്തിയെ
പവർ ഗ്രൂപ്പ് തല്ലിച്ചതയ്ക്കുന്നത് കണ്ടിട്ടില്ലേ?
ഡോക്ടറെ കാണാൻ കാത്തിരിക്കുന്നതിനിടയിൽ ,
പവർ ഗ്രൂപ്പുകാരൻ, എന്തിൻ്റെയൊക്കെയോ പേരിൽ
ക്യൂ തെറ്റിച്ച് ആദ്യം ഡോക്ടറെ കാണുന്നത് കണ്ടിട്ടില്ലേ?
ഇതാണ് ലോകം.
ഹേമ കമ്മറ്റിയൊക്കെ പൊക്കി പിടിച്ച് സിനിമാലോകത്ത് മാത്രം,
പവർ മാഫിയാ,
പവർ ഗ്രൂപ്പ് എന്നൊക്കെ പറഞ്ഞ് കത്തിക്കയറും.
എല്ലാവർക്കും നിയമം ഒരുപോലെ.
തുല്യനീതി.
തുല്യ അവസരം....
ചർച്ച പൊടിപൊടിക്കും.
ചുമ്മാ!
അവസാനം പട്ടേലര് നെഞ്ച് നോക്കി ചവിട്ടിയിട്ട് പറയും:
" സന്ധ്യ നേരത്ത് ഓരോ ശകുനം മുടക്കികൾ കേറി വന്നിരിക്കുന്നു."
കരഞ്ഞു കൂകി തൊമ്മി ചോദിക്കും:
" അയ്യോ..
യശമാനനേ...
ഇതെന്തിനാ?"
പട്ടേലര് ഗർജ്ജിക്കും:
"വായടയ്ക്കടാ പട്ടീ! "
Livingleaf views paper
Abraham Kurien.