നവവധു ഇന്ദുജയുടെ ആത്മഹത്യ; ഭർത്താവിനെയും സുഹൃത്തുക്കളെയും കേന്ദ്രീകരിച്ച് അന്വേഷണം

Dec 8, 2024 - 12:11
Dec 8, 2024 - 12:33
 0  11
നവവധു  ഇന്ദുജയുടെ ആത്മഹത്യ; ഭർത്താവിനെയും സുഹൃത്തുക്കളെയും കേന്ദ്രീകരിച്ച് അന്വേഷണം

തിരുവനന്തപുരം പാലോട് നവവധു ഇന്ദുജയുടെ ആത്മഹത്യയിൽ ഭർത്താവ് അഭിജിത്തിനെയും സുഹൃത്തുക്കളെയും കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നു. ഇന്നലെ കസ്റ്റഡിയിലെടുത്ത അഭിജിത്തും സുഹൃത്ത് അജാസും പോലീസ് കസ്റ്റഡിയിൽ തുടരുകയാണ്.

മരണത്തിന് മൂന്ന് ദിവസം മുൻപ് അജാസ് ഇന്ദുജയെ വാഹനത്തിൽവെച്ച് മർദിച്ചെന്നാണ് മൊഴി. അതേസമയം, യുവതിയുടെ മരണം ആത്മഹത്യ തന്നെയാണെന്ന് പൊലീസ് പറയുന്നത്.

  മരിച്ച ഇന്ദുജയുമായി അജാസിന് അടുത്ത ബന്ധമുണ്ടായിരുന്നതായി പോലീസ് പറയുന്നു. ഇന്ന് കൂടുതൽ സുഹൃത്തുക്കളെ ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു.

ഡിജിറ്റൽ തെളിവുകൾ പൊലീസ് പരിശോധിച്ചുവരികയാണ്. ഡിസംബർ 6നാണ് നവവധുവിനെ ഭർത്താവിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. നാലു മാസങ്ങൾക്കു മുമ്പാണ് ഇരുവരുടെയും വിവാഹം നടന്നത്. ഇതിനുശേഷം ഇരുവരും അഭിജിത്തിന്റെ കുടുംബത്തോടൊപ്പം ഇളവട്ടത്തെ വീട്ടിൽ താമസിച്ചു വരികയായിരുന്നു. ഇന്ദുജ വഞ്ചിയൂർ സ്വകാര്യ ലാബിൽ ലാബ് ടെക്നീഷ്യനാണ്.

ഇന്ദുജയുടെ മൃതദേഹത്തിൽ പരിക്കുകൾ ഉണ്ടായിരുന്നു. പരിക്കുകൾ അടുത്ത കാലത്ത് ഉണ്ടായതാണെന്നാണ് പോലീസ് നിഗമനം. മരിച്ച ഇന്ദുജയുടെ കണ്ണിന് താഴെയും തോളിലുമായിരുന്നു മർദനത്തിന്റെ പാടുകളുണ്ടായിരുന്നത്. ഇന്ദുജയുടെ സുഹൃദ് ബന്ധങ്ങളെ ചൊല്ലി അഭിജിത് സ്ഥിരം വഴക്കുണ്ടാക്കുമായിരുന്നു. അഭിജിത്തും അജാസും തമ്മിലും ഇതേച്ചൊല്ലി വഴക്കുണ്ടായതായും അന്വേഷണത്തിൽ കണ്ടെത്തി. കസ്റ്റഡിയിൽ എടുത്തപ്പോൾ അജാസും അഭിജിത്തും വാട്സ് ആപ് ചാറ്റുകളെല്ലാം ഡിലീറ്റ് ചെയ്തശേഷമാണ് എത്തിയത്. ഇതും സംശയം വർധിപ്പിക്കുന്നതാണ്.