പ്രവാസി സംഗമത്തിന്‌ ലണ്ടന്‍ ; സമ്മേളനം മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും

പ്രവാസി സംഗമത്തിന്‌ ലണ്ടന്‍  ; സമ്മേളനം മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും

 

ലണ്ടന്‍ ; മലയാളി പ്രവാസി സംഗമത്തിന് ലണ്ടന്‍ ഒരുങ്ങി. ലോകകേരളസഭ യുകെ - യൂറോപ്പ് മേഖലാസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

ഒക്ടോബര്‍ 9 ഞായറാഴ്ച വൈകീട്ട് നടക്കുന്ന മലയാളി പ്രവാസിസംഗമത്തില്‍ മന്ത്രിമാരായ പി രാജീവ്, വി ശിവന്‍കുട്ടി, വീണാ ജോര്‍ജ്, നോര്‍ക്ക വൈസ് ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണന്‍, നോര്‍ക്ക വൈസ് ചെയര്‍മാന്‍ എം എ യൂസഫലി തുടങ്ങിയവര്‍ പ്രവാസിസമൂഹവൂമായി സംവദിക്കും.

സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ നോര്‍ക്ക പ്രതിനിധികളുടെ മേല്‍നോട്ടത്തില്‍ പൂര്‍ത്തിയായി. യൂറോപ്പിലെ വിവിധ രാജ്യങ്ങളില്‍ നിന്ന് വിവിധ തൊഴില്‍മേഖലകളെ പ്രതിനിധീകരിച്ചു തെരെഞ്ഞെടുക്കപ്പെട്ട നൂറോളം പ്രതിനിധികള്‍ കേരളത്തിന്റെ വികസനത്തിനും പുരോഗതിയ്ക്കും പ്രവാസികള്‍ക്ക് ചെയ്യാനുള്ള സംഭാവനകളെക്കുറിച്ചു ചര്‍ച്ച ചെയ്യും.

യുകെയില്‍ നടക്കുന്ന ലോക കേരള സഭ റീജിയണല്‍ സമ്മേളനത്തിന്റെ പ്രാധാന്യം വളരെ വലുതാണ്. ബ്രക്സിറ്റിന് ശേഷം യുകെയിലേക്ക് ആയിരക്കണക്കിന് നഴ്സുമാരും സീനിയര്‍ കെയറര്‍മാരും മറ്റ് പ്രഫഷണലുകളും വിദ്യാര്‍ഥികളും കേരളത്തില്‍ നിന്നും എത്തിക്കൊണ്ടിരിക്കുകയാണ്.

വര്‍ഷങ്ങളായി ജീവിക്കുന്ന ഒ സി ഐ കാര്‍ഡ് ഹോള്‍ഡേഴ്സ് ആയിട്ടുള്ള മലയാളികളുടെയും പുതുതായി യുകെയിലേക്ക് കടന്നുവരുന്ന മലയാളികള്‍ക്കും കേരള സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ലഭ്യമാക്കേണ്ട പിന്തുണ സംബന്ധിച്ചുള്ള ചര്‍ച്ചകളും ലോക കേരള സഭ സമ്മേളനത്തില്‍ നടക്കും.

പ്രവാസി പൊതുസമ്മേളനത്തോടനുബന്ധിച്ച്‌ യുകെയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള എഴുപത്തഞ്ചോളം കലാകാരന്മാര്‍ പങ്കെടുക്കുന്ന ‘കേളീരവം’ എന്ന പേരില്‍ കലാപാരിപാടികളും അരങ്ങേറും. പ്രതിനിധി സമ്മേളനത്തിനും പൊതു സമ്മേളനത്തിനും എത്തുന്നവര്‍ക്ക് സൗജന്യ കാര്‍പാര്‍ക്കിങ് സൗകര്യം പൊതുസമ്മേളന വേദിക്കു സമീപം ഒരുക്കിയിട്ടുണ്ട് (Tudor Park, Felthom, London. TW13 7EF).

സമ്മേളനപരിപാടികള്‍ ഒരു ചരിത്രസംഭവമാക്കുവാന്‍ എല്ലാവരും ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കണമെന്ന് സംഘാടകസമിതി ക്കുവേണ്ടി ചീഫ് കോര്‍ഡിനേറ്റര്‍ എസ് ശ്രീകുമാര്‍, ജോയിന്റ് കോര്‍ഡിനേറ്റര്‍ സി എ ജോസഫ്, ഓര്‍ഗനൈസിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. ബിജു പെരിങ്ങത്തറ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.