അബുദാബി: ലുലു ഗ്രൂപ്പിന് കീഴിലെ ലുലു റീറ്റെയിലിന്റെ പ്രാരംഭ ഓഹരി വില്‍പനയ്ക്ക് (ഐപിഒ) യുഎഇയില്‍ തുടക്കമായി. ഐപിഒ ആരംഭിച്ച് ആദ്യ മണിക്കൂറില്‍ തന്നെ ഓഹരികള്‍ പൂർണമായും സബ്സ്ക്രൈബ് ചെയ്തു.
1.94 ദിർഹം മുതല്‍ 2.04 ദിർഹം വരെയാണ് ഇഷ്യൂവില ( 44.40 രൂപ മുതല്‍ 46.69 രൂപവരെ).
ഐപിഒയിലൂടെ സമാഹരിക്കാൻ കമ്ബനി ലക്ഷ്യമിടുന്നത് 136 കോടി ഡോളർ മുതല്‍ 143 കോടി ഡോളർ (11,424 കോടി രൂപ മുതല്‍ 12,012 കോടി രൂപവരെ) വരെയാണ്.
യുഎഇയിലെ ഈ വർഷത്തെ ഏറ്റവും വലിയ ഐപിഒ എന്ന റെക്കോർഡാണ് ലുലു സ്വന്തമാക്കുന്നത്. യുഎഇയിലെ ഏറ്റവും വലിയ റീറ്റെയിലർ ഐപിഒ, യുഎഇയിലെ ഏറ്റവും വലിയ സ്വകാര്യ കമ്ബനി ഐപിഒ എന്നിങ്ങനെ റെക്കോർഡുകളും ലുലുവിന് സ്വന്തമാകും.
അബുദാബി സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ഇടപാട് നടത്താനാവശ്യമായ എൻഐഎൻ ഉണ്ടെങ്കില്‍ ലുലു റീറ്റെയില്‍ ഓഹരി ഇന്ത്യയില്‍ നിന്നും വാങ്ങാനാകും. പുറമേ യുഎഇയില്‍ ബാങ്ക് അക്കൗണ്ടും വേണം അല്ലെങ്കില്‍ ഇന്റർനാഷണല്‍ ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കണം.
ഇന്ത്യയിലെ നിയമങ്ങള്‍ക്ക് കൂടി വിധേയമായാകും ഓഹരിക്കായി അപേക്ഷിക്കാനാകുക. ഓഹരികള്‍ വാങ്ങാൻ താല്‍പര്യമുള്ളവർ ഐപിഒയുടെ റിസീവിങ് ബാങ്കുകളിലൊന്നിനെ സമീപിച്ച് അപേക്ഷിക്കാം.