തലക്ക് ഇടിയേറ്റ് ചികിൽസയിലായിരുന്ന ഐറിഷ് ബോക്‌സർ ജോൺ കൂണി മരിച്ചു

Feb 9, 2025 - 13:46
 0  15
തലക്ക് ഇടിയേറ്റ് ചികിൽസയിലായിരുന്ന ഐറിഷ് ബോക്‌സർ ജോൺ കൂണി മരിച്ചു

ഡബ്ലിൻ: ബെൽഫാസ്റ്റിൽ നടന്ന പോരാട്ടത്തിൽ പരിക്കേറ്റ ഐറിഷ് ബോക്സർ ജോൺ കൂണി(28) മരിച്ചു. ഒരാഴ്ച്ചയായി തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലായിരുന്നു. കഴിഞ്ഞ ശനിയാഴ്ച അൾസ്റ്റർ ഹാളിൽ വെൽഷ്മാൻ നഥാൻ ഹോവെൽസുമായി നടന്ന പോരാട്ടത്തിലാണ് ജോൺ കൂണിക്ക് പരിക്കേറ്റത്. തലക്ക് ഇടിയേറ്റതിനെ തുടർന്ന് ഒമ്പതാം റൗണ്ടിൽ മത്സരം നിർത്തിയിരുന്നു. ആന്തരിക രക്തസ്രാവമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് കൂണിയെ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. സെൽറ്റിക് സൂപ്പർ ഫെതർവെയ്റ്റ് കിരീടത്തിനായുള്ള പോരാട്ടത്തിനിടെയായിരുന്നു അപകടം.

അതേസമയം, ജോണിന്റെ ജീവൻ രക്ഷിക്കാൻ അക്ഷീണം പ്രയത്നിച്ച ബെൽഫാസ്റ്റിലെ റോയൽ വിക്ടോറിയ ആശുപത്രി ജീവനക്കാർക്കും പിന്തുണയുടെയും പ്രാർത്ഥനയുടെയും സന്ദേശങ്ങൾ അയച്ച എല്ലാവർക്കും അദ്ദേഹത്തിന്റെ മാതാപിതാക്കളും പ്രതിശ്രുത വധുവും നന്ദി അറിയിച്ചു. 2023 നവംബറിൽ ഡബ്ലിനിൽ ലിയാം ഗെയ്‌നറിനെതിരെ നേടിയ വിജയത്തോടെ കൂണി കിരീടം നേടിയെങ്കിലും കൈക്ക് പരിക്കേറ്റ് ഒരു വർഷം റിങ്ങിൽ നിന്ന് പുറത്തായി. ഒക്ടോബറിൽ തമ്പേല മഹറുസിക്കെതിരായ വിജയത്തോടെ തിരിച്ചുവരുന്നതിനിടയിലാണ് ദുരന്തം ഉണ്ടായത്.