പ്രധാനമന്ത്രി മോദി സിംഗപ്പൂരില്‍

പ്രധാനമന്ത്രി മോദി സിംഗപ്പൂരില്‍

സിംഗപ്പൂര്‍: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി സിംഗപ്പൂരിലെത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്നതിനും ഏഷ്യന്‍ രാജ്യത്തുനിന്നുള്ള നിക്ഷേപം ആകര്‍ഷിക്കുന്നതും ലക്ഷ്യമിട്ടാണ് സന്ദര്‍ശനം.

മോദി മൂന്നാം വട്ടം അധികാരത്തിലേറിയതിന്‍റെ ആദ്യഘട്ടത്തിലും സിംഗപ്പൂരില്‍ പുതിയ പ്രധാന മന്ത്രി ലോറന്‍സ് വോങ് ചുമതല ഏറ്റെടുത്തതിന് പിന്നാലെയുമാണ് ഈ സന്ദര്‍ശനമെന്നത് ശ്രദ്ധേയമാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം പുത്തന്‍ തലത്തിലേക്ക് കൊണ്ടുപോകാന്‍ ഈ സന്ദര്‍ശനം സഹായകമാകും.

ആരോഗ്യം, നൈപുണ്യ ശേഷി, ഡിജിറ്റല്‍ മേഖല എന്നിവയില്‍ കൈകോര്‍ക്കാനുള്ള പദ്ധതികള്‍ക്ക് ധാരണയാകുമെന്നാണ് വിവരം. ബ്രൂണയ് സന്ദര്‍ശനത്തിന് ശേഷമാണ് മോദി സിംഗപ്പൂരിലെത്തിയത്. പ്രതിരോധം, വ്യാപാര നിക്ഷേപം, ഊര്‍ജം തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ സഹകരണ പദ്ധതികള്‍ ബ്രൂണയ് സുല്‍ത്താന്‍ ഹസനല്‍ ബോല്‍ക്കിയുമായി ചര്‍ച്ച ചെയ്തു.

സിംഗപ്പൂരില്‍ ഇത് അഞ്ചാം തവണയാണ് മോദി സന്ദര്‍ശനം നടത്തുന്നത്. സിംഗപ്പൂര്‍ ആഭ്യന്തര-നിയമ മന്ത്രി കെ ഷണ്‍മുഖം ആണ് മോദിയെ സ്വീകരിച്ചത്.