ഇന്ത്യയുടെ തലയില്‍ കയറിയിറങ്ങുന്ന സ്വാതന്ത്ര്യം: കാരൂര്‍ സോമന്‍, ലണ്ടന്‍

ഇന്ത്യയുടെ തലയില്‍ കയറിയിറങ്ങുന്ന സ്വാതന്ത്ര്യം:  കാരൂര്‍ സോമന്‍, ലണ്ടന്‍

 

ഭാരതം സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാര്‍ഷിക പരിപാടികള്‍
കലുഷിതങ്ങളായ പല പ്രശ്‌നങ്ങളുണ്ടായിട്ടും മനുഷ്യരിലെ സകല മാലിന്യങ്ങളും
കഴുകിക്കളയുന്ന പ്രകാശം പൊഴിക്കുന്ന ഒരാഘോഷമായിട്ടാണ്‌ നാട്ടിലെങ്ങും
കൊണ്ടാടിയത്‌. അതിനിടയില്‍ ബുദ്ധിഭ്രമം സംഭവിച്ച ചിലര്‍ ജന്മസിദ്ധമായ അവരുടെ ഔഷധഫലങ്ങള്‍ പുറത്തെടുത്തു. താമരപ്പൂവ്‌ വികസിക്കുന്നതു പോലെ അവരുടെ വാക്കുകള്‍ ഇതളുകളായി മാധ്യമങ്ങളില്‍ വിടര്‍ന്നു വന്നു.

ഇന്ത്യയുടെ ഇന്നത്തെ വ്യവസ്ഥിതിയെടുത്താല്‍ വിളവ്‌ തന്നെ വേലി തകര്‍ക്കുന്നത്‌ കാണാം. അധികാരം കിട്ടിക്കഴിഞ്ഞാല്‍ അകത്തൊന്ന്‌ മുഖത്തൊന്ന്‌ എന്ന ഭാവമാണ്‌. അകലെ നിന്ന്‌ കേള്‍ക്കുമ്പോള്‍ മാന്യന്മാരെ അടുത്തറിയുമ്പോള്‍ വര്‍ഗ്ഗീയത തെളിഞ്ഞുനില്‍പ്പുണ്ട്‌. ഇന്ത്യയുടെ അടിത്തറ മാന്തുന്ന ഇവര്‍ അടിതൊട്ട്‌ മുടിയോളം അല്ലെങ്കില്‍ മുടിതൊട്ട്‌ അടിയോളം രാജ്യം മുടിഞ്ഞാലും ജാതി മുന്നേറണം എന്നചിന്തയുള്ളവരാണ്‌. ഏതോ സങ്കല്‌പിക ലോകത്തു്‌ ജീവിക്കുന്ന ദൈവങ്ങളുടെ പേരില്‍ സമൂഹത്തില്‍ ഭിന്നതകള്‍ വളര്‍ത്തി ദയ, സ്‌നേഹം, കാരുണ്യംഎന്തെന്നറിയാത്തവര്‍ക്കെതിരെ രാജ്യം ഒറ്റക്കെട്ടായി നില കൊള്ളണം. നാവില്‍ മാത്രമല്ല സോഷ്യല്‍ മീഡിയയിലും തിന്മകളാണ്‌ കാണുന്നത്‌. ഈ സങ്കുചിത താല്‍പര്യക്കാര്‍ നിശ്ശബ്ദതയുടെ താഴ്‌വാരങ്ങളിലങ്ങനെ മേഞ്ഞു നടക്കുന്നു. രാജ്യസ്‌നേഹികളെ എങ്ങനെയാണ്‌ കണ്ടെത്തുക?


ഇന്ത്യയുടെ ആത്മാവായി ജീവിക്കുന്ന ഗാന്ധിജിയുടെ പ്രാര്‍ത്ഥനാ
യോഗങ്ങളില്‍ ഹിന്ദു, മുസ്ലീം മറ്റ്‌ ഇതരവിഭാങ്ങളിലുള്ളവരും പങ്കെടുത്തു. 1947-ല്‍
ഇന്ത്യയുടെ സ്വാതന്ത്ര്യം വരവേറ്റവരൊക്കെ ആഹ്ലാദം പങ്കിട്ടു. ഈശ്വര
വിശ്വാസിയല്ലാത്ത ജവഹര്‍ലാല്‍ നെഹ്‌റു പ്രഥമ പൗരനായ ഇന്ത്യയുടെ രാഷ്ട്രപതി
രാജേന്ദ്ര പ്രസാദിന്റെ വീട്ടില്‍ നടന്ന പൂജാ പ്രാര്‍ത്ഥനകളില്‍ പങ്കെടുത്തില്ല.
ആരുടേയൂം വര്‍ഗ്ഗ താല്‌പര്യം സംരക്ഷിക്കാനോ സങ്കുചിത ആശയങ്ങള്‍
നടപ്പാക്കാനോ അദ്ദേഹം ശ്രമിച്ചില്ല. ജാതിമതത്തിന്റെ മറവില്‍ അധികാര
ശക്തിയുറപ്പിക്കാനോ നെഹ്‌റു ശ്രമിച്ചില്ല. 1947-ല്‍ നെഹ്‌റു പറഞ്ഞതും ഇന്നത്തെ
ഇന്ത്യയും പ്രതിനിധാനം ചെയ്യുന്നത്‌ മനുഷ്യ മനസ്സിന്റെ മടിത്തട്ടിലുറങ്ങുന്ന
മത വിചാരവികാരങ്ങളല്ലേ? വിശ്വാസിയല്ലാത്ത ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി
ഇന്ത്യക്കാരനോട്‌ പറഞ്ഞത്‌ 'ഇന്ത്യയെ സേവിക്കയെന്നാല്‍ പാവങ്ങളെ
സേവിക്കയെന്നാണ്‌'. അതിനപ്പുറം ജാതി മത രാഷ്ട്രീയം നോക്കി മനുഷ്യരെ
വേട്ടയാടുന്ന ഇരുണ്ട നാളുകളിലേക്ക്‌ പോകുന്ന ദരിദ്ര പട്ടികയില്‍ ലോകത്ത്‌ 
നൂറ്റിയൊന്നാം സ്ഥാനമുള്ള രാജ്യമാക്കി മാറ്റിയത്‌ ആരാണ്‌? രാജ്യത്തെ
അപകടകാരികള്‍ ആരൊക്കെയാണ്‌?


ഇന്ത്യയിലുള്ള ദാരിദ്ര്യത്തിന്റെ സമ്മര്‍ദം കൊണ്ടല്ല ജലീല്‍ ചരിത്രവിരുദ്ധമായ പ്രസ്‌താവനകള്‍ നടത്തിയത്‌. ഒരു ചരിത്രാധ്യാപകന്‍ കൂടിയായ
വ്യക്തി ചരിത്രത്തെ വക്രീകരിച്ചു്‌ ദുര്‍വ്യാഖ്യാനം നടത്തി ആസാദ്‌ കാശ്‌മീര്‍ എന്ന്‌
പറഞ്ഞത്‌ ഇന്ത്യയെ ഒറ്റികൊടുക്കുന്നതിന്‌ തുല്യമാണ്‌. കാശ്‌മീര്‍ ഒന്നേയുള്ളു അത്‌
ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്‌.

മലയാളിയായ വി.കെ.കൃഷ്‌ണമേനോന്‍ 1957-ല്‍ യൂഎന്‍ സെക്യൂരിറ്റി കൗണ്‍സിലില്‍ പറഞ്ഞതും കാശ്‌മീര്‍ ഇന്ത്യയുടെ ആഭ്യന്തര
പ്രശ്‌നമാണ്‌. സര്‍ദാര്‍ പട്ടേല്‍, വി.കെ കൃഷ്‌ണമേനോന്‍ അടക്കമുള്ളവര്‍ ഇന്ത്യയെ ഒരു കുടക്കീഴില്‍ കൊണ്ടുവന്നത്‌ എന്റെ സര്‍ദാര്‍ പട്ടേല്‍ ജീവചരിത്രത്തില്‍
രേഖപ്പെടുത്തിയിട്ടുണ്ട്‌.

നമ്മള്‍ എഴുപത്തഞ്ചാം സ്വാതന്ത്ര്യം ആഘോഷിക്കുമ്പോള്‍ വികട രാഷ്ട്രീയ വാദം നടത്തി പാകിസ്‌താന്‌ വിളവെടുപ്പ്‌ നടത്താന്‍ ശ്രമിച്ചത്‌ വിദേശ ഇന്ത്യക്കാര്‍ക്കു പോലും അപമാനമാണ്‌ വരുത്തിയത്‌.


ഞങ്ങള്‍ പ്രവാസികളെങ്കിലും ഇന്ത്യയെ നെഞ്ചോട്‌ ചേര്‍ത്തു്‌ ജീവിക്കുന്നവരാണ്‌.
ജലീല്‍ മുന്നോട്ട്‌ വെച്ച ആശയ അര്‍ത്ഥാന്തരങ്ങള്‍ വളരെ വലുതാണ്‌. അവിടെ
ഇടതുപക്ഷമോ വലതുപക്ഷമോ അല്ല പ്രധാനം. സമൂഹത്തില്‍ വളരുന്ന വിധ്വംസ
ശക്തികളെ ഈ ജനപ്രതിനിധിക്ക്‌ എങ്ങനെ നേരിടാനാകും?


1875-ല്‍ കേണല്‍ ഓള്‍ക്കൊട്ടും മാഡം ബ്ലാവല്‍സ്‌കിയും കൂടി ഹിന്ദുമതത്തെ
പരിഷ്‌ക്കരിക്കാന്‍ ഒരു തിയോസഫിക്കല്‍ സൊസൈറ്റി അമേരിക്കയില്‍ സ്ഥാപിച്ചു.
പിന്നീടത്‌ മദ്രാസിലേക്ക്‌ മാറ്റി. 1889-ല്‍ ആനി ബസന്റ്‌ ഈ സംഘത്തില്‍ ചേര്‍ന്ന്‌
കൂടുതല്‍ ശക്തി പകര്‍ന്നു. അവിടെ സംഭവിച്ചത്‌ ആത്മീയതയും ഭൗതികതയും തമ്മിലുള്ള പോരാട്ടമായിരിന്നു. അതിലൂടെ പിറവിയെടുത്തത്‌ നമ്മള്‍ കണ്ട ലോക പ്രശസ്‌തമായ ബനാറസ്സ്‌ ഹിന്ദു സര്‍വ്വകലാശാലയാണ്‌.അതാണ്‌ മനുഷ്യന്‍ അല്ലെങ്കില്‍ മതമൈത്രി.

ആനിബസന്റ്‌ മാത്രമല്ല പാശ്ചാത്യ മിഷനറിമാരെയെടുത്താല്‍ അവരാരും
ജാതി മതത്തിന്‌ അടിമകളല്ല. അവരുടെ മിഴികളില്‍ നിന്ന്‌ പ്രസരിക്കുന്ന പ്രകാശ
കിരണങ്ങള്‍ ജീവിതത്തെ എങ്ങനെ വര്‍ണ്ണശബളമാക്കാം എന്നതാണ്‌. ഏത്‌ മത
വിശ്വാസിയായാലും ആത്മീയതയുടെ പാദങ്ങളില്‍ സമര്‍പ്പിച്ചു കഴിഞ്ഞാല്‍
സമൂഹത്തില്‍ വെറുപ്പും അറപ്പുമുണ്ടാക്കുന്ന പ്രസംഗമോ സോഷ്യല്‍ മീഡിയ
പ്രതിഫലനങ്ങളോ കാണേണ്ടി വരില്ല. ഓരോരുത്തരുടെ നിലനില്‍പ്പിന്‌ വേണ്ടി നട
ത്തുന്ന പ്രസ്‌താവനകള്‍ക്ക്‌ പിന്നില്‍ ധാരാളം നിഗൂഡതകള്‍ ഒളിഞ്ഞുകിടക്കുന്നു.
ഇവരുടെ രക്ഷാകേന്ദ്രങ്ങള്‍ ഭരണകൂടങ്ങളാണ്‌.

എഴുപത്തഞ്ചാം സ്വാതന്ത്ര്യആഘാഷങ്ങള്‍ നടത്തുന്നവര്‍ ചിന്തിക്കേണ്ടത്‌ ഇപ്പോഴും നമ്മുടെ നാടുകളില്‍ ജാതീയമായ ജീര്‍ണ്ണതകളില്ലേ? ഇംഗ്ലണ്ടില്‍ പഠിച്ച നെഹ്‌റു ജാതി മതത്തിന്റെ വക്താവല്ലയിരുന്നു.

ഫാസിസത്തിനെതിരെ പോരാടിയ സോഷ്യലിസ്റ്റ്‌ വീക്ഷണമായിരിന്നു. മതേതര വിശ്വാസികള്‍, സോഷ്യലിസ്റ്റുകള്‍ മതവികാരമുണര്‍ത്തി വോട്ടുതേടുന്നവരല്ല. അല്ലാതെയുള്ളവരാണ്‌ മതവികാരമുണര്‍ത്തി തെരെഞ്ഞടുപ്പുകളില്‍ ജയിച്ചു വരുന്നത്‌. അവരാണ്‌ സമൂഹത്തെ ഭിന്നിപ്പിക്കുന്നത്‌. പാവങ്ങളെ മരണത്തിന്റെ മടിത്തട്ടിലേക്കവര്‍ പറഞ്ഞുവിടുന്നു. ഇന്ത്യ ഇന്നനുഭവിക്കുന്നത്‌ വര്‍ഗ്ഗീയത, ദാരിദ്ര്യം, പട്ടിണി, തൊഴിലില്ലായ്‌മ, ഭയം, ഭീതി, ഉത്‌ക്കണ്‌ഠ തുടങ്ങി ധാരാളം നീറുന്ന വിഷയങ്ങളാണ്‌.


ഇതിനൊക്കെ പരിഹാരം കാണാതെ എന്ത്‌ സ്വാതന്ത്ര്യം? സത്യത്തില്‍ ജലീല്‍
മാത്രമാണോ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളിലെ പങ്കാളി? രാജ്യത്തു്‌
എന്തുകൊണ്ടാണ്‌ വര്‍ഗ്ഗീയത വളരുന്നത്‌? ഏത്‌ രംഗമെടുത്താലും മനുഷ്യാവകാശ
ലംഘനങ്ങള്‍, നീതിനിഷേധങ്ങള്‍ നടക്കുന്നില്ലേ.? തലയില്‍ കയറി നിരങ്ങുന്ന
ഇന്ത്യയിലെ ജനാധിപത്യ സ്വാതന്ത്ര്യം ഈ എഴുപത്തഞ്ചാം
സ്വാതന്ത്ര്യദിനത്തില്‍ അവസാനിപ്പിക്കുമോ.?

 

കാരൂര്‍ സോമന്‍, ലണ്ടന്‍