കാട്ടുപഴങ്ങളുടെ ലഹരിയിൽ കൂട്ടം തെറ്റി ഒറ്റപ്പെട്ട യാത്ര, പൊട്ടിക്കരഞ്ഞ് മടക്കം :  ലീലാമ്മ തോമസ് ബോട്സ്വാന

കാട്ടുപഴങ്ങളുടെ ലഹരിയിൽ കൂട്ടം തെറ്റി ഒറ്റപ്പെട്ട യാത്ര, പൊട്ടിക്കരഞ്ഞ് മടക്കം :   ലീലാമ്മ തോമസ് ബോട്സ്വാന

 

 


ആഫ്രിക്കൻ രാജ്യങ്ങളിലൊന്നായ ബോട്സ്വാനയിലെ കൽഹാരി മരുഭൂമി ഒരു ടൂറിസ്റ്റ് കേന്ദ്രമാണ്. അവിടെയുള്ള മെറോമി ഒരു വന്യജീവി സംരക്ഷണ കേന്ദ്രം കൂടിയാണ്. ഞങ്ങൾ കുടുംബാംഗങ്ങൾ അവിടേക്കു നടത്തിയ ഒരു യാത്ര ഒരിക്കലും മറക്കാനാവാത്ത അനുഭവമാണെനിക്ക്  സമ്മാനിച്ചത്.

ഞാനും മകനും, അവന്റെ കുടുംബവുമടങ്ങുന്ന ആറംഗസംഘം ഞങ്ങളുടെ സ്വന്തം വണ്ടിയിലാണ് യാത്ര പുറപ്പെട്ടത്. പ്രദേശവാസിയായ ഞങ്ങളുടെ ഡ്രൈവർ വിശ്വസ്ഥനും സ്ഥലപരിചയമുള്ള ആളുമായിരുന്നതുകൊണ്ട് എനിക്ക് സംഭ്രമം ഒട്ടും തന്നെ ഉണ്ടായിരുന്നില്ല. സസ്യപ്രകൃതിയേക്കൊണ്ടനുഗൃഹീതമായ ആ വാസ ഭൂമിയിൽ നിന്നും അധികം ദൂരമില്ല ആ വന്യമൃഗസംരക്ഷണകേന്ദ്രത്തിലേക്ക്. റോഡിന്റെ ഇരുവശത്തും ധാരാളം മരങ്ങൾ വച്ചു പിടിപ്പിച്ചിട്ടുണ്ട്. ലഹരിയുള്ള പഴങ്ങൾ ധാരാളമായി വിളയുന്ന വൃക്ഷങ്ങളും അക്കൂട്ടത്തിലുണ്ട്. ആ പഴങ്ങൾ ഭക്ഷ്യയോഗ്യമാണെങ്കിലും അതു ഭക്ഷിക്കുന്ന മനുഷ്യരും മൃഗങ്ങളും പക്ഷികളുമെല്ലാം ലഹരിക്കടിപ്പെട്ടു പോകും. ഇക്കാര്യം അറിയാവുന്ന ഞാൻ എല്ലാവർക്കും മുന്നറിയിപ്പു നൽകിയിരുന്നു. 

വന്യമൃഗസംരക്ഷണ മേഖലയിൽ കനത്ത സുരക്ഷാ ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. പരിശീലനം സിദ്ധിച്ച ഗൈഡുകളുടെ സേവനം ലഭ്യമായതുകൊണ്ടും ടൂറിസ്റ്റുകൾ ധാരാളമായി ഉള്ളതുകൊണ്ടും ഭയപ്പെടാനായി ഒന്നുമില്ലെങ്കിലും സൂക്ഷ്മതക്കുറവുണ്ടായാൽ  അപകടം ഉറപ്പാണ്. ഞങ്ങൾക്കും അതു സംഭവിച്ചു.

 എന്റെ മുന്നറിയിപ്പു വക വയ്ക്കാതെ മകനും കൂട്ടരും ലഹരിയും മധുരവുമുള്ള കാട്ടുപഴങ്ങൾ പറിച്ചു തിന്നു. വെയിലിന്റെ കാഠിന്യം കൂടാൻ തുടങ്ങിയതോടെ അവരുടെ തലയ്ക്കു മത്തു പിടിച്ചു. ഞങ്ങൾ കൂട്ടം തെറ്റി ചിതറിപ്പോയി. നാനാഭാഗത്തേക്കും ദിശമാറിപ്പോകുന്ന അനേകം കൈവഴികൾ ഉള്ളതുകാരണം കൂട്ടം തെറ്റി പിരിഞ്ഞാൽ പിന്നെ ഒത്തുകൂടാൻ പ്രയാസമാണ്.

എന്റെ കൊച്ചുമക്കൾ ഇമ്പാലയെക്കണ്ട് അതിന്റെ പിറകേ പോയി.
ഡ്രൈവർ വണ്ടിയിൽതന്നെയിരുന്നു.
ഞാൻ ഒരു വൈൽഡ് ബീസ്റ്റ്എന്ന മൃഗത്തെ കണ്ടു അതിന്റെ പിറകേ പോയി.
ഒരു കിളി അതിന്റെ ശരീരത്തിൽ നിന്നും ചെറുപ്രാണികളെ കൊത്തി തിന്നുന്നു.
ഞാൻ ഇതു കണ്ടു ആസ്വദിച്ചു. ടിക്കറ്റെടുക്കാതെയുള്ള യാത്രയും സൗജന്യ ഭക്ഷണവും തരപ്പെടുത്തിയ  ആ  കിളിയുടെ യാത്ര കണ്ട് ഞാൻ പലതും ചിന്തിച്ചു പോയി. ചിന്തകൾ എന്നെ മറ്റൊരു ലോകത്തിൽ കൊണ്ടെത്തിച്ചു. അതു കാരണം ഞാൻ കൂട്ടം തെറ്റി ഒറ്റപ്പെട്ടു.
കുറച്ചു ദൂരം ചെന്നു കഴിഞ്ഞു തിരികെ വന്നപ്പോൾ ഞങ്ങളുടെ വണ്ടി കാണാനില്ല. ഞാൻ പേടിച്ചു വിറച്ചു പോയി.
എന്താണു സംഭവിച്ചതെന്നറിയാതെ ഞാൻ ഉച്ചത്തിൽ നിലവിളിച്ചു. എന്റെ നിലവിളി കേട്ട് വനപാലകർ ഓടി വന്നു.
കുറച്ചു മുമ്പ് ഒരു കുടുംബം സിംഹത്തെ കണ്ടു ഭയന്ന് വണ്ടിയിൽ കയറി വേഗം പാഞ്ഞുപോയി എന്ന വിവരം അവരിൽ നിന്ന് കേട്ടറിഞ്ഞപ്പോൾ എന്റെ ധൈര്യമെല്ലാം ചോർന്നു പോയി. യാന്ത്രീകമായി ഞാൻ മറ്റു ടൂറിസ്റ്റുകളോടൊപ്പം കൂടി.

എന്റെ കുഞ്ഞുങ്ങൾക്കെന്തു സംഭവിച്ചു? ആരോടാണു ചോദിക്കുക? നിസ്സഹായതയും നിരാശയും എന്നെ തളർത്തിക്കളഞ്ഞു. ആന്തരീകമായ പ്രേരണയാലെന്നവണ്ണം ഞാൻ മുന്നോട്ടു നടന്നു. വെയിലിന്റെ കാഠിന്യം വർദ്ധിച്ചു കൊണ്ടിരിന്നു. എനിക്ക് വല്ലാത്ത ക്ഷീണം അനുഭവപ്പെട്ടു. അങ്ങനെ നടന്നു നടന്നു ഞാൻ ഒരു തണൽമരത്തിന്റെ ചുവട്ടിൽ എത്തിച്ചേർന്നു. നമ്മുടെ നാട്ടിലെ 
  ചക്ക പോലുള്ള ഒരുതരം ഫലം കായ്ക്കുന്ന  സോസാജ് ട്രീ എന്ന പേരുള്ള ആ മരത്തിന്റെ തണലിലിരുന്ന് ഞാൻ ഉറങ്ങിപ്പോയി.

 

കുറെ നേരം കഴിഞ്ഞപ്പോൾ ആരോ എന്നെ തട്ടിയുണർത്തി. ഞാൻ കണ്ണു തുറന്നു നോക്കിയപ്പോൾ കണ്ട കാഴ്ച എന്നെ നടുക്കി ക്കളഞ്ഞു.

 

പക്ഷിത്തൂവൽകൊണ്ടലങ്കരിച്ച തൊപ്പിയും മുതലത്തോലിൽ തീർത്ത ചെരുപ്പും ധരിച്ച ഒരു പുരുഷനും സ്ത്രീയും എന്റെ മുന്നിൽ നിൽക്കുന്നു. അവർ എന്റെ മുഖത്ത് വെള്ളം തളിക്കുകയും എനിക്ക് കുടിക്കാൻ തരികയും ചെയ്തു. പിന്നീടവർ സ്നേഹപൂർവ്വം എന്നെ അവരുടെ വണ്ടിയിൽ കയറ്റാൻ ശ്രമിച്ചു. എനിക്കാകെ പരിഭ്രമമായി. ഭാഗ്യമെന്നു പറയട്ടെ, വനപാലകരുടെ ഒരു വാഹനം അതുവഴി കടന്നു വന്നു. 

കൂട്ടം തെറ്റി പിരിഞ്ഞ ടൂറിസ്റ്റ് സംഘത്തിൽപ്പെട്ട ഒരു ഇൻഡ്യൻ സ്ത്രീയെ അന്വേഷിച്ച് അവരുടെ ബന്ധുക്കൾ റിസപ്ഷൻ കൗണ്ടറിൽ കാത്തു നിൽക്കുന്നു എന്ന അനൗൺസ്മെന്റ് മുഴക്കിക്കൊണ്ടായിരുന്നു ആ വാഹനം മുന്നോട്ടു നീങ്ങിക്കൊണ്ടിരുന്നത്. ഞാൻ സർവ്വ ശക്തിയും സംഭരിച്ച് ആ വാഹനത്തിന്റെ സമീപത്തേക്കോടി. അതിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ എന്നെ എന്റെ മക്കളുടെ അടുത്തെത്തിച്ചു. എന്നെ കണ്ടപ്പോൾ മക്കൾ പൊട്ടിക്കരഞ്ഞു. കൂട്ടത്തിൽ കരയാനേ എനിക്കും അപ്പോൾ സാധിച്ചുള്ളൂ.

ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത ഒരു അനുഭവമായി ആ യാത്ര ഇന്നും ഓർമ്മയിൽ തങ്ങി നിൽക്കുന്നു.

വാൽക്കഷണം


1. സാൻ ഗോത്രത്തിൽപ്പെട്ട സ്ത്രീയും പുരുഷനുമായിരുന്നു എനിക്ക് വെള്ളം തരികയും കൂട്ടിക്കൊണ്ടു പോകാൻ ശ്രമിക്കുകയും ചെയ്തതെന്ന് വനപാലകോദ്യോഗസ്ഥർ പറഞ്ഞ് എനിക്കറിയാൻ കഴിഞ്ഞു. ഉപദ്രവിക്കാനല്ല പ്രാർത്ഥനാദേവിയായി കുടിയിരുത്താനാണത്രെ അവർ എന്നെ കൊണ്ടു പോകാൻ ശ്രമിച്ചത്.

വടക്കൻ ബോട്സ്വാനയിൽ ധാരാളമായി വളരുന്ന സോസാജ് ട്രീ ഒരു ദിവ്യ വൃക്ഷമാണ്. അതിന്റെ ചുവട്ടിൽ വനദേവതമാർ പ്രത്യക്ഷപ്പെടാറുണ്ടെന്നും  അവരെ പൂജിച്ചു കുടിയിരുത്തിയാൽ സർവ്വവിധ ഐശ്വര്യങ്ങളും ഉണ്ടാകുമെന്നും ആഫ്രിക്കക്കാരായ ആദിവാസികൾ വിശ്വസിച്ചു പോരുന്നു. എന്നെ അവിടെ പ്രത്യക്ഷപ്പെട്ട വനദേവതയായി അവർ തെറ്റിദ്ധരിച്ചതാകാം.

2. സോസേജ് മരത്തിന്റെ പഴങ്ങൾക്ക് വിപണിയിൽ നല്ല ഡിമാന്റാണ്. ഇതിന്റെ പഴവും വിത്തുകളിൽ നിന്നും ഉല്പാദിപ്പിക്കുന്ന തൈലവും ക്യാൻസർ രോഗചികിൽസയ്ക്കായി ഉപയോഗിച്ചു വരുന്നു.

3. ഈ ഫലം വീടിനു മുന്നിൽ കെട്ടിത്തൂക്കിയാൽ ചുഴലിക്കാറ്റ് ഒഴിഞ്ഞു പോകുമെന്ന വിശ്വാസം ഈ നാട്ടുകാർക്കിടയിൽ ഉള്ളതിനാൽ മിക്ക വീടുകളുടെയും മുന്നിൽ ഈ പഴം തൂങ്ങിക്കിടക്കുന്നതു കാണാം. എന്റെ വീടിനു മുന്നിൽ ഞാനും ഒരു സോസേജ് ഫ്രൂട്ട് തൂക്കിയിട്ടുണ്ട്.